23 May Thursday

വീണ്ടും മെസി = ബാഴ്‌സ 5‐1

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019

നൗകാമ്പ‌്
ലയണൽ മെസി ബാഴ‌്സലോണയെ ചാമ്പ്യൻസ‌് ലീഗിന്റെ അവസാന എട്ടിലേക്ക‌് നയിച്ചു.മെസി കളം നിറഞ്ഞപ്പോൾ ബാഴ‌്സ രണ്ടാംപാദ പ്രീ ക്വാർട്ടറിൽ ഫ്രഞ്ച‌് ക്ലബ‌് ല്യോണിനെ ഒന്നിനെതിരെ അഞ്ച‌് ഗോളിന‌് തകർത്തു. മെസി രണ്ട‌് ഗോളടിച്ചു, രണ്ടെണ്ണത്തിന‌് വഴിയൊരുക്കി. ഫിലിപ് കുടീന്യോ, ജെറാർഡ‌് പിക്വെ, ഉസ‌്മാൻ ഡെംബെലെ എന്നിവരാണ‌് ബാഴ‌്സയുടെ മറ്റ‌് ഗോളടിക്കാർ. ല്യോണിനായി ലുകാസ‌് ടൗസാർട്ട‌് ഒരു ഗോൾ മടക്കി. ല്യോണിന്റെ തട്ടകത്തിൽ നടന്ന ആദ്യപാദത്തിൽ ഇരു ടീമുകളും ഗോളടിച്ചിരുന്നില്ല.

നൗകാമ്പിൽ കളി മെസി നെയ‌്തു‌. ഇടയ‌്ക്കൊന്ന‌് തളർന്നുപോയ ബാഴ‌്സയെ മെസി ഒറ്റയ‌്ക്ക‌്  തോളേറ്റി. കളി തുടങ്ങി 20 മിനിറ്റ‌് തികയുംമുമ്പ‌്  മെസി പെനൽറ്റി  വലയിലെത്തിച്ചു. രണ്ടാംപകുതിയിലായിരുന്നു മെസിയുടെ രണ്ടാംഗോൾ. മൂന്ന‌് പ്രതിരോധക്കാർക്കിടയിലൂടെ പന്ത‌് വലതുകാൽകൊണ്ട‌് തഴുകിയിട്ടു. ഗോൾ കീപ്പറുടെ കൈയിൽ തട്ടി പതുക്കെ പന്ത‌് വലയിൽ കയറി. പിന്നാലെ പിക്വെയുടെയും ഡെംബെലെയുടെയും ഗോളുകൾക്ക‌് അവസരവുമൊരുക്കി ഈ മുപ്പത്തൊന്നുകാരൻ. 25 ഷോട്ടുകൾ പായിച്ചിട്ടും ആദ്യപാദത്തിൽ ല്യോണിനെതിരെ ഗോൾ നേടാനാകാത്തതിന്റെ നിരാശയിലാണ‌് ബാഴ‌്സ നൗകാമ്പിൽ എത്തിയത‌്. മുന്നേറ്റത്തിൽ ഡെംബെലെയ‌്ക്കുപകരം കുടീന്യോ വന്നതായിരുന്നു പ്രധാന മാറ്റം.

തുടക്കംമുതൽ ബാഴ‌്സ കളി നിയന്ത്രിച്ചു. പെട്ടെന്നുതന്നെ അവർ മുന്നിലെത്തി. ലൂയിസ‌് സുവാരസിനെ ജാസൺ ഡെനായെർ ബോക‌്സിൽ വീഴ‌്ത്തിയതിന‌് പെനൽറ്റി. പനേങ്ക കിക്കിലൂടെ മെസി ബാഴ‌്സയെ മുന്നിലെത്തിച്ചു.പിന്നാലെ ല്യോണിന‌് മറ്റൊരു തിരിച്ചടിയേറ്റു. കുടീന്യോയുടെ മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെ ഗോൾ കീപ്പർ ആന്തണി ലോപെസിന‌് പരിക്കേറ്റു. തലയിലേറ്റ ആഘാതം വകവയ‌്ക്കാതെ ലോപെസ‌് തുടർന്നെങ്കിലും മുന്നോട്ടുപോകാനായില്ല. അരമണിക്കൂറിനുശേഷം പകരക്കാരൻ ഗോൾ കീപ്പർ മത്തേയു ജോർജെലിൻ ഇറങ്ങി. ഇതിനിടെ ബാഴ‌്സ നേട്ടം രണ്ടാക്കി.

