27 June Thursday

കുടുങ്ങുമോ സിറ്റി?

വെബ് ഡെസ്‌ക്‌Updated: Wednesday May 15, 2019


ന്യോൺ
അടുത്ത സീസണിൽ ചാമ്പ്യൻസ്‌ ലീഗ്‌ കളിക്കാനുള്ള ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയുടെ സാധ്യത തുലാസിൽ. യുവേഫയുടെ സാമ്പത്തിക നിയമങ്ങൾ പാലിച്ചില്ലെന്നതിന്റെ അടിസ്ഥാനത്തിൽ സിറ്റിക്ക്‌ വിലക്ക്‌ വന്നേക്കും. സംഭവം അന്വേഷിക്കുന്ന യുവേഫയുടെ സ്വതന്ത്ര സാമ്പത്തിക നിയന്ത്രണ ബോർഡിന്റെ അന്വേഷണ കമ്മിറ്റി ഈയാഴ്‌ച റിപ്പോർട്ട്‌ സമർപ്പിക്കും.

മുൻ ബൽജിയം പ്രധാനമന്ത്രിയും അന്വേഷണ കമ്മിറ്റിയുടെ അധ്യക്ഷനുമായ വെസ്‌ ലെറ്റർമെ വിഷയത്തിൽ ഇതേവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. സ്‌പോൺസർഷിപ‌് മൂല്യം പെരുപ്പിച്ചുകാട്ടി യുവേഫയുടെ സാമ്പത്തിക നിയമങ്ങളും നിർദേശങ്ങളും പാലിച്ചില്ലെന്നുമാണ്‌ സിറ്റിക്കെതിരെയുള്ള കുറ്റം. 2014ൽ ഇത്തരത്തിൽ ചട്ടങ്ങൾ ലംഘിച്ചതിന്‌  യുവേഫ സിറ്റിക്ക്‌ 450 കോടിയോളം രൂപ പിഴ ഇട്ടിരുന്നു. ഇത്തരത്തിൽ ഒരു ക്രമക്കേടും ടീമിന്റെ ഭാഗത്തു നിന്ന്‌ ഉണ്ടായില്ലെന്നാണ്‌ സിറ്റി അധികൃതരുടെ വിശദീകരണം.

വിലക്ക്‌ വന്നാൽ സിറ്റിക്ക്‌ അപ്പീൽ നൽകാം. ഒപ്പം അന്താരാഷ്‌ട്ര കായിക തർക്ക പരിഹാര കോടതിയെ സമീപിക്കുകയും ചെയ്യാം. ജൂനിയർ കളിക്കാരുടെ കൈമാറ്റ കരാർ നിയമങ്ങൾ പാലിച്ചില്ലെന്ന സംഭവത്തിൽ നിലവിൽ ടീമിനെതിരെ പ്രീമിയർ ലീഗ്‌ അധികൃതരും ഫിഫയും അന്വേഷണം നടത്തുന്നുണ്ട്‌. സമാന സംഭവത്തിൽ കുറ്റക്കാരെന്ന്‌ കണ്ടെത്തിയതിനെ തുടർന്ന്‌ ചെൽസിക്ക്‌ രണ്ട്‌ വർഷത്തേക്ക്‌ കളിക്കാരുടെ കൈമാറ്റ വിപണിയിൽ പങ്കാളികളാകുന്നതിൽനിന്ന്‌ ഫിഫ വിലക്കേർപ്പെടുത്തിയിരുന്നു. വിഷയത്തിൽ സിറ്റി ക്രമക്കേട്‌ നടത്തിയെന്ന്‌ തെളിഞ്ഞാൽ ടീമിനും വിലക്ക്‌ വരും.

ഫ്രഞ്ച്‌ ക്ലബ്‌ പിഎസ്‌ജിക്ക്‌ 2014ൽ സാമ്പത്തിക നിയമങ്ങൾ ലംഘിച്ചതിൽ പിഴ വിധിച്ചിരുന്നു. കഴിഞ്ഞ വർഷം ബാഴ്‌സലോണയിൽനിന്ന്‌ നെയ്‌മറെയും മൊണാക്കോയിൽനിന്ന്‌ കിലിയൻ എംബാപ്പെയെയും വൻതുകയ്‌ക്ക്‌ ടീമിലെത്തിച്ച പിഎസ്‌ജിക്കെതിരെ യുവേഫ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്‌.


പ്രധാന വാർത്തകൾ
 Top