19 February Tuesday
നാളെ

മഞ്ഞുപാളികളെ ഇതാ മെസി വരുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jun 15, 2018

കൊൽക്കത്തയിൽ സിലിഗുരിയിൽ മെസിയുടെ ചിത്രം വരയ്‌ക്കുന്ന ചിത്രകാരൻ

നീല‐വെള്ള വരയൻകുപ്പായത്തിലിറങ്ങുന്ന അർജന്റീനയെ നെഞ്ചേറ്റുന്ന ഭൂമുഖെത്ത മുഴുവൻ ആരാധകരുടെയും പ്രതീക്ഷകൾപേറി  മെസി റഷ്യയിൽ നാളെ പന്തുതട്ടാനിറങ്ങും. ഫുട്ബോൾ ശ്വാസവായുവായ രാജ്യം മുമ്പ് രണ്ടുതവണ സ്വന്തമാക്കിയ കനകക്കപ്പ് മൂന്നാമതൊരിക്കൽക്കൂടി മെസി കൈയിലേന്തുമെന്ന് അവർ കണക്കുകൂട്ടുന്നു. പന്തുകളിക്കാൻ മാത്രം പിറവിയെടുത്ത മെസിയെ ലോകം അത്രമേൽ സ്നേഹിക്കുന്നു.

പുറത്തെന്നപോലെ കളത്തിലും ശാന്തൻ. പന്ത് മുന്നിലെത്തിയാൽ ഇടംകാലുകൊണ്ട് പലവട്ടം അതിനെ തഴുകിയുണർത്തും. അരക്കെട്ടിന്റെ ഇളകിയാട്ടത്തിൽ അന്ധാളിപ്പിച്ച് ഒരു നിഴൽപോലെ കടന്നുപോകുമ്പോൾ എതിരാളിക്ക് ഞെട്ടൽ അകലാൻ സമയമെടുക്കും. അതിനൊടുവിൽ എതിർവലയിലേക്ക് ഒരു നീളൻ പ്രഹരം. അല്ലെങ്കിൽ ഈ കാലുകളുടെ വഴിയറിഞ്ഞു കാത്തിരിക്കുന്ന കൂട്ടുകാരന്റെ തൊട്ടുമുന്നിലെത്തി നിശ്ചലമാകാൻ പോന്ന നിയന്ത്രണത്തിൽ ഒരു പാസ്. ബിഥോവൻ സംഗീതത്തിന്റെ സൗമ്യതയും മാസ്മരികതയും അതേ താളത്തിൽ കളത്തിലേക്കു പകർത്തിയ പന്താട്ടത്തിന് അത്രമേൽ അഴകുണ്ട്. അർജന്റീനയിലെ തെരുവ് ഫുട്ബോളിന്റെ സ്വാഭാവികതയും ബാഴ്സലോണ നടപ്പാക്കുന്ന ടീം കേന്ദ്രീകൃത രീതിയും ഒറ്റമനുഷ്യനിൽ അസാമാന്യമായി അലിഞ്ഞുചേർന്നിരിക്കുന്നു.

ലോകകപ്പില്ലാതെ കളി അവസാനിപ്പിക്കേണ്ടിവന്നാൽ ആ അസമാന്യ പ്രതിഭാവിലാസത്തിന്റെ കളിജീവിതം അപൂർണമാകുമെന്ന് വിശ്വസിക്കുന്നവരാണ് ഏറെ. മാരക്കാനയിൽ നാലുവർഷം മുമ്പ് കണ്ണീർതുടച്ചു നടന്നുനീങ്ങിയ മെസിയുടെ രൂപം ആരും മറന്നു കാണില്ല. 31 പിന്നിടുന്ന താരം ഇനിയൊരു ലോകകപ്പിനിറങ്ങുമെന്ന് ഉറപ്പുമില്ല. മെസിക്കൊപ്പം സാധ്യമായില്ലെങ്കിൽ അർജന്റീനയ്ക്ക് ഒരു ലോകകപ്പ് അടുത്തൊന്നും സ്വപ്നംകാണാനാകില്ലെന്നതും വസ്തുത.

