18 June Tuesday

ഏകദിന ക്രിക്കറ്റ‌് ലോകകപ്പ‌് ടീം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019


മുംബൈ
ഏകദിന ക്രിക്കറ്റ‌് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന‌് പ്രഖ്യാപിക്കും. പകൽ മൂന്നിന‌് മുഖ്യ സെലക്ടർ എം എസ‌് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസമിതി ടീമിനെ തെരഞ്ഞെടുക്കുക. 15 അംഗ ടീമിനെയാണ‌് പ്രഖ്യാപിക്കുക. ഇതിൽ 11 പേരുടെ കാര്യത്തിൽ ധാരണയായിട്ടുണ്ട‌്. എന്നാൽ, ബാക്കി നാല‌് സ്ഥാനത്തിന‌് നിരവധി കളിക്കാരാണ‌് പരിഗണനയിൽ.  മെയ‌് 30ന‌് ഇംഗ്ലണ്ടിലാണ‌് ലോകകപ്പ‌് മത്സരങ്ങൾ ആരംഭിക്കുന്നത‌്.

ക്യാപ‌്റ്റൻ വിരാട‌് കോഹ‌്‌ലി, ഉപനായകൻ രോഹിത‌് ശർമ, ശിഖർ ധവാൻ, മഹേന്ദ്ര സിങ‌് ധോണി, കേദാർ ജാദ‌വ‌്, ഹാർദിക‌് പാണ്ഡ്യ, കുൽദീപ‌് യാദവ‌്, യുശ‌്‌വേന്ദ്ര ചഹാൽ, ജസ‌്പ്രീത‌് ബുമ്ര, ഭുവനേശ്വർകുമാർ, മുഹമ്മദ‌് ഷമി എന്നീ 11 കളിക്കാർ ടീമിലുണ്ടാകുമെന്ന‌് ഉറപ്പാണ‌്. ഐപിഎൽ മത്സരങ്ങളിലെ പ്രകടനം ടീം തെരഞ്ഞെടുപ്പിൽ കാര്യമായി പരിഗണിക്കില്ലെ‌ന്നാണ‌് ക്യാപ‌്റ്റൻ കോഹ‌്‌ലി അഭിപ്രായപ്പെട്ടത‌്.

ശേഷിച്ച നാല‌് സ്ഥാനങ്ങൾക്കായി കടുത്ത പോരാട്ടമാണ‌്. ആറ‌ു കളിക്കാരാണ‌് രംഗത്ത‌്. അമ്പാട്ടി റായുഡു, ലോകേഷ‌് രാഹുൽ, ദിനേശ‌് കാർത്തിക‌്, ഋഷഭ‌് പന്ത‌്, വിജയ‌് ശങ്കർ, രവീന്ദ്ര ജഡേജ എന്നിവരാണുള്ളത‌്. ഇതിൽത്തന്നെ നാലാംനമ്പർ ബാറ്റ‌്സ‌്മാനെ കണ്ടെത്തുകയാണ‌് പ്രധാന ജോലി. റായുഡുവായിരുന്നു സമീപകാലംവരെ പരിഗണിച്ചിരുന്ന കളിക്കാരൻ. അവസാനം കളിച്ച 20 ഇന്നിങ‌്സുകളിൽ 14ലും റായുഡു നാലാംനമ്പരിൽ ഇറങ്ങി. ഒരു സെഞ്ചുറിയും രണ്ട‌് അരസെഞ്ചുറികളും അതിൽ ഉൾപ്പെട്ടു. 42.18 ആണ‌് ബാറ്റിങ‌് ശരാശരി. പക്ഷേ, അവസാനം കളിച്ച മത്സരങ്ങളിൽ റായുഡു തീർത്തും നിരാശപ്പെടുത്തി. ഈ സീസണിൽ ഐപിഎൽ മത്സരങ്ങളിലും റായുഡു തിളങ്ങിയില്ല.

