പുണെ
വിരാട് കോഹ്ലിയിലെ ക്യാപ്റ്റനും കളിക്കാരനും ഒരുപോലെ മിന്നി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ നേടിയ ഇന്നിങ്സ് ജയം കോഹ്ലിയുടെ മികവിന്റെ അടയാളമായി. കളത്തിൽ നടപ്പാക്കിയ തീരുമാനങ്ങൾ ഒന്നുപോലും പിഴച്ചില്ല. ഫീൽഡിങ് വിന്യാസം, ബൗളിങ് മാറ്റങ്ങൾ, ഡിക്ലറേഷൻ, ഫോളോ ഓൺ തീരുമാനം എല്ലാം കൃത്യമായിരുന്നു. ചേരുംപടി ചേർന്നപ്പോൾ ജയം ഇന്നിങ്സിനും 137 റണ്ണിനും. സ്വന്തംമണ്ണിൽ തുടർച്ചയായ 11 പരമ്പര, റെക്കോഡാണിത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പര 2–-0ന് സ്വന്തമാകുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏറ്റവും മികച്ച ജയമാണിത്.
സ്കോർ: ഇന്ത്യ 5–-601 ഡി.; ദക്ഷിണാഫ്രിക്ക 275, 189. ഇരട്ടസെഞ്ചുറി നേടിയ കോഹ്ലി കളിയിലെ താരമായി.
ഇന്നലെ രാവിലെ കോഹ്ലി എടുത്ത ഏറ്റവും മികച്ച തീരുമാനം ദക്ഷിണാഫ്രിക്കയെ ഫോളോ ഓണിന് വിട്ടതാണ്. രണ്ടുദിവസം ബാക്കിനിൽക്കെയായിരുന്നു തീരുമാനം. ബൗളർമാർ ക്യാപ്റ്റന്റെ ആഗ്രഹം കളത്തിൽ നടപ്പാക്കി. 189 റണ്ണിനാണ് ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സിൽ കൂടാരം കയറിയത്.
തുടർച്ചയായി രണ്ടാംദിവസവും പന്തെറിയേണ്ടതിന്റെ ബുദ്ധിമുട്ടുകൾ ഇന്ത്യൻ ബൗളർമാർക്കുണ്ടായില്ല. ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാരുടെ ദൗർബല്യം കാര്യങ്ങൾ എളുപ്പമാക്കി. ഇശാന്ത് ശർമ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നീ പേസർമാരെയും രവീന്ദ്ര ജഡേജയും ആർ അശ്വിനും ഉൾപ്പെട്ട സ്പിൻ നിരയെയും കോഹ്ലി കൃത്യമായി ഉപയോഗിച്ചു. ഇടയ്ക്ക് കോഹ്ലി നേരിട്ടെറിയാനെത്തി. രോഹിത് ശർമയും രണ്ടോവർ പരീക്ഷിച്ചു. വിക്കറ്റിനുപിന്നിൽ വൃദ്ധിമാൻ സാഹയുടെ പ്രകടനവും ഫീൽഡർമാർ തിളങ്ങിയതും ബൗളർമാരുടെ ജോലിഭാരം കുറച്ചു.
മൂന്നുവീതം വിക്കറ്റുമായി ഉമേഷും ജഡേജയും ബൗളർമാരിൽ മിന്നി. അശ്വിൻ രണ്ടെണ്ണം നേടി. ഷമിയും ഇശാന്തും ഓരോന്നെടുത്തു. 326 റൺ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി, രണ്ടാംഘട്ടം കടക്കാനെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങൾ ദുഷ്കരമായിരുന്നു. എയ്ദൻ മാർക്രമിനെ (0) വിക്കറ്റിന് മുന്നിൽ കുരുക്കി ഇശാന്ത് ആദ്യപ്രഹരം നൽകി. പിടിച്ചുനിൽക്കാൻ ശ്രമിച്ചത് ഡീൻ എൽഗറും (48) ടെംബ ബവുമയും (38) മാത്രം. ഒന്നാം ഇന്നിങ്സിലെപ്പോലെ കേശവ് മഹാരാജും (22) വെർണൻ ഫിലാൻഡറും (37) മറ്റൊരു ചെറുത്തുനിൽപ്പിന് ശ്രമിച്ചതാണ്. ഉമേഷ് ലെഗ് സ്റ്റമ്പിൽ പന്തെറിഞ്ഞ് ഫിലാൻഡറെ വിക്കറ്റ്കീപ്പർ സാഹയുടെ കൈയിലെത്തിച്ചു. മഹാരാജിനെ വിക്കറ്റിനുമുന്നിൽ കുരുക്കി ജഡേജ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് അവസാനിപ്പിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കൻ നിരയിൽ ഏഴുപേർ രണ്ടക്കം കണ്ടില്ല.മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് 19ന് ധർമശാലയിൽ തുടങ്ങും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..