21 August Wednesday

ഗെയ്‌ൽ വിരുന്ന്‌ ; 41 പന്തിൽ 72 അഞ്ച്‌ സിക്‌സർ, എട്ട്‌ ബൗണ്ടറി

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019

പുറത്തായശേഷം മടങ്ങുന്ന ക്രിസ്‌ ഗെയ്‌ലിനെ പുണരുന്ന ഇന്ത്യൻ ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി, കേദാർ ജാദവ്‌ സമീപം

പോർട്ട്‌ ഓഫ്‌ സ്‌പെയ്‌ൻ
മഴക്കളിയുടെ മടുപ്പ്‌ മാറ്റി ക്രിസ്‌ ഗെയ്‌ലിന്റെ വെടിക്കെട്ട്‌ ബാറ്റിങ്‌ പ്രകടനം. ഇന്ത്യയുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ 41 പന്തിൽ 72 റണ്ണാണ്‌ ഗെയ്‌ൽ അടിച്ചുകൂട്ടിയത്‌. മഴ കളി മുടക്കിയപ്പോൾ വിൻഡീസ്‌ 22 ഓവറിൽ രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തിൽ 158 റണ്ണെന്ന നിലയിലാണ്‌.

ഏകദിന ക്രിക്കറ്റിലെ അവസാന മത്സരമെന്ന സൂചന നൽകിയാണ്‌ ഗെയ്‌ൽ കളി തുടങ്ങിയതും അവസാനിപ്പിച്ച്‌ മടങ്ങിയതും. പുറത്തായി മടങ്ങുമ്പോൾ ഇന്ത്യൻ കളിക്കാർ ഒന്നടങ്കം ഗെയ്‌ലിനെ അഭിനന്ദിക്കാൻ ഓടിയെത്തി. ഹെൽമെറ്റ്‌ ബാറ്റിൽ കുത്തി ഉയർത്തി കൂടാരത്തിലേക്ക്‌ മടങ്ങുമ്പോൾ ഈ മുപ്പത്തൊമ്പതുകാരൻ കാണികളെയും അഭിവാദ്യം ചെയ്‌തു.

ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത വിൻഡീസിനായി ഗെയ്‌ലും എവിൻ ലൂയിസും മിന്നുന്ന തുടക്കമാണ്‌ കുറിച്ചത്‌.ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഓവറിൽ ഗെയ്‌ൽ റണ്ണൊന്നുമെടുത്തില്ല. അതുപക്ഷേ, കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയായിരുന്നു. മുഹമ്മദ്‌ ഷമിയുടെ ഓവറിലെ ഫ്രീഹിറ്റ്‌ സിക്‌സർ പറത്തിയായിരുന്നു ഗെയ്‌ലിന്റെ തുടക്കം. പിന്നാലെ മഴയെത്തി.പത്ത്‌ മിനിറ്റ്‌ ഇടവേളയ്‌ക്കുശേഷം കളത്തിലെത്തിയ ഗെയ്‌ൽ പിന്നെ തിരിഞ്ഞുനോക്കിയില്ല. ലൂയിസും കടന്നാക്രമിച്ചതോടെ പത്തോവറിൽ വിൻഡീസ്‌ സ്‌കോർ 100 കടന്നു.

ആറാമത്തെ ഓവറിൽ ഷമിയെ 20 റണ്ണിനാണ്‌ ഗെയ്‌ൽ ശിക്ഷിച്ചത്‌. ഖലീൽ അഹമ്മദിന്റെ ആദ്യ ഓവറിൽ ലൂയിസ്‌ 16 റൺ അടിച്ചുകൂട്ടി. അടുത്ത ഓവറിൽ ഭുവനേശ്വർ കുമാറിനെയാണ്‌ വിൻഡീസ്‌ ഓപ്പണിങ്‌നിര ലക്ഷ്യമിട്ടത്‌. 18 റൺ.

ഒമ്പതാം ഓവറിൽ ഖലീലിനെ കൂറ്റൻ സിക്‌സർ പായിച്ച്‌ ഗെയ്‌ൽ അരസെഞ്ചുറി പൂർത്തിയാക്കി. 30 പന്തിലായിരുന്നു നേട്ടം. പത്തോവർ കഴിഞ്ഞതോടെ ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി സ്‌പിന്നർ യുശ്‌വേന്ദ്ര ചഹാലിനെ പന്തേൽപ്പിച്ചു. അതിനുള്ള ഫലവും കിട്ടി. 29 പന്തിൽ 43 റണ്ണെടുത്ത ലൂയിസിനെ ചഹാൽ ശിഖർ ധവാന്റെ കൈകളിലെത്തിച്ചു. അടുത്ത ഓവറിൽ ഗെയ്‌ലും മടങ്ങി. അഞ്ച്‌ സിക്‌സറും എട്ട്‌ ബൗണ്ടറികളുമായിരുന്നു ഈ ഇടംകൈയന്റെ ഇന്നിങ്‌സിൽ.

വിൻഡീസിനായി ഏറ്റവും കൂടുതൽ റണ്ണടിച്ച കളിക്കാരനെന്ന നേട്ടവുമായാണ്‌ മടക്കം. 301 മത്സരങ്ങളിൽ 10479 റണ്ണാണ്‌ സമ്പാദ്യം.
 

 


പ്രധാന വാർത്തകൾ
 Top