രാഹുൽ ഐപിഎലിൽ കിങ‌്സ‌് ഇലവൻ പഞ്ചാബിന‌ുവേണ്ടി മികച്ച പ്രകടനമാണ‌് പുറത്തെടുക്കുന്നത‌്. ഒരു സെഞ്ചുറിയും രാഹുൽ നേടി. പക്ഷേ, നാലാംനമ്പരിൽ രാഹുലിനെ പരീക്ഷിച്ചപ്പോഴെല്ലാം പരാജയമായിരുന്നു. പരിചയസമ്പന്നനായ കാർത്തിക്കിന‌് സ്ഥിരതയില്ലാത്തതാണ‌് പ്രധാന പ്രശ‌്നം. ന്യൂസിലൻഡ‌്, ഓസ‌്ട്രേലിയ ടീമുകൾക്കെതിരായ ഏകദിന പരമ്പരയ‌്ക്കുള്ള ടീമിലേക്കുപോലും കാർത്തിക്കിനെ പരിഗണിച്ചില്ല.

ഇരുപത്തൊന്നുകാരൻ പന്തിന‌് ഇടംകൈയൻ എന്നതാണ‌് അനുകൂലഘടകം. നിർഭയമായി ബാറ്റ‌് വീശുന്ന ശൈലി ലോകകപ്പിൽ ഗുണകരമാകുമെന്നും കണക്കുകൂട്ടുന്നു. പക്ഷേ, സാഹചര്യത്തിന‌് അനുസരിച്ച‌് കളിക്കാറില്ല എന്നതാണ‌് പ്രതികൂലഘടകം.വിജയ‌് ശങ്കറിനെ രണ്ടാം പേസ‌് ഓൾ റൗണ്ടറായി ഉൾപ്പെടുത്തുമെന്നാണ‌് സൂചന. പക്ഷേ, തീരുമാനം എളുപ്പമായിരിക്കില്ല. ജഡേജയെ മറികടക്കണം. സ‌്പിൻ ഓൾ റൗണ്ടറായ ജഡേജയ‌്ക്ക‌് അനുഭവസമ്പത്ത‌് ഏറെയാണ‌്. റൺനിരക്ക‌് കുറയ‌്ക്കാനാണ‌് ജഡേജയെ ഉപയോഗിക്കുക. മധ്യ ഓവറുകളിൽ ജഡേജയുടെ ബൗളിങ‌് ഗുണകരമാണ‌്. ഒന്നാന്തരം ഫീൽഡറുമാണ‌്. ബാറ്റിങ്ങിൽ ജഡേജയേക്കാൾ മികവ‌് വിജയ‌് ശങ്കറിനുണ്ട‌്.

ഐപിഎലിലെ ചില യുവതാരങ്ങളും സെലക്ടർ പ്രസാദിന്റെ പട്ടികയിലുണ്ട‌്. റോയൽ ചലഞ്ചേഴ‌്സ‌് ബാംഗ്ലൂരിന്റെ പേസർ നവ‌്ദീപ‌് സെയ‌്നി, ഡൽഹി ക്യാപിറ്റൽസ‌് ഓപ്പണർ പൃഥ്വി ഷാ തുടങ്ങിയവരാണ‌് പട്ടികയിൽ.പ്രസാദിനെ കൂടാതെ, ശരൺദീപ‌് സിങ‌്, ദേബാങ‌് ഗാന്ധി, ജതിൻ പരഞ്ച‌്പെ, ഗഗൻ ഖോഡ എന്നിവരാണ‌് സെലക‌്ഷൻ സമിതിയിൽ.കളിക്കാരെ മാറ്റാൻ ടീമുകൾക്ക‌് മെയ‌് 23 വരെ ഐസിസി അനുമതി നൽകിയിട്ടുണ്ട‌്.


പ്രധാന വാർത്തകൾ
 Top