15 July Wednesday

ഓസീസ്‌ അടി, തെറ്റി ഇന്ത്യ ; ഇന്ത്യക്ക്‌ 10 വിക്കറ്റ്‌ തോൽവി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020

പുറത്താകാതെ സെഞ്ചുറി നേടിയ ആരോൺ ഫിഞ്ചും ഡേവിഡ്‌ വാർണറും വിജയശേഷം


മുംബൈ
വെസ്‌റ്റിൻഡീസിനെയും ശ്രീലങ്കയെയും വിറപ്പിച്ചെത്തിയ വിരാട്‌ കോഹ്‌ലിയും കൂട്ടരും ഓസ്‌ട്രേലിയക്ക്‌ മുന്നിൽ പൂച്ചക്കുഞ്ഞുങ്ങളായി. ഒന്ന്‌ പൊരുതാൻ പോലുമാകാതെ ഇന്ത്യ ആദ്യ ഏകദിനത്തിൽ കീഴടങ്ങി.മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ പത്ത്‌ വിക്കറ്റിന്റെ അപമാനകരമായ തോൽവിയാണ്‌ ഇന്ത്യ വഴങ്ങിയത്‌. 255 എന്ന ദുർബല സ്‌കോറിനെ ഡേവിഡ്‌ വാർണറുടെയും (128) ആരോൺ ഫിഞ്ചിന്റെയും (110) സെഞ്ചുറികൾ കൊണ്ട്‌ ഓസീസ്‌ അനായാസം മറികടന്നു. 74 പന്തുകൾ ബാക്കിയുണ്ടായിരുന്നു. ഇന്ത്യ 49.1 ഓവറിൽ 255ന്‌ കൂടാരം കയറി. 74 റണ്ണെടുത്ത ശിഖർ ധവാൻ മാത്രമാണ്‌ പിടിച്ചുനിന്നത്‌.

തൊട്ടതെല്ലാം പിഴയ്‌ക്കുകയായിരുന്നു കോഹ്‌ലിക്ക്‌. ടോസ്‌ നഷ്ടം മുതൽ ബാറ്റിങ്‌ നിരയിലെ അനാവശ്യ പരീക്ഷണങ്ങൾവരെ. മൂർച്ചയില്ലാത്ത ബൗളിങ്‌ നിരയും ആത്മവിശ്വാസമില്ലാത്ത ഫീൽഡർമാരും ചേർന്ന്‌ കളി കൈവിട്ടു. 200ന്‌ മുകളിലുള്ള ലക്ഷ്യത്തിൽ പത്ത്‌ വിക്കറ്റ്‌ തോൽവി വഴങ്ങുന്നതും ആദ്യമായാണ്‌.
മറുവശത്ത്‌ ഓസീസ്‌ വിറപ്പിച്ചു. വീര്യമുള്ള പേസ്‌ നിരയും ഉശിരുള്ള ബാറ്റിങ്‌നിരയും ഓസീസിനെ വമ്പൻമാരാക്കി. തുടർജയങ്ങളിൽ അഭിരമിച്ച കോഹ്‌ലിക്കും കൂട്ടർക്കുമുള്ള മുന്നറിയിപ്പുകൂടിയാണ്‌ ഈ തോൽവി.

ട്വന്റി–-20 കളിക്കുന്ന പോലെയായിരുന്നു വാർണറും ഫിഞ്ചും. അടുത്ത ട്വന്റി–-20 ലോകകപ്പിനുള്ള ഒരുക്കമായി ആദ്യ ഏകദിനത്തെ കണ്ടു. ബൗണ്ടറികളും സിക്‌സറുകളും ഇടതടവില്ലാതെ പാഞ്ഞപ്പോൾ കോഹ്‌ലിക്ക്‌ മറുതന്ത്രങ്ങളൊന്നുമില്ലായിരുന്നു. പേസർമാരും സ്‌പിന്നർമാരും വശംകെട്ടു.

