21 May Tuesday

കാണാം പന്തിന്റെ മൂർച്ച

വെബ് ഡെസ്‌ക്‌Updated: Wednesday May 15, 2019


ലോർഡ‌്സ‌്
ഏകദിന ക്രിക്കറ്റ‌് ലോകകപ്പിന‌് 15 ദിവസം മാത്രം ശേഷിക്കെ അവസാന ഒരുക്കത്തിലാണ‌് ടീമുകൾ. ഐപിഎൽ കഴിഞ്ഞ‌് കളിക്കാർ ലോകകപ്പിലേക്കുള്ള തയ്യാറെടുപ്പ‌് ആരംഭിച്ചുകഴിഞ്ഞു. ഇംഗ്ലണ്ടിലെ പിച്ചുകൾ ബാറ്റ‌്സ‌്മാൻമാർക്ക‌് അനുകൂലമായിരിക്കുമെന്ന‌ാണ‌് സൂചന. റണ്ണൊഴുകുന്ന പിച്ചുകളിൽ ബൗളർമാർക്കാണ‌് ആശങ്ക‌. എങ്കിലും ഓരോ ടീമിനും ബൗളിങ‌് വിഭാഗത്തിൽ വജ്രായുധങ്ങളുണ്ട‌്. ഏതുതരം പിച്ചുകളിലും ബുദ്ധിപരമായി പന്തെറിയുന്നവർ. ലോകകപ്പിനെത്തുന്ന പ്രധാന ബൗളർമാരിലേക്ക‌്.

ജസ‌്പ്രീത‌് ബുമ്ര (ഇന്ത്യ)
ഏകദിന റാങ്കിങ‌് പട്ടികയിലെ അഞ്ചാം സ്ഥാനക്കാരനായ ബുമ്ര നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച പേസർമാരിലൊരാളാണ‌്. അപാരമായ കൃത്യതയും സ്ഥിരതയുമാണ‌് ഈ ഇരുപത്തഞ്ചുകാരന്റെ കൈമുതൽ. ഈ വർഷത്തെ ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെ ചാമ്പ്യൻമാരാക്കിയതിൽ നിർണായക പങ്കുവഹിച്ചു. ഏകദിനത്തിൽ 49 കളികളിൽ 85 വിക്കറ്റാണ‌് സമ്പാദ്യം. 2016ലായിരുന്നു അരങ്ങേറ്റം. ഏതുതരം പിച്ചിലും വ്യത്യസ‌്തത കൊണ്ട‌് ബാറ്റ‌്സ‌്മാൻമാരെ വിഷമിപ്പിക്കാൻ ബുമ്രയ‌്ക്ക‌് കഴിയും. മുഹമ്മദ‌് ഷമിയും ഭുവനേശ്വർ കുമാറുമാണ‌് ഇന്ത്യൻ പേസ‌് വിഭാഗത്തിൽ ബുമ്രയെ സഹായിക്കാനുള്ളത‌്.

പാറ്റ‌് കമ്മിൻസ‌് (ഓസ‌്ട്രേലിയ)
ഈ ലോകകപ്പിൽ ഓസീസ‌് ബൗ‌ളിങ‌് വിഭാഗത്തിൽ ഏറ്റവും സ്വാധീനമുണ്ടാക്കുക പാറ്റ‌് കമ്മിൻസായിരിക്കും. വേഗത്തിൽ പന്തെറിയുന്ന കമ്മിൻസ‌് സാഹചര്യത്തിന‌് അനുസരിച്ച‌് മാറ്റം വരുത്തും. നിലവിൽ ഓസീസ‌് പേസർമാരിൽ ഏറ്റവും പരിചയ സമ്പന്നൻ മിച്ചെൽ സ‌്റ്റാർക്കാണ‌്. പക്ഷേ, ഇടയ‌്ക്കുണ്ടായ പരിക്ക‌് സ‌്റ്റാർക്കിനെ തളർത്തി. പഴയ പ്രതാപമില്ല സ‌്റ്റാർക്കിന‌്. ഈ വിടവിലേക്കാണ‌് കമ്മിൻസ‌് എത്തുന്നത‌്. നിലവിൽ റാങ്കിങ‌് പട്ടികയിൽ രണ്ടാം സ്ഥാനത്ത‌്. 48 കളിയിൽ 82 വിക്കറ്റാണ‌് വീഴ‌്ത്തിയത‌്.