ഗുന്നാർസൺ

ഗുന്നാർസൺ

ഈ ലോകകപ്പിലും മെസിയെന്ന സർവസൈന്യാധിപന്റെ ചുമലിലേറിയാണ് അർജന്റീന വരുന്നത്. ശരാശരി താരങ്ങൾ മാത്രമുള്ള ടീമിനെ കിരീടപ്രതീക്ഷകളുടെ നിരയിലേക്കുയർത്തുന്നത് മെസിയുടെ സാന്നിധ്യം ഒന്നുമാത്രം. സ്വയം കളിക്കുന്നതിനൊപ്പം കൂട്ടുകാരെ കളിപ്പിക്കാനും മെനക്കെടേണ്ടിവരും. കഴിഞ്ഞതവണ ബ്രസീലിലെന്നപോലെ ഇത്തവണയും വയസ്സൻപടയെന്ന ചീത്തപ്പേര് ടീമിനുണ്ട്.

ശനിയാഴ്ച ഐസ്ലൻഡിനെതിരെയാണ്് റഷ്യയിൽ അർജന്റീനയുടെ ആദ്യ പോര്. ബാഴ്സലോണ ഫുട്ബോൾ അക്കാദമിയായ ലാ മാസിയയിൽ കൂട്ടുകാരുടെ 'കുള്ളൻ'വിളി കേട്ട അഞ്ചടി ഏഴിഞ്ചുകാരന്റെ ആദ്യ പരീക്ഷണം ഈ ലോകകപ്പിലെ ഏറ്റവും ഉയരക്കാരടങ്ങുന്ന ടീമിനെതിരെയാണ്. 1.85 ആണ് ഐസ്ലൻഡ് ടീമിന്റെ ശരാശരി ഉയരം. ടൂർണമെന്റിലെ കുഞ്ഞന്മാരുടെ കൂട്ടത്തിലാണ് അർജന്റീന. ശരാശരി ഉയരം 1.79.

ഡി ഗ്രൂപ്പിലെ നിർണായക പോരിൽ ഐസ്ലൻഡിനെതിരെ പരിശീലകൻ ഹെസെ പെക്കർമാൻ പ്രത്യേക തന്ത്രങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. ഉയരത്തിന്റെ ആനുകൂല്യം മറികടക്കാൻ ഐസ്ലൻഡ് പന്തുയർത്തി അടിക്കുമെന്നുറപ്പ്. അതുകൊണ്ടുതന്നെ ഏറെനേരം പന്ത് കാൽക്കൽതന്നെ നിർത്താനാകും താരങ്ങളോട് പെക്കർമാൻ നിർദേശിക്കുക.

നിക്കൊളാസ് ഓട്ടമെൻഡിയും മാർകസ് റോജോയും പ്രതിരോധക്കോട്ടകെട്ടും. ഉയരക്കാരായ മാക്സി മിലിയാനോയും ലൂക്കാസ് ബിഗ്ലിയയും ഏഞ്ചൽ ഡി മരിയയുമാകും എതിരാളികളെ വിടാതെ പിടിക്കാനുള്ള ചുമതലക്കാർ. മുന്നേറ്റത്തിൽ ഗോൺസാലോ ഹിഗ്വെയിനും പൗലോ ഡിബാലയുമാകും മുന്നേറ്റത്തിൽ. മറുപക്ഷത്ത് യൂറോകപ്പിന്റെ ആവേശം തുടരാൻ കൊതിച്ചാകും ഐസ്ലൻഡ് കളത്തിലിറങ്ങുക. അർജന്റീനയ്ക്കെതിരെ ഒരു സമനില ലക്ഷ്യമിട്ട് കളിക്കാൻ സാധ്യതയേറെ. ഫിഫാ ലോകകപ്പിൽ കളിക്കാൻ ലഭിച്ച ആദ്യ അവസരം ജയത്തോടെ തുടങ്ങാൻപോന്ന ആയുധങ്ങൾ ഈ കുഞ്ഞുരാജ്യത്തിന്റെ കൈയിലുണ്ട്. ജിൽഫി സിഗുർഡ്സണാണ് കൂട്ടത്തിൽ തലയെടുപ്പു കൂടുതലുള്ള താരം. ടീമിനെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ ഈ മധ്യനിരക്കാരനു മിടുക്കുണ്ട്. നായകൻ ആരോൺ ഗുന്നാർസൺ, റാഗ്നർ സിഗുർഡ്സണും മോശക്കാരല്ല.

പ്രധാന വാർത്തകൾ
 Top