27 January Monday
ലോകത്തിന്റെ നെറുകയിൽ

6+4 = ഇംഗ്ലണ്ട്‌ ; ഇംഗ്ലണ്ടിന്‌ കന്നി ലോകകപ്പ്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019

ലോകകപ്പുമായി ഇംഗ്ലീഷ്‌ ക്യാപ്‌റ്റൻ ഇയോവിൻ മോർഗനും സംഘവും

ലോർഡ‌്സ‌്
ലോർഡ‌്സിന്റെ തിരുമുറ്റത്ത‌് ഏകദിന ലോകകപ്പിന്റെ ഏറ്റവും ആവേശകരമായ അധ്യായം അവസാനിച്ചു. ടൈയും സൂപ്പർ ഓവറും കടന്ന‌്, ഒടുവിൽ ബൗണ്ടറികളുടെ എണ്ണത്തിൽ ഒരു ലോക ചാമ്പ്യൻ. ആ ചരിത്രനിമിഷം ഇംഗ്ലണ്ടിന‌് അവകാശപ്പെട്ടു. ലോകകപ്പിന‌് പുതിയൊരു ചാമ്പ്യൻ. കിരീടമില്ലെങ്കിലും ഹൃദയം കൊണ്ട‌് കളിച്ച ന്യൂസിലൻഡിനും നിറഞ്ഞ കൈയടി നൽകി ലോർഡ‌്സ‌്.

ആദ്യം ബാറ്റ‌് ചെയ‌്ത ന്യൂസിലൻഡ‌് എട്ടിന‌് 241 റണ്ണാണെടുത്തത‌്. മറുപടിക്കെത്തിയ ഇംഗ്ലണ്ട‌ിന്റെ പോരാട്ടം അവസാന പന്തിൽ 241ൽ അവസാനിച്ചു. കളി സൂപ്പർ ഓവറിൽ. സൂപ്പർ ഓവറിൽ ഇംഗ്ലണ്ടിനായി ജോസ‌് ബട‌്‌ലറും ബെൻ സ‌്റ്റോക‌്സും ഇറങ്ങി. പന്തെറിയാൻ ന്യൂസിലൻഡ‌് പേസർ ട്രെന്റ‌് ബോൾട്ടും. വിക്കറ്റ‌് നഷ്ടമില്ലാതെ ഇംഗ്ലണ്ട‌് 15 റണ്ണെടുത്തു.

ന്യൂസിലൻഡിനായി ജിമ്മി നീഷവും മാർടിൻ ഗുപ‌്റ്റിലും. പന്തെറിഞ്ഞത‌് ജോഫ്ര ആർച്ചെർ. രണ്ടാമത്തെ പന്തിൽ നീഷം സിക‌്സർ പായിച്ചു. ഒടുവിൽ ഒരു പന്തിൽ രണ്ട‌് റണ്ണായി ലക്ഷ്യം. ഗുപ‌്റ്റിലിന‌് കൃത്യമായി ബാറ്റിൽ കൊണ്ടില്ല. രണ്ടാം റണ്ണിനുള്ള ശ്രമം റണ്ണൗട്ടിൽ കലാശിച്ചു. ന്യൂസിലൻഡ‌് 1–-15. ഇംഗ്ലണ്ട‌് ആഘോഷിച്ചു. ബൗണ്ടറികളുടെ എണ്ണത്തിൽ ഇംഗ്ലണ്ട‌് മുന്നിൽ. ആകെ 24, 22 ഫോറുകളും രണ്ട‌് സിക‌്സറും. ന്യൂസിലൻഡിന‌് എട്ടെണ്ണം കുറവ‌് 16.  14 ഫോറുകൾ, രണ്ട‌് സിക‌്സർ. ആ നിർഭാഗ്യത്തിൽ കിവികൾ കരയവെ, ഇംഗ്ലണ്ട‌് ലോർഡ‌്സിൽ ആഘോഷം തുടങ്ങി.

