16 August Sunday
ദേശീയ സ‌്കൂൾ മീറ്റ‌്

ആകാശപ്പൊന്ന‌് ; ആൺകുട്ടികളുടെ ട്രിപ്പിൾജമ്പിൽ ആകാശ‌്

ആർ രഞ‌്ജിത‌്Updated: Saturday Dec 14, 2019സംഗ്രൂർ (പഞ്ചാബ‌്)
മഴമാറി മാനം തെളിഞ്ഞപ്പോൾ ആകാശിന്റെ സ്വർണച്ചാട്ടം. ആൺകുട്ടികളുടെ ട്രിപ്പിൾജമ്പിൽ 15.45 മീറ്റർ ചാടിയാണ‌് തിരുവനന്തപുരം സായിയുടെ താരം കേരളത്തിന‌് രണ്ടാം സ്വർണം സമ്മാനിച്ചത‌്. ദേശീയ സ‌്കൂൾ മീറ്റിൽ അസ്ഥിതുളയ്‌ക്കുന്ന തണുപ്പിനെ അതിജീവിച്ചാണ‌് പ്ലസ‌്ടുക്കാരന്റെ പ്രകടനം. മീറ്റ‌് നാളെ അവസാനിക്കാനിരിക്കെ ഹരിയാന മുന്നേറ്റം തുടരുന്നു. 31 പോയിന്റ‌് പിറകിലായി മൂന്നാമതുള്ള കേരളം ഇന്ന‌് നടക്കുന്ന 13 ഫൈനലുകളിലേക്ക് ഉറ്റുനോക്കുന്നു.

ചെമ്പഴന്തി എസ‌്എൻജിഎച്ച‌്എസിൽ പ്ലസ‌്ടു കൊമേഴ‌്സ‌് വിദ്യാർഥിയായ ആകാശ‌് എം വർഗീസിനെ എം എ ജോർജാണ‌് പരിശീലിപ്പിക്കുന്നത‌്. ആദ്യചാട്ടത്തിൽ 15.26 മീറ്ററും രണ്ടാമത്തേ‌ത‌് 15.23 മീറ്ററും മറികടന്നു. തുടർന്ന‌് 4x100 റിലേ ടീമിനെ ഫൈനലിൽ എത്തിച്ചശേഷമായിരുന്നു മൂന്നാമത്തെ ചാട്ടം. അത‌് 14.48 മീറ്ററായി. നാലാമത്തേത‌് 15.12 മീറ്റർ. അഞ്ചാമത്തെ ചാട്ടം സ്വർണത്തിലേക്കായിരുന്നു‐ 15.31 മീറ്റർ. അവസാനം 15.45 മീറ്ററിലേക്ക‌് കുതിച്ച‌് സ്വർണം ഉറപ്പിച്ചു. സംസ്ഥാന മീറ്റിൽ ആകാശിന്റെ സ്വർണദൂരം  15.72 മീറ്ററായിരുന്നു. ചങ്ങനാശേരി വാകത്താനം മലയിൽ വർഗീസ‌് ജോണിന്റെയും സുരേഖയുടെയും മകനാണ‌്. സി ഡി അഖിൽകുമാർ 14.72 മീറ്ററോടെ നാലാമതായി.

ഇന്നത്തെ ദിവസം കേരളത്തിന‌് നിർണായകമാണ‌്. 13 സ്വർണം നിശ‌്ചയിക്കുന്ന ദിവസം കൂടുതൽ മെഡൽ നേടിയാലേ ഓവറോൾ കിരീടം ലക്ഷ്യംവയ‌്ക്കാനാവൂ. സീനിയറിൽ 49 പോയിന്റുമായാണ‌് ഹരിയാന മുന്നിൽ. കേരളത്തിനും മഹാരാഷ‌്ട്രയ്‌ക്കും 45 പോയിന്റാണ‌്. ഓവറോൾ കിരീടപ്പോരിൽ ഹരിയാന 173 പോയിന്റുമായി മുന്നിലാണ‌്. മഹാരാഷ‌്ട്ര 164, കേരളം 142 പിന്നാലെയുണ്ട‌്.

മൂന്നാംദിവസം പെൺകുട്ടികളുടെ 1500 മീറ്ററിൽ ഡൽഹിയുടെ കെ എം ചന്ദ (4:26.85) റെക്കോഡിട്ടു. ആൺകുട്ടികളുടെ ഹാമർത്രോയിൽ വിദ്യാഭാരതിയുടെ അഫ‌്സർ അഹമ്മദ‌് 71.29 മീറ്ററോടെ പുതിയ ദൂരം കുറിച്ചു. ഇതടക്കം റെക്കോഡുകളുടെ എണ്ണം ഏഴായി.

വാർ ഹീറോസ‌് സ‌്റ്റേഡിയത്തിൽ മഴയിൽ കുതിർന്ന ട്രാക്കിലായിരുന്നു മത്സരം. രാവിലെ മഴ പെയ‌്തപ്പോൾ ഉച്ചയ്‌ക്കുശേഷം മാനം തെളിഞ്ഞു. മഴമൂലം ആൺകുട്ടികളുടെ പോൾവോൾട്ട‌് ഇന്നത്തേക്ക‌് മാറ്റി. കടുത്ത തണുപ്പ‌് താരങ്ങളുടെ പ്രകടനത്തെ ബാധിച്ചു. ടീമിനൊപ്പമുള്ള ആയുർവേദ ഡോക്‌ടർമാരുടെ പരിചരണത്തെ തുടർന്നാണ്‌ അത്‌ലീറ്റുകൾക്ക്‌ ട്രാക്കിൽ ഇറങ്ങാനായത്‌. പെൺകുട്ടികളുടെ 1500ൽ സി ചാന്ദ‌്നി ആറാമതായി. മിന്നു പി റോയ‌് എട്ടാം സ്ഥാനത്താണ‌്. ജാവ‌്‌ലിൻത്രോയിൽ തലീത കുമി സുനിൽ ആറും അനീറ്റ സിബി പതിനൊന്നും സ്ഥാനത്തേക്ക‌് പിന്തള്ളപ്പെട്ടു. സംസ്ഥാന മീറ്റിലെ പ്രകടനത്തിന്റെ അടുത്തുപോലും എത്താനായില്ല. ആൺകുട്ടികളുടെ ഹാമർത്രോയിൽ അലക‌്സ‌് ജോസഫ‌് ഒമ്പതും എം ശ്രീവിശ്വ പത്തും സ്ഥാനത്താണ‌്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top