13 August Thursday

പിടിച്ചെടുത്തു സമനില ; മെസി ബൗളിക്ക്‌ ഇരട്ടഗോൾ

പ്രദീപ്‌ ഗോപാൽUpdated: Saturday Dec 14, 2019

ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഗോൾ നേടിയ മെസി ബൗളിയെ അഭിനന്ദിക്കുന്ന സെയ്‌ത്യാസെൻ. സമീപം ജീക്‌സൺ സിങ്‌ / ഫോട്ടോ: കെ എസ്‌ പ്രവീൺകുമാർ


കൊച്ചി
അവസാന നിമിഷങ്ങളിൽ ഗോൾ വഴങ്ങാറുള്ള പതിവ‌് കേരള ബ്ലാസ‌്റ്റേഴ‌്സ‌് ഇക്കുറി തെറ്റിച്ചു. ജംഷഡ‌്പുരിനെതിരെ രണ്ട‌് ഗോൾ വഴങ്ങിയശേഷം ബ്ലാസ‌്റ്റേഴ‌്സ‌് സമനില പിടിച്ചെടുത്തു (2﹣-2). പത്ത‌് മിനിറ്റിനുള്ളിൽ ഇരട്ടഗോൾ തൊടുത്ത റാഫേൽ മെസി ബൗളിയാണ‌് ബ്ലാസ‌്റ്റേഴ‌്സിനെ കാത്തത‌്. തുടർച്ചയായ മൂന്നാം സമനിലയാണിത‌്. എട്ട‌് കളിയിൽ ഒരു ജയം മാത്രമേയുള്ളൂ. ഏഴ് പോയിന്റുമായി ഏഴാം സ്ഥാനത്താണ‌് പട്ടികയിൽ.

പൊരുതിക്കളിച്ചെങ്കിലും ആദ്യ നിമിഷങ്ങ‌ളിലെ പിഴവുകൾ ബ്ലാസ‌്റ്റേഴ‌്സ‌ിന‌് വിനയായി. ജംഷഡ‌്പുരിനായി പീറ്റി പെനൽറ്റിയിലൂടെ ആദ്യ ഗോൾ നേടി. രണ്ടാംപകുതിയിൽ പകരക്കാരനായെത്തിയ മലയാളി താരം സി കെ വിനീത‌് അവരുടെ ലീഡുയർത്തി. ഒന്നാന്തരം ഗോളായിരുന്നു ഈ മുൻ ബ്ലാസ‌്റ്റേഴ‌്സ‌് താരത്തിന്റേത‌്. അവസാന 25 മിനിറ്റിൽ മെസി ബൗളി കളംവാണു. മരിയോ അർക്യൂസും മിന്നി.

പരിക്കിന്റെ ഇടവേള കഴിഞ്ഞ‌് മധ്യനിരയിലേക്ക‌്  അർക്യൂസ‌് തിരിച്ചെത്തിയതായിരുന്നു ബ്ലാസ‌്റ്റേഴ‌്സ‌് നിരയിലെ പ്രധാന മാറ്റം. അർക്യൂസിന്റെ വരവ‌് മധ്യനിരയെ ഉണർത്തി എന്ന രീതിയിലായിരുന്നു ആദ്യ ഘട്ടങ്ങളിൽ ബ്ലാസ‌്റ്റേഴ‌്സിന്റെ നീക്കങ്ങൾ. കളി തുടങ്ങി മിനിറ്റുകൾക്കുള്ളിൽ ബ്ലാസ‌്റ്റേഴ‌്സ‌് ഗോളിന‌് അരികെയെത്തുകയും ചെയ‌്തു. വലതുഭാഗത്ത‌് കുതിച്ച സെയ‌്ത്യാസെൻ സിങ‌് ബോക‌്സിലേക്ക‌് തകർപ്പൻ ക്രോസ‌് തൊടുത്തു. ജംഷഡ‌്പുരിന്റെ രണ്ട‌് പ്രതിരോധക്കാർക്ക‌് നടുവിൽ അർക്യൂസ‌്  ഉയർന്നൊരു ഹെഡർ തൊടുത്തെങ്കിലും ദുർബലമായിപ്പോയി. ഗോൾകീപ്പർ സുബ്രതോ പോൾ എളുപ്പത്തിൽ പന്ത‌് കൈയിലൊതുക്കി. ശേഷം മെസി ബൗളി ബാറിന‌് മുകളിലൂടെ പറത്തി. ബ്ലാസ‌്റ്റേഴ‌്സിന്റെ ആദ്യപകുതിയിലെ ശ്രമങ്ങൾ അവിടെ തീർന്നു. പാസുകൾക്കൊന്നും കൃത്യതയുണ്ടായില്ല‌. മെസി ബൗ‌ളിക്ക‌് ജംഷഡ‌്പുർ പ്രതിരോധത്തിന്റെ കെട്ട‌് പൊട്ടിക്കാനായതുമില്ല. മറുവശത്ത‌് പീറ്റിയുടെ നേതൃത്വത്തിൽ ജംഷഡ‌്പുർ കൃത്യമായ നീക്കങ്ങൾ നെയ‌്തു. മുന്നേറ്റത്തിൽ ഫാറൂഖ‌് ചൗധരി അപകടകാരിയായി. ഒരുതവണ ബ്ലാസ‌്റ്റേഴ‌്സിന്റെ ഓഫ‌് സൈഡ‌് കെണി പൊട്ടിച്ചെറിഞ്ഞ‌് ഫാറൂഖ‌് കുതിച്ചു. ഗോളിലേക്കെത്തിയില്ല പക്ഷേ. ഗോൾകീപ്പർ ടി പി രെഹ‌്നേഷ‌് ജംഷഡ‌്പുർ മുന്നേറ്റത്തിൽ പതറി‌.

