26 February Wednesday

വാൽവെർദെ പുറത്ത്‌ ; സെതിയെൻ ബാഴ്‌സ കോച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020


നൗകാമ്പ്‌
ഒടുവിൽ ബാഴ്‌സലോണ പരിശീലക സ്ഥാനത്തുനിന്ന്‌ ഏണസ്‌റ്റോ വാൽവെർദെ പുറത്ത്‌. റയൽ ബെറ്റിസ്‌ മുൻ പരിശീലകൻ കിക്വെ സെതിയെനാണ്‌ പകരക്കാരൻ. രണ്ടു വർഷത്തേക്കാണ്‌ കരാർ. മുൻ താരം സാവി പിൻമാറിയതോടെയാണ്‌ സെതിയെൻ ബാഴ്‌സയുടെ അറുപതാം പരിശീലകനായി എത്തുന്നത്‌.

സ്‌പാനിഷ്‌ സൂപ്പർ കപ്പിൽ അത്‌ലറ്റികോ മാഡ്രിഡിനോട്‌ തോറ്റതിന്‌ പിന്നാലെയാണ്‌ വാൽവെർദെയുടെ കസേര തെറിച്ചത്‌. കളിയിൽ മുന്നിലെത്തിയശേഷം അവസാന നിമിഷമായിരുന്നു കീഴടങ്ങൽ. കഴിഞ്ഞ ചാമ്പ്യൻസ്‌ ലീഗ്‌ സെമിയിൽ ലിവർപൂളിനോട്‌ തോറ്റതിന്‌ പിന്നാലെ വാൽവെർദെയെ പുറത്താക്കാൻ മുറവിളി ഉയർന്നിരുന്നു.

സൂപ്പർ കപ്പിൽ വീണതോടെ അമ്പത്തഞ്ചുകാരനിൽ ബാഴ്‌സ തീരുമാനമെടുത്തു. ക്യാപ്‌റ്റൻ ലയണൽ മെസിയും സമ്മതം മൂളിയതോടെ കാര്യങ്ങൾ വേഗത്തിലായി. 2017ൽ അത്‌ലറ്റികോ ബിൽബാവോയിൽ നിന്നാണ്‌ വാൽവെർദെ ബാഴ്‌സയിൽ എത്തിയത്‌. ലൂയിസ്‌ എൻറിക്വെയുടെ പിൻഗാമിയായിട്ടായിരുന്നു വരവ്‌. രണ്ട്‌ സീസണിലും ബാഴ്‌സയെ ലീഗ്‌ ചാമ്പ്യൻമാരാക്കി. സ്‌പാനിഷ്‌ സൂപ്പർ കപ്പും കിങ്‌സ്‌ കപ്പും ഒരു വട്ടം നേടി.

അത്‌ലറ്റികോ മാഡ്രിഡ്‌ താരമായിരുന്നു സെതിയെൻ. മൂന്നുവട്ടം സ്‌പെയ്‌ൻ കുപ്പായമണിഞ്ഞു. 19 വർഷത്തെ പരിശീലക അനുഭവമുണ്ട്‌. ബാഴ്‌സയ്‌ക്ക്‌ ഇണങ്ങുന്ന കളിശൈലിയാണ്‌ സ്‌പാനിഷുകാരന്റേത്‌. യൊഹാൻ ക്രൈഫിന്റെ കടുത്ത ആരാധകനും. തനതു കളി വീണ്ടെടുക്കാൻ കൂടിയാണ്‌ ബാഴ്‌സ അറുപത്തൊന്നുകാരനെ കൂടാരത്തിൽ എത്തിച്ചിരിക്കുന്നത്‌.


പ്രധാന വാർത്തകൾ
 Top