കഗീസോ റബാദ (ദക്ഷിണാഫ്രിക്ക)
ലോക റാങ്കിങ‌് പട്ടികയിലെ ഒന്നാം സ്ഥാനക്കാരൻ. ദക്ഷിണാഫ്രിക്കയുടെ പേസ‌് വിഭാഗത്തിലെ ഏറ്റവും മികച്ച ആയുധമാണ‌് റബാദ. മുതിർന്ന താരം ഡെയ‌്ൽ സ‌്റ്റെയ‌്ൻ ടീമിലുണ്ടെങ്കിലും ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകൾ റബാദയിലാണ‌്. ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനു വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുത്തു. വേഗമാണ‌് റബാദയുടെ ആയുധം. റൺ വഴങ്ങുന്നതിലും പിശുക്കൻ. 66 ഏകദിനത്തിൽ 106 വിക്കറ്റാണ‌് ഈ ഇരുപത്തിമൂന്നുകാരൻ നേടിയത‌്‌.

ട്രെൻഡ‌് ബോൾട്ട‌് (ന്യൂസിലൻഡ‌്)
ഓൾ റൗണ്ടർമാരുടെ സംഘമാണ‌് ന്യൂസിലൻഡ‌്. എങ്കിലും ബൗളിങ‌് വിഭാഗത്തിൽ ട്രെൻഡ‌് ബോൾട്ടാണ‌് നായകൻ. കൃത്യതയോടെ പന്തെറിയുന്ന ഈ പേസർ കഴിഞ്ഞ ലോകകപ്പിൽ ന്യൂസിലൻഡിനെ ഫൈനലിലേക്ക‌് നയിച്ചു. റാങ്കിങ‌് പട്ടികയിൽ ആറാമതുണ്ട‌് ഈ ഇരുപത്തൊമ്പതുകാരൻ. 79 കളിയിൽ 147 വിക്കറ്റാണ‌് ഏകദിനത്തിൽ ബോൾട്ടിന്റെ സമ്പാദ്യം.

ഹസൻ അലി (പാകിസ്ഥാൻ)
പേസർമാരുടെ വിളനിലമായ പാകിസ്ഥാനിൽനിന്നുള്ള ഒന്നാന്തരം ബൗളറാണ‌് ഹസൻ അലി. വ്യത്യസ‌്തതയാണ‌് അലിയുടെ ബൗളിങ്ങിന്റെ സവിശേഷത. വേഗം കുറച്ചും കൂട്ടിയും ബാറ്റ‌്സ‌്മാൻമാരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കും. 46 കളിയിൽ 78 വിക്കറ്റാണ‌് ഈ ഇരുപത്തിനാലുകാരൻ നേടിയത‌്.

റഷീദ‌് ഖാൻ (അഫ‌്ഗാനിസ്ഥാൻ)
പേസർമാർക്കിടയിൽ ഒരു സ‌്പിന്നർ–- റഷീദ‌് ഖാൻ. ലോകകപ്പിൽ അഫ‌്ഗാനിസ്ഥാന്റെ പ്രതീക്ഷകൾ മുഴുവൻ ഈ കൗശലക്കാരനായ സ‌്പിന്നറിലാണ‌്. ഏത‌് ബാറ്റ‌്സ‌്മാനും റഷീദിന്റെ കറങ്ങുന്ന പന്തുകൾക്ക‌ു മുന്നിൽ വിളറും.  റാങ്കിങ‌് പട്ടികയിൽ ഏഴാമതാണ‌് റഷീദ‌്. 57 കളിയിൽ 123 വിക്കറ്റാണ‌് ഈ ഇരുപതുകാരന‌്. പതിനാറാം വയസ്സിലായിരുന്നു റഷീദിന്റെ അരങ്ങേറ്റം.


പ്രധാന വാർത്തകൾ
 Top