21 April Sunday
രണ്ടാംപാദ ക്വാർട്ടർ മത്സരങ്ങൾ നാളെ; ബാഴ്‌സ യുണൈറ്റഡിനോട്‌, യുവന്റസ്‌ അയാക്‌സിനെതിരെ

ചാമ്പ്യൻസ‌് ലീഗ‌് : സെമി ലക്ഷ്യമിട്ട‌് ബാഴ‌്സ, യുവന്റസ‌്

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019

ബാഴ്‌സലോണ താരം ലയണൽ മെസി സഹകളിക്കാർ‌ക്കൊപ്പം പരിശീലനത്തിൽ

നൗകാമ്പ‌്/ ടൂറിൻ
ചാമ്പ്യൻസ‌് ലീഗിൽ സെമി പ്രതീക്ഷയോടെ ബാഴ‌്സലോണയും യുവന്റസുംനാളെ കളത്തിൽ. രണ്ടാംപാദ ക്വാർട്ടറിൽ ബാഴ‌്സ മാഞ്ചസ‌്റ്റർ യുണെറ്റഡിനെയും യുവന്റസ‌് അയാക‌്സ‌് ആംസ‌്റ്റർഡാമിനെയും നേരിടും. ആദ്യപാദം ബാഴ‌്സ ഒരു ഗോളിന‌് ജയിച്ചു. യുവന്റസ‌് 1–-1ന‌് സമനിലയിൽ കുരുങ്ങി. ഇന്ന‌് സ്വന്തം തട്ടകത്തിലാണ‌് ബാഴ‌്സയ‌്ക്കും യുവന്റസിനും കളി.

ഓൾഡ‌് ട്ര‌ഫോർഡിലെ ഒരു ഗോൾ ജയം ബാഴ‌്സയ‌്ക്ക‌് മുൻതൂക്കം നൽകി. യുണൈറ്റഡ‌് തട്ടകത്തിൽ കളി മോശമായിരുന്നെങ്കിലും നിർണായകമായ ലീഡ‌് നേടാനായത‌് രണ്ടാംപാദത്തിൽ ബാഴ‌്സയ‌്ക്ക‌് ആത്മവിശ്വാസം നൽകും. യുണൈറ്റഡ‌് പ്രതിരോധക്കാരൻ ലൂക്ക‌് ഷായുടെ ദാനഗോളിലായിരുന്നു ജയം. ആദ്യപാദ ക്വാർട്ടറിനുശേഷം സ‌്പാനിഷ‌് ലീഗിൽ ബാഴ‌്സയ‌്ക്ക‌് സമനിലയായിരുന്നു. അവസാന സ്ഥാനക്കാരായ വെസ‌്ക ബാഴ‌്സയെ ഗോളടിക്കാൻ സമ്മതിച്ചില്ല. ലയണൽ മെസി, ലൂയിസ‌് സുവാരസ‌്, ഇവാൻ റാകിടിച്ച‌്, ജെറാർഡ‌് പിക്വെ തുടങ്ങിയ പ്രധാന കളിക്കാർ വെസ‌്കയ‌്ക്കെതിരെ ഇറങ്ങിയില്ല.

ആദ്യപാദത്തിൽ യുണൈറ്റഡിനെതിരെ നല്ല നീക്കങ്ങൾ നടത്താൻ ബാഴ‌്സയ‌്ക്കായില്ല. മെസി മങ്ങിയത‌് തിരിച്ചടിയായി. പ്രതിരോധം ഭദ്രമായിരുന്നു ബാഴ‌്സയുടേത‌്.
മറുവശത്ത‌് യുണൈറ്റഡിന‌് ലക്ഷ്യത്തിലേക്ക‌് ഒരു ഷോട്ട‌് പോലും തൊടുക്കാനായില്ല. മധ്യനിരയിൽ സ‌്കോട്ട‌് മക‌്ടോമിനിയുടെ പ്രകടനം മികച്ചതായിരുന്നു. പ്രീ ക്വാർട്ടറിൽ പിഎസ‌്ജിയോട‌് ആദ്യപാദത്തിൽ തോറ്റശേഷം രണ്ടാംപാദത്തിൽ തിരിച്ചടിച്ചാണ‌് യുണൈറ്റഡ‌് ക്വാർട്ടറിലേക്ക‌് കടന്നത‌്. അതേ പ്രകടനം ആവർത്തിക്കു‌മെന്നാണ‌് യുണൈറ്റഡ‌് പരിശീലകൻ ഒലെ ഗുണ്ണാർ സോൾചെയറിന്റെ വിശ്വാസം.

