26 September Saturday
പിഎസ്‌ജി–-ആർ ബി ലെയ്‌പ്‌സിഗ്‌ സെമി

ചാമ്പ്യൻസ്‌ ലീഗിൽ ലെയ്‌പ്‌സിഗ്‌ നിറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Aug 15, 2020

ചാമ്പ്യൻസ്‌ ലീഗ്‌ സെമിയിൽ പ്രവേശിച്ച ലെയ്‌പ്‌സിഗ്‌ താരങ്ങളുടെ ആഹ്ലാദം


ലിസ്‌ബൺ
പിറവികൊണ്ട്‌ 11 വർഷം. പരിശീലകൻ യൂലിയൻ നഗ്ലെസ്‌മാന്റെ പ്രായം 33. അനുഭവസമ്പത്തിന്റെയോ പാരമ്പര്യത്തിന്റെയോ ബാധ്യതകൾ ഒട്ടുമില്ലാത്ത ഒരുകൂട്ടം ചെറുപ്പക്കാർ ലിസ്‌ബണിൽ ചരിത്രം കുറിച്ചു. അവരുടെ വീര്യത്തിനുമുന്നിൽ ദ്യേഗോ സിമിയോണിയുടെ അത്‌ലറ്റികോ മാഡ്രിഡ്‌ നിലംപതിച്ചു. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ആർ ബി ലെയ്‌പ്‌സിഗ്‌ സെമിയിൽ. 2–-1നായിരുന്നു ജയം. ഡാനി ഒൾമോയും ടെയ്‌ലർ ആദംസും ജർമൻ ക്ലബ്ബിനായി ലക്ഷ്യംകണ്ടു.
സെമിയിൽ ചൊവ്വാഴ്‌ച പിഎസ്‌ജിയുമായി ഏറ്റുമുട്ടും.

ഉറച്ച പ്രതിരോധത്തിന്‌ പേരുകേട്ട അത്‌ലറ്റികോയ്‌ക്ക്‌ അതേ മറുമരുന്നായിരുന്നു ലെയ്‌പ്‌സിഗും ഒരുക്കിയത്‌. പിൻനിരയിൽ കോട്ട കെട്ടി. പന്തുകൾ അതിവേഗം കൈമാറി.  പ്രത്യാക്രമണങ്ങൾ നടത്തി ലെയ്‌പ്‌സിഗ്‌ അത്‌ലറ്റികോയെ അമ്പരപ്പിച്ചു. ആദ്യപകുതി ഇരുടീമുകളും ബലം പരീക്ഷിച്ചു. എന്നാൽ, ഇടവേള കഴിഞ്ഞ്‌ ലെയ്‌പ്‌സിഗ്‌ മേധാവിത്വം നേടി. ഒൾമോ അവരെ മുന്നിലെത്തിച്ചു. കളി മുറുകി. പകരക്കാരൻ ജോയോ ഫെലിക്‌സ്‌ പെനൽറ്റിയിലൂടെ അത്‌ലറ്റികോയ്‌ക്ക്‌ ആശ്വാസം നൽകി. എന്നാൽ, കളി തീരാൻ രണ്ട്‌ മിനിറ്റ്‌ അവശേഷിക്കേ ആദംസ്‌ തൊടുത്ത പന്ത്‌ അത്‌ലറ്റികോ പ്രതിരോധക്കാരനിൽ തട്ടി വലകയറി.

യുവനിരയാണ്‌ ലെയ്‌പ്‌സിഗിന്റെ കുതിപ്പിന്‌ പിറകിൽ. പ്രതിരോധത്തിൽ ഇരുപത്തിയൊന്നുകാരൻ  ദയോത്‌ പമേകാനോയുടെ അതിശയിപ്പിക്കുന്ന പ്രകടനം അത്‌ലറ്റികോയെ അടക്കി. മുന്നേറ്റക്കാരൻ തിമോ വെർണെർ ടീം വിട്ടതും ബാധിച്ചില്ല. ഓസ്‌ട്രിയക്കാരൻ മാഴ്‌സെൽ സെബിറ്റ്‌സെർ ആ വിടവ്‌ നികത്തി. ടീമിന്‌ തന്ത്രങ്ങൾ ഒരുക്കിയ നഗ്ലെസ്‌മാൻ ലയണൽ മെസിയേക്കാളും ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാളും ചെറുപ്പമാണ്‌. ചാമ്പ്യൻസ്‌ ലീഗ്‌ സെമിയിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനെന്ന റെക്കോഡും പേരിലാക്കി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top