98 പന്തിൽ 84 റണ്ണുമായി പുറത്താകാതെനിന്ന‌ ഇംഗ്ലീഷ‌് ഓൾ റൗണ്ടർ ബെൻ സ‌്റ്റോക‌്സ‌ാണ‌് ഫൈനലിലെ മികച്ച താരം. സൂപ്പർ ഓവറിലും സ‌്റ്റോ‌ക‌്സ‌് തിളങ്ങി. ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ ന്യൂസിലൻഡ‌് ക്യാപ‌്റ്റൻ കെയ‌്ൻ വില്യംസൺ ടൂർണമെന്റിലെ മികച്ച താരമായി.

 

241 റൺ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന‌് എളുപ്പമായിരുന്നില്ല. ന്യൂസിലൻഡ‌് പേസർമാർ മിന്നുന്ന വേഗത്തിൽ പന്തെറിഞ്ഞതോടെ ഇംഗ്ലണ്ട‌് പരുങ്ങി. ഇംഗ്ലണ്ടിന്റെ തുടക്കം നന്നായില്ല. നാല‌് മത്സരങ്ങളിൽ തുടർച്ചയായി 100 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ജാസൺ റോയ‌്–-ജോണി ബെയർസ‌്റ്റോ സഖ്യത്തിൽ ഇംഗ്ലണ്ട‌് വിശ്വസിച്ചു.
മാറ്റ‌് ഹെൻറിയുടെ കെണിയിൽ റോയ‌് (20 പന്തിൽ 17) വീണു. വിശ്വസ‌്തനായ ജോ റൂട്ട‌് റണ്ണെടുക്കാനാകാതെ പരുങ്ങി. റൂട്ടിനെ (30 പന്തിൽ 7) കോളിൻ ഡി ഗ്രാൻഡ‌്ഹോമിന്റെ വേഗം കുറഞ്ഞ പന്ത‌് ചതിച്ചു. ബെയർസ‌്റ്റോയെ (55 പന്തിൽ 36) ലോക്കി ഫെർഗൂസൻ ബൗൾഡാക്കി. സ‌്കോർ 86ൽവച്ച‌് ക്യാപ‌്റ്റൻ ഇയോവിൻ മോർഗനും (22 പന്തിൽ 9) കൂടാരം കണ്ടു. ജിമ്മി നീഷത്തിന്റെ കുത്തി ഉയർന്ന പന്ത‌് അടിച്ചകറ്റാൻ ശ്രമിച്ച മോർഗനെ ഫെർഗൂസൻ മനോഹരമായ ക്യാച്ചിലൂടെ മടക്കി.
അഞ്ചാം വിക്കറ്റിൽ ബെൻ സ്‌റ്റോക്‌സും  ജോസ്‌ ബട്‌‌ലറും ഒന്നിച്ചതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ പൂത്തു. ബട്‌‌ലർ (60 പന്തിൽ 59) പുറത്തായതോടെ ന്യൂസിലൻഡ്‌ കളിയിലേക്ക്‌ തിരിച്ചുവന്നു. എന്നാൽ സ്‌റ്റോക്‌സ്‌ ഒരറ്റത്ത്‌ ഉറച്ചതോടെ കിവികളുടെ ചെറുത്തുനിൽപ്പ്‌ അവസാനിച്ചു.

