22 September Sunday

ആശങ്ക മാറാതെ റയൽ, സിദാൻ

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019

  
മാഡ്രിഡ്‌
സിനദിൻ സിദാന്റെ രണ്ടാംവരവ്‌ റയൽ മാഡ്രിഡിനെ ഇതുവരെ ഉണർത്തിയിട്ടില്ല. ശനിയാഴ്‌ച സെൽറ്റ ഡി വിഗോയുമായാണ്‌ സ്‌പാനിഷ്‌ ലീഗിൽ റയലിന്റെ ആദ്യ മത്സരം. സന്നാഹ മത്സരങ്ങളിലെ മോശം പ്രകടനവും കളിക്കാർ മങ്ങിയതും റയലിനെ തുടക്കത്തിലേ ആശങ്കയിലാക്കിയിട്ടുണ്ട്‌.

ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ അഭാവം കഴിഞ്ഞ സീസണിൽ റയലിനെ ഉലച്ചു. ഇക്കുറി ചെൽസിയിൽനിന്ന്‌ ഏദെൻ ഹസാർഡിനെയെത്തിച്ച്‌ റയൽ ആ കുറവ്‌ നികത്താനുള്ള ശ്രമമാണ്‌. പക്ഷേ, കാര്യങ്ങൾ ഒട്ടും അനുകൂലമല്ല റയലിന്‌. രണ്ട്‌ വർഷംമുമ്പ്‌ സിദാന്‌ കീഴിൽ തകർത്തുകളിച്ച ഒരുപിടി കളിക്കാർ നിറംകെട്ടു. ഗാരെത്‌ ബെയ്‌ലിനെ കളിപ്പിക്കാൻ സിദാന്‌ ഇഷ്ടമല്ല. ക്ലബ്ബിന്‌ ബെയ്‌ലിനെ ഒഴിവാക്കാനും താൽപ്പര്യമില്ല. ഇതേ അവസ്ഥതന്നെയാണ്‌ ഹമേഷ്‌ റോഡ്രിഗസിന്റെ കാര്യത്തിലും.
നെയ്‌മറിനായുള്ള ശ്രമം പുരോഗമിക്കുന്നുണ്ട്‌. പക്ഷേ, ഉറപ്പില്ല. വിനീഷ്യസ്‌ ജൂനിയർ, ലൂക്കാ മോഡ്രിച്ച്‌ എന്നിവരെ വിട്ടുനൽകി പിഎസ്‌ജിയിൽനിന്ന്‌ നെയ്‌മറെ കൊണ്ടുവരാനായിരുന്നു റയലിന്റെ നീക്കം. പിഎസ്‌ജി സമ്മതം മൂളിയിട്ടില്ല.

ഒരു സീസൺ മുമ്പ്‌ സിദാന്റെ ശിക്ഷണത്തിൽ തിളങ്ങിയ റാഫേൽ വരാൻ, ഡാനി കർവഹാൽ, മാഴ്‌സെലൊ, ടോണി ക്രൂസ്‌, ഇസ്‌കോ എന്നിവർ ആത്മവിശ്വാസം നഷ്ടപ്പെട്ട നിലയിലാണ്‌.

ഐൻട്രാക്‌റ്റ്‌ ഫ്രാങ്ക്‌ഫുർട്ടിൽനിന്നെത്തിയ ലൂക്കാ യോവിച്ച്‌  സന്നാഹ മത്സരങ്ങളിൽ നല്ല പ്രകടനം പുറത്തെടുത്തില്ല. ഈ സെർബിയക്കാരനെ വായ്‌പാടിസ്ഥാനത്തിൽ വിടാനാണ്‌ റയലിന്റെ നീക്കം. ആറ്‌ വർഷത്തേക്കായിരുന്നു യോവിച്ചുമായുള്ള കരാർ.

മാർകോ അസെൻസിയോയുടെ പരിക്കും റയലിന്റെ ഒരുക്കത്തെ കാര്യമായി ബാധിച്ചു. ഇതിനിടെ മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌ മധ്യനിരക്കാരൻ പോൾ പോഗ്‌ബയ്‌ക്കായി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പോഗ്‌ബയെ എത്തിക്കാനായില്ലെങ്കിൽ രാജിവയ്‌ക്കുമെന്ന്‌ സിദാൻ മുന്നറിയിപ്പ്‌ നൽകിയെന്നാണ്‌ സൂചന.


പ്രധാന വാർത്തകൾ
 Top