20 November Wednesday

പറക്കും സാഹ

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019


പുണെ
‘ഇതെന്റെ വിക്കറ്റുകളല്ല, വൃദ്ധിഭായിയുടേതാണ്‌. ’ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റിനുശേഷം ഇന്ത്യൻ പേസർ ഉമേഷ്‌ യാദവിന്റെ പ്രതികരണം ഇതായിരുന്നു.

വിക്കറ്റിന്‌ പിന്നിലെ സൂപ്പർമാൻ എന്നായിരുന്നു വൃദ്ധിമാൻ സാഹയ്‌ക്കുള്ള വിശേഷണം. ഇരു ഭാഗത്തേക്കും ഒന്നാന്തരം ചാട്ടം. രണ്ട്‌ ഇന്നിങ്‌സുകളിലുമായി അഞ്ച്‌ ക്യാച്ച്‌.
‘വിശാഖപട്ടണത്ത്‌ ഇറങ്ങുമ്പോൾ സാഹ ഇത്തിരി സമ്മർദത്തിലായിരുന്നു. പക്ഷേ, വിക്കറ്റിന്‌ പിന്നിലെത്തിയപ്പോൾ അത്‌ മാറി. എന്ത്‌ മനോഹരമായിരുന്നു സാഹയുടെ  പ്രകടനം’ പുണെയിൽ മാൻ ഓഫ്‌ ദി മാച്ച്‌ പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി പ്രതികരിച്ചു. ഇന്ന്‌ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ്‌ കീപ്പറാണ്‌ സാഹ  എന്നായിരുന്നു പരമ്പരയ്‌ക്ക്‌ മുമ്പ്‌ കോഹ്‌ലി പറഞ്ഞത്‌. അത്‌ കൃത്യമായി.

ഒരു വർഷമാണ്‌ വൃദ്ധിമാൻ സാഹ പരിക്കുകാരണം പുറത്തിരുന്നത്‌. ശസ്‌ത്രക്രിയയ്‌ക്കുശേഷം ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ്‌ അക്കാദമിയിലായിരുന്നു. ഇന്ത്യൻ ടെസ്‌റ്റ്‌ ടീം വിക്കറ്റ്‌ കീപ്പർ സ്ഥാനത്തേക്ക്‌ ഋഷഭ്‌ പന്ത്‌ എത്തി. വിദേശ മണ്ണിൽ രണ്ട്‌ സെഞ്ചുറികൾ കുറിച്ച്‌ പന്ത്‌ ഉറപ്പിച്ചു. വിക്കറ്റിന്‌ പിന്നിലെ പന്തിന്റെ പിഴവുകൾ കൂടിയതോടെ കണ്ണുകൾ വീണ്ടും സാഹയിലേക്കായി. വിശാഖപട്ടണത്ത്‌ സാഹ ഇറങ്ങി. ആ തിരിച്ചുവരവ്‌ ഗംഭീരമായി.

പുണെ ടെസ്‌റ്റിൽ തിയുനിസ്‌ ഡി ബ്രയ്‌ൻ, വെർണൻ ഫിലാൻഡർ, ഫാഫ്‌ ഡു പ്ലെസിസ്‌ എന്നിവരെ പുറത്താക്കിയ ക്യാച്ചുകളായിരുന്നു ശ്രദ്ധേയം.


പ്രധാന വാർത്തകൾ
 Top