21 July Sunday

ഓസീസിന് നാലാം ജയം; ശ്രീലങ്കയെ തോല്‍പ്പിച്ചത് 87 റണ്ണിന്

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019

ഓവല്‍ > ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ സെഞ്ചുറി മികവില്‍ ഓസ്‌ട്രേലിയ ശ്രീലങ്കയെ 87 റണ്ണിന് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഏഴിന് 334 റണ്ണെടുത്തു. ലങ്ക 247 ന് പുറത്തായി. 132 പന്തില്‍ 153 റണ്ണെടുത്ത ഫിഞ്ചാണ് കളിയിലെ താരം. ഓസീസ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

ടോസ് നേടിയ  ശ്രീലങ്ക ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓസീസ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ക്യാപ്റ്റന്‍  ഫിഞ്ചും ശ്രദ്ധിച്ചാണ് തുടങ്ങിയത്. ഇരുവരും ചേര്‍ന്ന് ഓസീസ് ഇന്നിങ്‌സില്‍ 80 റണ്‍ കൂട്ടിച്ചേര്‍ത്തു.  എന്നാല്‍, വാര്‍ണറും (26) ഉസ്മാന്‍ ഖവാജയും (10) അടുത്തടുത്ത് പുറത്തായി.

മൂന്നാംവിക്കറ്റില്‍ ഫിഞ്ചും സ്റ്റീവന്‍ സ്മിത്തും ചേര്‍ന്നാണ് ഓസീസ് ഇന്നിങ്‌സിന്റെ നട്ടെല്ലായ 173 റണ്ണിന്റെ കൂട്ടുകെട്ടുയര്‍ത്തിയത്.  അഞ്ച് സിക്‌സറുകളും 15 ബൗണ്ടറികളും ഉള്‍പ്പെട്ടതായിരുന്നു ഫിഞ്ചിന്റെ  ഇന്നിങ്‌സ്. സ്മിത്ത് 59 പന്തില്‍ 73 റണ്ണെടുത്തു. പിന്നീടെത്തിയ ഗ്ലെന്‍ മാക്സ്വെല്ലും (25 പന്തില്‍ 46) അവസാന ഓവറുകളില്‍ വെടിക്കെട്ട് തീര്‍ത്തു.

അവസാന ഓവറുകളില്‍ ഇസുറു ഉദാനയാണ്  ഓസീസിനെ 350 എടുക്കുന്നതില്‍നിന്ന് തടഞ്ഞത്. ഒരോവറില്‍ അലെക്സ് കാരിയെയും (4) പാറ്റ് കമ്മിന്‍സിനെയും (0) നേരിട്ടുള്ള ഏറില്‍ ഉദാന പുറത്താക്കി. ഉദാനയും ധനഞ്ജയ ഡി സില്‍വയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

ലങ്കയ്ക്കു വേണ്ടി ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ (108 പന്തില്‍ 97), കുശാല്‍ പെരേര (36 പന്തില്‍ 52) എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ മറ്റുള്ളവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഓസീസിനായി മിച്ചെല്‍ സ്റ്റാര്‍ക് നാലും കെയ്ന്‍ റിച്ചാര്‍ഡ്സണ്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top