26 February Wednesday

ഖേലോ ഇന്ത്യ യൂത്ത്‌ ഗെയിംസ്‌ : അത്‌ലറ്റിക്‌സിൽ കേരളം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020


ഗുവാഹത്തി
ഖേലോ ഇന്ത്യ യൂത്ത്‌ ഗെയിംസ്‌ അത്‌ലറ്റിക്‌സിൽ കേരളം ആദ്യമായി കിരീടം നേടി.  പത്ത്‌ സ്വർണവും രണ്ട്‌ വെള്ളിയും ആറ്‌ വെങ്കലവുമാണ്‌ സമ്പാദ്യം. ഒമ്പത്‌ സ്വർണവുമായി ഹരിയാന രണ്ടാമതായി. അവസാന ദിനം നാല്‌ സ്വർണവും രണ്ട്‌ വെള്ളിയും സ്വന്തമാക്കി. 

21 വയസ്സിന്‌ താഴെയുള്ള പെൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ അപർണ സ്വന്തം റെക്കോഡ്‌ തിരുത്തി. കഴിഞ്ഞ വർഷം സ്ഥാപിച്ച 14.25 സെക്കൻഡ്‌ 13.91 ആയി പുതുക്കി കോഴിക്കോടുകാരി. ഹൈജമ്പിൽ 1.73 മീറ്റർ ഉയരം താണ്ടി എം ജിഷ്‌ണ ഒന്നാമതെത്തി.

4 x 400 മീറ്റർ റിലേയിൽ കേരളം നേട്ടം കൊയ്‌തു. പെൺകുട്ടികൾ ഇരുവിഭാഗത്തിലും റെക്കോഡോടെ പൊന്നണിഞ്ഞു. അണ്ടർ 17-ൽ സാന്ദ്രമോൾ സാബു, പ്രതിഭ വർഗീസ്‌, സ്‌റ്റെഫി സാറ കോശി, എൽഗ തോമസ്‌ എന്നിവരടങ്ങിയ ടീം മൂന്ന്‌ മിനിറ്റ്‌ 52.07 സെക്കൻഡിൽ ചാമ്പ്യൻമാരായി. 21 വയസ്സിന്‌ താഴെയുള്ളവരിൽ ഗൗരിനന്ദന, പ്രിസ്‌കില്ല ഡാനിയേൽ, കെ എം നിബ, എ എസ്‌ സാന്ദ്ര എന്നിവർ അണിനിരന്ന സംഘവും ഒന്നാമതെത്തി (3:48.98). രണ്ട്‌ വിഭാഗങ്ങളിലും ആൺകുട്ടികൾ വെള്ളി നേടി. 

ജിംനാസ്‌റ്റിക്‌സിൽ കണ്ണൂർ കതിരൂർ സ്വദേശി കെ പി സ്വാദിഷ്‌ സ്വർണം നേടി. തിരുവനന്തപുരത്തുകാരൻ ജെ എസ്‌ ഹരികൃഷ്‌ണന്‌ വെങ്കലം ലഭിച്ചു. പെൺകുട്ടികളുടെ അണ്ടർ 21 വോളിബോളിൽ കേരളം ഫൈനലിൽ കടന്നു. അണ്ടർ 17 വിഭാഗത്തിൽ സെമിയിൽ തോറ്റു. മഹരാഷ്‌ട്ര 26 സ്വർണമടക്കം 107 മെഡലുമായി  ഓവറോൾ കിരീടത്തിലേക്ക്‌ കുതിക്കുന്നു. േകരളം 12 സ്വർണമടക്കം 25 മെഡലുമായി അഞ്ചാമതാണ്‌.
 


പ്രധാന വാർത്തകൾ
 Top