പത്തോവറിൽ 84 റണ്ണാണ്‌ വാർണറും ഫിഞ്ചും ചേർന്ന്‌ അടിച്ചുകൂട്ടിയത്‌. തുടക്കത്തിൽ ഫിഞ്ചായിരുന്നു അപകടകാരി. കളി പുരോഗമിക്കവെ നിയന്ത്രണം വാർണർ ഏറ്റെടുത്തു. അവസരങ്ങളൊന്നും നൽകിയില്ല. ഇടയ്‌ക്ക്‌ അമ്പയറുടെ പിഴവിൽ രണ്ടുതവണ വാർണർ ഔട്ടായെങ്കിലും ഡിആർഎസ്‌ രക്ഷിച്ചു. ഇരുവരുടെയും കൂട്ടുകെട്ട്‌ റെക്കോഡുമായി. ഇന്ത്യക്കെതിരെ ഒരു ഓസീസ്‌ സഖ്യത്തിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ട്‌.

വാർണറാണ്‌ ആദ്യം സെഞ്ചുറി പൂർത്തിയാക്കിയത്‌. മുപ്പത്തൊന്നാം ഓവറിൽ ജസ്‌പ്രീത്‌ ബുമ്രയെ ബൗണ്ടറി പായിച്ച്‌ വാർണർ മൂന്നക്കത്തിലെത്തി. ഏകദിനത്തിലെ 18–-ാം സെഞ്ചുറി. മൂന്ന്‌ സിക്‌സറും 17 ബൗണ്ടറികളും  ഈ ഇടംകൈയന്റെ ഇന്നിങ്‌സിൽ ഉൾപ്പെട്ടു.

വാർണറെ കടന്നാക്രമണത്തിന്‌ വിട്ട്‌ പിൻവലിഞ്ഞ ഫിഞ്ചിന്റെ ഊഴമായിരുന്നു അടുത്തത്‌. രവീന്ദ്ര ജഡേജയെ ബൗണ്ടറി പായിച്ചാണ്‌ ഓസീസ്‌ ക്യാപ്‌റ്റൻ സെഞ്ചുറി പൂർത്തിയാക്കിയത്‌. 16–-ാം സെഞ്ചുറി. രണ്ട്‌ സിക്‌സറും 13 ബൗണ്ടറികളും.

ടോസ്‌ നഷ്ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യക്ക്‌ തുടക്കത്തിലേ രോഹിത്‌ ശർമയെ നഷ്ടമായി. പത്ത്‌ റണ്ണെടുത്ത രോഹിതിനെ മിച്ചെൽ സ്‌റ്റാർകിന്റെ വേഗം കുറഞ്ഞ പന്ത്‌ പറ്റിച്ചു. ശിഖർ ധവാനും (91 പന്തിൽ 74) ലോകേഷ്‌ രാഹുലും (61 പന്തിൽ 47) ചേർന്നാണ്‌ ഭേദപ്പെട്ട നിലയിലെത്തിച്ചത്‌.

മൂന്ന്‌ ഓപ്പണർമാരെ ഒന്നിച്ചിറക്കിയ ഇന്ത്യക്ക്‌ ബാറ്റിങ്ങിന്റെ താളവും നഷ്ടമായി. മൂന്നാം നമ്പറിൽ രാഹുൽ എത്തിയപ്പോൾ കോഹ്‌ലി ഒരുപടി ഇറങ്ങി നാലാമനായി. 14 പന്തിൽ 16 റണ്ണെടുത്ത ക്യാപ്‌റ്റൻ ആദം സാമ്പയുടെ പന്തിൽ പിടികൊടുത്ത്‌ മടങ്ങുകയും ചെയ്‌തു.

നാലാം നമ്പറിൽ സമീപകാലത്ത്‌ തകർപ്പൻ കളി പുറത്തെടുക്കുന്ന ശ്രേയസ്‌ അയ്യരെ അഞ്ചാം നമ്പറിലാണ്‌ ഇറക്കിയത്‌. ശ്രേയസിനും (9 പന്തിൽ 4) തിളങ്ങാനായില്ല. ഋഷഭ്‌ പന്തും (33 പന്തിൽ 28) ജഡേജയുമാണ്‌ (32 പന്തിൽ 25) സ്‌കോർ 250 കടത്തിയത്‌.

ഓസീസിനായി സ്‌റ്റാർക്‌ മൂന്നും പാറ്റ്‌ കമ്മിൻസും കെയ്‌ൻ റിച്ചാർഡ്‌സണും രണ്ടുവീതം വിക്കറ്റും നേടി. രണ്ടാം ഏകദിനം വെള്ളിയാഴ്‌ച നടക്കും.


പ്രധാന വാർത്തകൾ
 Top