18 July Thursday
ഫീൽഡർമാരുടെ പ്രകടനം നിർണായകം

ജയം ആരുടെ കൈകളിൽ; ഇന്ത്യ-പാകിസ്ഥാൻ മത്സരം നാളെ

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ക്യാച്ചെടുക്കുന്ന ഇന്ത്യയുടെ രവീന്ദ്ര ജഡേജ

മാഞ്ചസ‌്റ്റർ> ബാറ്റിങ്ങും ബൗളിങ്ങും മാത്രമല്ല, ഫീൽഡിങ്ങും നിർണായകമാണ‌് ലോകകപ്പിൽ. ചോരാത്ത കൈകളാണ‌് പല മത്സരങ്ങളുടെയും വിധി നിർണയിച്ചത‌്. നാളെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ കളിക്കാനിറങ്ങുമ്പോൾ ഫീൽഡിങ‌് മികവാണ‌് പ്രധാന ഘടകം. ഇരു ടീമുകളെയും വേർതിരിക്കുന്നത‌് കളത്തിലെ അച്ചടക്കമാണ‌്. നിലവിൽ ഇന്ത്യക്കാണ‌് ആ മേഖലയിൽ മുൻതൂക്കം.

ഓസ‌്ട്രേലിയയുമായുള്ള മത്സരമായിരുന്നു ഇരു ടീമുകളുടെയും ഫീൽഡിങ‌് മികവിന്റെ അളവുകോലായത‌്. ഒരു അവസരവും ഇന്ത്യൻ ഫീൽഡർമാർ പാഴാക്കിയില്ല. ജയം വന്നു. പാകിസ്ഥാൻ മൂന്ന‌് ക്യാച്ചുകൾ പാഴാക്കി. ക‌ളി തോറ്റു. മത്സരശേഷം പാക‌് ക്യാപ‌്റ്റൻ സർഫ്രാസ‌് അഹമ്മദ‌് ഫീൽഡിങ‌് പോരായ‌്മയെക്കുറിച്ച‌് ആശങ്കപ്പെടുകയും ചെയ‌്തു.

ഓസീസുമായുള്ള കളിയിൽ ഇന്ത്യ ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും ഒരുപോലെ മിന്നി. ഓസീസിന്റെ ഓപ്പണിങ‌് കൂട്ടുകെട്ട‌് പൊളിച്ചത‌് കേദാർ ജാദവിന്റെ കൃത്യതയുള്ള ഏറാണ‌്. ആ ഏറിൽ ആരോൺ ഫിഞ്ച‌് റണ്ണൗട്ടായി. അപകടകാരിയായ ഗ്ലെൻ മാക‌്സ‌്‌വെലിനെ മടക്കിയതും കളത്തിലെ ത്രസിപ്പിക്കുന്ന നീക്കം കൊണ്ടായിരുന്നു. മാക‌്സ‌്‌വെൽ ഉയർത്തിയടിച്ച പന്ത‌് പകരക്കാരൻ ഫീൽഡർ രവീന്ദ്ര ജഡേജ ഉജ്വലമായി കൈയിലൊതുക്കി.

ആർ ശ്രീധറാണ‌് ഇന്ത്യയുടെ ഫീൽഡിങ‌് പരിശീലകൻ. ‘പുറംകളത്തിലെ  ഫീൽഡിങ്ങിൽ കളിക്കാർ ഏറെ മെച്ചപ്പെട്ടിട്ടുണ്ട‌്. നേരിട്ടുള്ള ഏറിൽ സ‌്റ്റമ്പ‌് തെറിപ്പിക്കുന്നതിൽ കൂടുതൽ മെച്ചപ്പെടണം. ലോകകപ്പിലെ ഓരോ മത്സരത്തിലും ഫീൽഡിങ‌് ഏറെ പ്രധാനപ്പെട്ടതാണ‌്. ഓസീസിനെതിരെ ടീം നന്നായി കളിച്ചു’ ശ്രീധർ പറഞ്ഞു.

രണ്ട‌് മത്സരം പൂർത്തിയാക്കിയ ഇന്ത്യ ഇതുവരെ ക്യാച്ചുകൾ പാഴാക്കിയിട്ടില്ല.പാകിസ്ഥാൻ നേരെ തിരിച്ചാണ‌്. എല്ലാ കളിയിലും അവസരങ്ങൾ പാഴാക്കി. ബൗളർമാരുടെ പ്രയത‌്നത്തിന‌് വിലയില്ലാതാക്കിയത‌് ഫീൽഡർമാരുടെ അലസതയാണ‌്.  ഓസീസുമായുള്ള കളിയിൽ ആസിഫ‌് അലി രണ്ട‌് ക്യാച്ചുകൾ പാഴാക്കി. 33 റണ്ണെടുത്തുനിൽക്കെ ഫിഞ്ചിനെ സ്ലിപ്പിൽ വിട്ടുകളഞ്ഞു. 49 റൺ പിന്നീട‌് ഫിഞ്ച‌് കൂട്ടിച്ചേർത്തു. വഹാബ‌് റിയാസായിരുന്നു ബൗളർ. സെഞ്ചുറി നേടിയ ഡേവിഡ‌് വാർണറുടെ ക്യാച്ചും അലി വിട്ടുകളഞ്ഞു. ഇക്കുറിയും റിയാസായിരുന്നു ബൗളർ. ഓവർ ത്രോകളിലൂടെയും പാക‌് ഫീൽഡർമാർ റണ്ണുവിട്ടുനൽകി. ക്യാപ‌്റ്റർ സർഫ്രാസ‌് അഹമ്മദും ക്യാച്ച‌് പാഴാക്കി. 41 റണ്ണിന‌ാണ‌് പാകിസ്ഥാൻ കളി തോറ്റത‌്.

വെസ‌്റ്റിൻഡീസിനെതിരായ കളിയിൽ ബാബർ അസമവും ഒരു അനായാസ ക്യാച്ച‌് പാഴാക്കിയിരുന്നു.ഇന്ത്യയുമായുള്ള ഇത്തരം പിഴവുകൾ വലിയ ദോഷമുണ്ടാക്കുമെന്ന‌ായിരുന്നു സർഫ്രാസിന്റെ പ്രതികരണം.


പ്രധാന വാർത്തകൾ
 Top