ആദ്യപകുതി അവസാനിക്കുന്നതിന‌് തൊട്ടുമുമ്പ‌് ജംഷഡ‌്പുർ മുന്നിലെത്തി. കോർണർകിക്കിൽനിന്നായിരുന്നു തുടക്കം. പന്ത‌് എത്തുംമുമ്പ‌് പ്രതിരോധക്കാരൻ വ‌്ളാട‌്കോ ഡ്രൊബറോവ‌് ടിരിയെ വീഴ‌്ത്തി. റഫറി പെനൽറ്റി വിധിച്ചു. പീറ്റി അനായാസം വല കണ്ടു. ആദ്യപകുതിയുടെ അവസാന നിമിഷം മെസി ബൗളിയെ റോബിൻ ഗുരുങ‌് വീഴ‌്ത്തിയതിന‌് ബ്ലാസ‌്റ്റേഴ‌്സ‌് പെനൽറ്റിക്ക‌് വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല.

ഇടവേളയ‌്ക്കുശേഷം ബ്ലാസ‌്റ്റേഴ‌്സിന്റെ ക‌ളിക്ക‌് വേഗംവന്നു. സെർജിയോ സിഡോഞ്ചോയ‌്ക്ക‌ുപകരം സഹൽ അബ‌്ദുൾ സമദും ഹാളീചരൺ നർസാറിക്ക‌് പകരം കെ പ്രശാന്തുമെത്തി. നല്ല നീക്കങ്ങളുണ്ടായി. ജംഷഡ‌്പുർ പിൻവലിഞ്ഞു. ബ്ലാസ‌്റ്റേഴ‌്സിന്റെ നല്ല നിമിഷങ്ങൾക്കിടെയായിരുന്നു ജംഷഡ‌്പുരിന്റെ പ്രത്യാക്രമണം. പകരക്കാരനായെത്തിയ വിനീത‌്  മിന്നുന്ന ഗോളിൽ അവരുടെ ലീഡുയർത്തി.

തുടർന്നായിരുന്നു മെസി ബൗളിയുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം.ആദ്യം 75‐ാം മിനിറ്റിൽ. സഹൽ ഉയർത്തി നൽകിയ ക്രോസ‌്. പോസ‌്റ്റിന്റെ ഇടതുമൂലയ‌്ക്കരികെ മെസി ബൗളി. പന്തിനൊപ്പം മെസി ബൗളിയും ഉയർന്നു. ഒഴിഞ്ഞ വലയിലേക്ക‌് തകർപ്പൻ ഹെഡർ.അവസാന നിമിഷങ്ങള‌ിൽ ഒന്നാന്തരം ആക്രമണം. 86‐ാം മിനിറ്റ‌്. സെയ‌്ത്യാസന്റെ കുതിപ്പിന‌് ഗുരുങ‌് കാൽവച്ചു. റഫറി പെനൽറ്റി വിധിച്ചു. മെസി ബൗളിയുടെ തകർപ്പൻ കിക്ക‌് വല തുളച്ചു. പിന്നീടുള്ള ശ്രമങ്ങൾക്കൊന്നും സമനിലകെട്ട‌് പൊട്ടിക്കാനായില്ല. 20ന‌് ചെന്നൈയിൻ എഫ‌്സിയുമായിട്ടാണ‌് ബ്ലാസ‌്റ്റേഴ‌്സിന്റെ അടുത്ത കളി. ചെന്നൈയാണ‌് വേദി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top