22 April Monday

കിരീടം നിലനിർത്താൻ ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Saturday Sep 15, 2018

സെമിയിൽ പാകിസ്ഥാനെതിരെ ഇരട്ടഗോൾ നേടിയ മൻവീർ സിങ്


ധാക്ക
എട്ടാം കിരീടം ലക്ഷ്യമിടുന്ന ഇന്ത്യ സാഫ് കപ്പിന്റെ കലാശപ്പോരിൽ ശനിയാഴ്ച മാലദ്വീപിനെ നേരിടും. ഒറ്റക്കളിയും തോൽക്കാതെ ഫൈനലിൽ കടന്ന നിലവിലെ ചാമ്പ്യന്മാർ അനായാസം ജയം നേടുമെന്നാണ് പ്രവചനങ്ങൾ. ഗ്രൂപ്പ് ഘട്ടത്തിൽ എതിരില്ലാത്ത രണ്ടുഗോളിന് മാലദ്വീപിനെ കീഴടക്കിയത് ഇന്ത്യക്കാർക്ക് ആത്മവിശ്വാസം നൽകും. ബംഗബന്ധു സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകീട്ട് ആറരയ്ക്കാണ് മത്സരം.

സാഫ് കപ്പിന്റെ ചരിത്രത്തിൽ ഒറ്റത്തവണ മാത്രം ഫൈനൽ നഷ്ടമായ ഇന്ത്യ ഇത്തവണ കിരീടം നേടിയാൽ തുടർച്ചയായ മൂന്നാം കിരീടവുമാകും. 12 തവണ ടൂർണമെന്റ് നടന്നപ്പോൾ 2003 ൽ മാത്രമാണ് ഇന്ത്യ ഫൈനൽ കളിക്കാതിരുന്നത്. ഏഴുതവണ ജേതാക്കളും മൂന്നുതവണ രണ്ടാംസ്ഥാനക്കാരുമായി.

സുനിൽ ഛേത്രി, ജെജെ ലാൽപെഖുല, ഗുർപ്രീത് സിങ്ങ് സന്ധു, സന്ദേശ് ജിങ്കൻ തുടങ്ങിയ പ്രമുഖരെയെല്ലാം മാറ്റിനിർത്തിയാണ് ഇന്ത്യ ടൂർണമെന്റിന് എത്തിയത്. അണ്ടർ 23 താരങ്ങളാണ് ബഹുഭൂരിപക്ഷവും. യുവതാരങ്ങൾക്ക് അവസരവും അവരിൽ മികവ് കാട്ടുന്നവർക്ക് സീനിയർ ടീം സാധ്യതയും മുന്നിൽ കണ്ടാണിത്. ഏഷ്യൻ കപ്പിനുള്ള ടീമിൽ ഇടംതേടുന്ന യുവതാരങ്ങൾ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്.

സാഫ് കപ്പിൽ മാലദ്വീപിനെതിരെ 19 തവണ ഏറ്റുമുട്ടിയതിൽ 14 തവണയും ഇന്ത്യക്കായിരുന്നു ജയം. മൂന്നുതവണ മാലദ്വീപും. രണ്ടുകളി സമനില. 2008 ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് മാലദ്വീപ് ജേതാക്കളായി. 2009 ഫൈനലിൽ ഷൂട്ടൗട്ടിലാണ് ഇന്ത്യ ദ്വീപുകാരെ കീഴടക്കിയത്.

ഗോളടിവീരൻ മൻവീർ സിങ്ങാണ് ഇന്ത്യയുടെ തുരുപ്പ്ചീട്ട്. സെമിയിൽ പാകിസ്ഥാനെതിരെ മൻവീർ ഇരട്ട ഗോൾ നേടി. മലയാളി താരം ആഷിഖ് കരുണിയൻ മിന്നുംപ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇടതുവിങ്ങിലൂടെ ഇന്ത്യയുടെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഈ മലപ്പുറം സ്വദേശിയാണ്. സെമിയിൽ ആഷിഖിന്റെ പാസ്സിൽനിന്നായിരുന്നു രണ്ടു ഗോൾ.

സലാം രഞ്ജൻ സിങ്ങും സാർഥക് ഗോലുയിയും കാക്കുന്ന പ്രതിരോധം ഭദ്രമാണ്. മധ്യനിരയിൽ വിനീത് റായിയും അനിരുദ്ധ് ഥാപ്പയും ഭേദപ്പെട്ടു കളിക്കുന്നു. മുന്നേറ്റത്തിൽ ഫാറൂഖ് ചൗധരി മങ്ങിയെങ്കിലും പകരക്കാരൻ സുമിത് പാസ്സി ഗോളടിക്കുന്നുണ്ട്. പാകിസ്ഥാനെതിരെ ചുവപ്പുകാർഡ് കണ്ട മധ്യനിരതാരം ലാലിയൻസുവാല ഛംഗ്തെയുടെ അഭാവം പ്രതിഫലിക്കും.

ഇബ്രാഹിം വഹീദ് ഹസ്സനാണ് മാലദ്വീപിന്റെ മുന്നേറ്റത്തിൽ പ്രധാനി. അലി ഫസീറും മിടുക്കനാണ്. സെമിയിൽ നേപ്പാളിനെ എതിരില്ലാത്ത മൂന്നുഗോളിനു തോൽപ്പിച്ചവർ മോശക്കാരല്ല.

എതിരാളിയെ ബഹുമാനിക്കുന്നുവെങ്കിലും ആരെയും ഭയമില്ലെന്നായിരുന്നു വെള്ളിയാഴ്ച മാധ്യമങ്ങളെ കണ്ട ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ പറഞ്ഞത്. സെമിഫൈനലിൽ മികച്ചപ്രകടനം കാഴ്ചവച്ചു. കളിക്കാരെല്ലാം പുർണ ആരോഗ്യവാന്മാരാണെന്നും അദ്ദേഹം സൂചിപ്പിച്ചു.


പ്രധാന വാർത്തകൾ
 Top