98 പന്തിൽ 84 റണ്ണുമായി പുറത്താകാതെനിന്ന ബെൻ സ്‌റ്റോക്‌സാണ്‌ മത്സരത്തെ ആവേശകരമായ അന്ത്യത്തിലേക്ക്‌ നയിച്ചത്‌. രണ്ടോവറിൽ നാല്‌ വിക്കറ്റ്‌ ശേഷിക്കെ 24 റണ്ണായിരുന്നു ഇംഗ്ലണ്ടിന്‌ ആവശ്യം. അവസാന ഓവറിൽ അത്‌ രണ്ട്‌ വിക്കറ്റ്‌  ശേഷിക്കെ 15 ആയി. ട്രെന്റ്‌ ബോൾട്ടിന്റെ ആദ്യ രണ്ട്‌ പന്തിൽ റണ്ണില്ല. അടുത്ത പന്ത്‌ സിക്‌സർ. നാലാം പന്തിൽ സ്‌റ്റോക്‌സ്‌ ആഞ്ഞടിച്ചു. മാർടിൻ ഗുപ്‌റ്റിൽ തടുത്തു. രണ്ട്‌ റണ്ണിനായി സ്‌റ്റോക്‌സിന്റെ ശ്രമം. ഇതിനിടെ ഗുപ്‌റ്റിലിന്റെ ഏറ്‌ ക്രീസിൽ വീണ സ്‌റ്റോക്‌സിന്റെ ബാറ്റിൽ കൊണ്ട്‌ തെറിച്ചു. പന്ത്‌ ബൗണ്ടറി വര കടന്നു. ഓടിയ രണ്ടും ഫോറും ചേർന്ന്‌ ആറ്‌ റൺ. നിർഭാഗ്യത്തിൽ ന്യൂസിലൻഡ‌് താരങ്ങൾ അമ്പരന്നപ്പോൾ ഇംഗ്ലണ്ട‌് കിരീടത്തിലേക്ക‌് അടുക്കുകയായിരുന്നു.

ഇതോടെ രണ്ട്‌ പന്തിൽ മൂന്നായി ലക്ഷ്യം. പക്ഷേ, അടുത്ത പന്തിൽ ആദിൽ റഷീദ്‌ റണ്ണൗട്ട്‌. ഒരു റൺ പൂർത്തിയാക്കി. അവസാന പന്തിൽ  ഇംഗ്ലണ്ടിന്‌ ജയിക്കാൻ രണ്ട്‌റൺ. പക്ഷേ, രണ്ട്‌ റൺ പൂർത്തിയാക്കുന്നതിനിടയിൽ മാർക്‌ വുഡിനെ ബോൾട്ട്‌ റണ്ണൗട്ടാക്കി. കളി സൂപ്പർ ഓവറിൽ എത്തി. അവിടെ ഇംഗ്ലണ്ട‌് ചരിത്രമെഴുതി.
    ടോസ‌് നേടി ആദ്യം ബാറ്റ‌് ചെയ‌്ത ന്യൂസിലൻഡിനെ ഹെൻറി നിക്കോൾസും (77 പന്തിൽ 55) ടോം ലാതം (56 പന്തിൽ 47) ചേർന്നാണ‌് ഭേദപ്പെട്ട സ‌്കോറിലെത്തിച്ചത‌്.

ഓവർ ത്രോ ഗതി മാറ്റി
ഇംഗ്ലണ്ടിന്റെ ലോകകപ്പ‌് വിജയത്തിൽ അവസാന ഓവറിലെ ഓവർത്രോ നിർണായകമായി. ട്രെന്റ‌് ബോൾട്ടെറിഞ്ഞ  ഓവറിലെ നാലാം പന്തിൽ മാർടിൻ   ഗുപ‌്റ്റിലിന്റതായിരുന്നു ത്രോ. ഇംഗ്ലണ്ടിന‌് ജയിക്കാൻ മൂന്ന‌് പന്തിൽ വേണ്ടത‌് 9 റൺ. നാലാം പന്ത‌് നേരിട്ട ബെൻ സ്‌റ്റോക്‌സ്‌ ആഞ്ഞടിച്ചു. തടഞ്ഞത‌് ഗുപ‌്റ്റിലും. ഒരു റൺ പൂർത്തിയാക്കി രണ്ടാം റണ്ണിനായി സ്‌റ്റോക്‌സ‌് ഓടി. ഗുപ്‌റ്റിലിന്റെ ഏറ്‌ ക്രീസിലേക്ക‌് വീണ സ‌്റ്റോക്‌സിന്റെ ബാറ്റിൽ കൊണ്ട്‌ തെറിച്ചു. പന്ത്‌ ബൗണ്ടറി കടന്നു. ഓടിയ രണ്ടും റണ്ണും ചേർന്ന്‌ ആറ്‌ റൺ നേടി. ഇതോടെ രണ്ട്‌ പന്തിൽ മൂന്ന്‌ റണ്ണായി ലക്ഷ്യം.

 


പ്രധാന വാർത്തകൾ
 Top