30 November Monday

യൂറോപ്പിൽ വമ്പൻമാർക്ക്‌ തിരിച്ചടി ; രണ്ട്‌വർഷത്തിനിടെ സ്‌പെയ്‌നിന്റെ ആദ്യ തോൽവി

വെബ് ഡെസ്‌ക്‌Updated: Thursday Oct 15, 2020

സ്വിറ്റ്‌സർലൻഡിനെതിരായ സമനിലയ്‌ക്കുശേഷം നിരാശയോടെ മടങ്ങുന്ന ജർമൻ താരം ടോണി ക്രൂസ്‌

കീവ്‌
യുവേഫ നേഷൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ വമ്പൻമാർ വിറച്ചു. സ്‌പെയ്‌ൻ ഉക്രയ്‌നോട്‌ ഒരു ഗോളിന്‌ തോറ്റു. ജർമനിയെ സ്വിറ്റ്‌സർലൻഡ്‌ തളച്ചു (3–-3). രണ്ടുവർഷത്തിനിടെ ആദ്യമായാണ്‌‌ മുൻ ലോകചാമ്പ്യൻമാരായ സ്‌പെയ്‌ൻ തോൽവി രുചിക്കുന്നത്‌. 76–-ാം മിനിറ്റിൽ പകരക്കാരൻ വിക്ടർ സൈനോവ്‌ ഉക്രയ്‌ന്‌ ആഘോഷരാവൊരുക്കി.

ഉക്രയ്‌നെതിരെ സ്‌പെയ്‌ൻ മുന്നേറ്റത്തിന്‌ പിഴച്ചു. 21 വട്ടമാണ്‌ അവർ പന്തു തൊടുത്തത്‌. ഒന്നുപോലും ലക്ഷ്യം ഭേദിച്ചില്ല. റോഡ്രിഗോ ഗോളെന്നുറച്ച രണ്ടവസരങ്ങൾ കളഞ്ഞതും ലൂയിസ്‌ എൻറിക്വെയുടെ സംഘത്തിന്‌ തിരിച്ചടിയായി. എട്ട്‌ രക്ഷപ്പെടുത്തലുകൾ നടത്തിയ ഉക്രയ്‌ൻ ഗോൾകീപ്പർ ജ്യോർജി ബുഷാനും സ്‌പെയ്‌നിനെ ചെറുത്തു. സ്‌പെയ്‌ൻ മുന്നേറ്റത്തിൽ വിറങ്ങലിച്ച ഉക്രയ്‌ൻ എതിർവലയിലേക്ക്‌ തൊടുത്ത ഏക ഷോട്ടിൽ ലക്ഷ്യംകണ്ടു. സ്‌പാനിഷ്‌ ഗോളി ഡേവിഡ്‌ ഡെഗെയയുടെ പിഴവായിരുന്നു ഗോളിന്‌ വഴിവച്ചത്‌. 2018 നവംബറിൽ ക്രൊയേഷ്യയോടാണ്‌ സ്‌പെയ്‌ൻ അവസാനമായി തോറ്റത്‌.

സെർജി നാബ്രിയാണ്‌ സ്വിറ്റ്‌സർലൻഡിനെതിരെ ജർമനിയെ തോൽവിയിൽനിന്നു കാത്തത്‌. ആറ്‌ ഗോളുകൾ പിറന്ന മത്സരം ത്രസിപ്പിച്ചു. കയ്‌ ഹവേർട്‌സും ടിമോ വെർണറും ജർമനിക്കായി ലക്ഷ്യംകണ്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top