ഇംഗ്ലീഷ‌് പ്രീമിയർ ലീഗിൽ വെസ‌്റ്റ‌് യുണൈറ്റഡിനെതിരെ ജയം നേടിയാണ‌് യുണൈറ്റഡ‌് നൗകാമ്പിലേക്ക‌് പുറപ്പെട്ടത‌്. കളിക്കാർക്ക‌് വേണ്ടത്ര വിശ്രമം കിട്ടിയില്ലെന്ന‌ായിരുന്നു സോൾചെയറിന്റെ പരാതി. വെസ‌്റ്റ‌്ഹാമിനെതിരെ പുറത്തിരുന്ന മാർകസ‌് റാഷ‌്ഫഡും  വിക്ടർ ലിൻഡെലൊഫും തിരിച്ചെത്തും.
ഉസ‌്മാൻ ഡെംബെലെ പരിക്കുമാറി തിരിച്ചെത്തിയത‌് ബാഴ‌്സയ‌്ക്ക‌് ഗുണം ചെയ്യും. എങ്കിലും ഡെംബെലെ ആദ്യ പതിനൊന്നിൽ ഇടംപിടിക്കുമെന്ന‌് ഉറപ്പില്ല. മെസിയിലാണ‌് ബാഴ‌്സയുടെ പ്രതീക്ഷകൾ. നൗകാമ്പിൽ മെസി തിളങ്ങിയാൽ ബാഴ‌്സയ‌്ക്ക‌് എളുപ്പമാകും.

അയാ‌ക‌്സിനെതിരെ കടുത്ത പോരാട്ടമാണ‌് യുവന്റസിനെ കാത്തിരിക്കുന്നത‌്. ആംസ‌്റ്റാർഡാമിൽ ഒരു ഗോളടിക്കാനായത‌് യുവന്റസിന‌് മേൽക്കൈ നൽകി. നാളെ സമനിലയായാലും യുവന്റസിന‌് സെമിയിലേക്ക‌് മുന്നേറാം.ഇറ്റാലിയൻ ലീഗിൽ പകരക്കാരുടെ നിരയുമായി ഇറങ്ങിയ യുവന്റസിന‌് അപ്രതീക്ഷിത തോൽവി പിണഞ്ഞു. സ‌്പാൾ 2–-1ന‌് യുവന്റസിനെ അട്ടിമറിച്ചു. തോൽക്കാതിരുന്നെങ്കിൽ യുവന്റസിന‌് ലീഗിൽ ആറ‌് റൗണ്ട‌് ശേഷിക്കെ തന്നെ കിരീടം നേടാമായിരുന്നു.
സൂപ്പർ താരം ക്രിസ‌്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ‌് യുവന്റസ‌് സ‌്പാളിനെതിരെ കളിച്ചത‌്.

ആദ്യപാദ ക്വാർട്ടറിൽ അയാക‌്സിനെതിരെ യുവന്റസിന‌് സമനിലയൊരുക്കിയത‌് റൊണാൾഡോയായിരുന്നു. നാളെ സ്വന്തം തട്ടകത്തിലും റൊണാൾഡോയാണ‌് യുവന്റസിന്റെ കുന്തമുന.പ്രീ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ അട്ടിമറിച്ച അയാക‌്സ‌് പേടിയില്ലാതെ കളിക്കുന്നവരാണ‌്. ഒന്നാന്തരം ആക്രമണക്കളിയാണ‌് അയാക‌്സിന്റെ യുവനിരയുടേത‌്. ദുസാൻ ടാഡിച്ചാണ‌് അപകടകാരി. അതിനിടെ ഫ്രെങ്കി ഡി ജോങ്ങിന‌് പരിക്കേറ്റത‌് അയാക‌്സിന‌് തിരിച്ചടിയാണ‌്.


പ്രധാന വാർത്തകൾ
 Top