സുവാരസായിരുന്നു ആസൂത്രകൻ. വലതുവശത്തിലൂടെ മുന്നേറിയ സുവാരസ‌് ബോക‌്സിൽവച്ച‌് നിസ്വാർഥമായി  പന്ത‌് കുടീന്യോയ‌്ക്ക‌് നൽകി. പന്ത‌ിൽ ചെറുതായൊന്ന‌്  തൊടുക മാത്രമേ കുടീന്യോക്ക‌് വേണ്ടിവന്നുള്ളൂ.രണ്ടാംപകുതിയിൽ അപ്രതീക്ഷിതമായി ല്യോൺ തിരിച്ചടിച്ചു. കോർണറിൽനിന്നുള്ള കൂട്ടപ്പൊരിച്ചിലിനൊടുവിൽ ടൗസാർട്ട‌് ല്യോണിനായി ഒരു ഗോൾ മടക്കി.  ബോക‌്സിനുള്ളിൽ സെർജിയോ ബുസ‌്ക്വെറ്റ‌്സിന്റെ ദുർബലമായ ഹെഡർ ടൗസാർട്ടിന്റെ കാലിൽകിട്ടി. ല്യോൺ താരത്തിന്റെ വോളി ബാഴ‌്സ ഗോൾ കീപ്പർ മാർക‌് ആന്ദ്രേ ടെർ സ‌്റ്റെയ‌്ഗന‌് എത്തിപ്പിടിക്കാനായില്ല.

ഒരു ഗോൾകൂടി വീണാൽ ബാഴ‌്സയെ തുരത്താം എന്ന ലക്ഷ്യത്തോടെയായിരുന്നു ശേഷം ല്യോണിന്റെ കളി. ബാഴ‌്സ ഏറ്റവും പരിഭ്രമിച്ച ഘട്ടം. ബാഴ‌്സയ‌്ക്ക‌് പന്ത‌് നിയന്ത്രിക്കാനേ കഴിഞ്ഞില്ല. പ്രതിരോധം പതറി. നബീൽ ഫെക്കീറും സംഘവും ബാഴ‌്സ ഗോൾമേഖലയിൽ വട്ടമിട്ടുപറന്നു.

ബാഴ‌്സ മാറ്റംവരുത്തി‌. കുടീന്യോയ‌്ക്ക‌് പകരം ഡെംബെലെ എത്തി. കളിയുടെ അവസാന 20 മിനിറ്റിലേക്ക‌്. മെസി രക്ഷയ‌്ക്കെത്തി. മധ്യവരയ‌്ക്ക‌് മുന്നിൽനിന്ന‌് മെസിയുടെ കുതിപ്പ‌്. ബോക‌്സിലേക്ക‌് രണ്ട‌് പ്രതിരോധക്കാർക്കിടയിലൂടെ ക്രോസ‌്. ഓടിയെത്തിയ പിക്വെ അതിൽകാൽവച്ചു. അവസാന നിമിഷം ഡെംബെലയുടെ ഗോളിനും മെസി വഴിയൊരുക്കി.
ചാമ്പ്യൻസ‌് ലീഗ‌് ഈ സീസണിൽ എട്ട‌് ഗോളാണ‌് മെസിക്ക‌്. ബയേൺ മ്യൂണിക്കിന്റെ റോബർട്ട‌് ലെവൻഡോവ‌്സ‌്കിക്കൊപ്പം. ചാമ്പ്യൻസ‌് ലീ‌ഗ‌് ഒരു മത്സരത്തിൽ മെസി ഇരട്ടഗോൾ നേടുന്നത‌് 31–-ാം തവണയാണ‌്.


പ്രധാന വാർത്തകൾ
 Top