20 November Wednesday

ഇടിക്കൂട്ടിൽ വെള്ളിവെളിച്ചം

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019


മോസ്‌കോ
ഇടിക്കൂട്ടിൽ മഞ്‌ജുറാണിക്ക്‌ സ്വർണത്തിളക്കമുള്ള വെള്ളിപ്പതക്കം. ലോക വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ലൈറ്റ്‌ ഫ്‌ളൈവെയ്‌റ്റ്‌ 48 കിലോഗ്രാം വിഭാഗത്തിൽ ഹരിയാനക്കാരി  ഫൈനലിൽ തോറ്റു. ആദ്യത്തെ ലോക ചാമ്പ്യൻഷിപ്പിനിറങ്ങിയ മഞ്‌ജു അവസാനംവരെ പൊരുതിയാണ്‌ റഷ്യയുടെ എകടറീന പാൾട്ട്‌സേവയോട്‌ (4–-1) കീഴടങ്ങിയത്‌.

ആദ്യ റൗണ്ടിൽ ഇടംകൈയൻ ഇടിയുമായി റഷ്യക്കാരി മുന്നിട്ടുനിന്നു. നാട്ടുകാരുടെ പിന്തുണയും കരുത്തായി. രണ്ടാം റൗണ്ടിൽ മഞ്‌ജു നേരിട്ടുള്ള ആക്രമണത്തിന്‌ തയ്യാറായി. ഒഴിഞ്ഞുമാറാനുള്ള ശ്രമത്തിൽ റഷ്യക്കാരിക്ക്‌ ഇടികൊണ്ടു. അവസാന റൗണ്ടിൽ ഇരുവരും സൂക്ഷിച്ചാണ്‌ നീങ്ങിയത്‌. ഒടുവിൽ മിന്നലാക്രമണത്തിലൂടെ എകടറീന മുൻതൂക്കം നേടി.  ഫൈനലിൽ  മഞ്‌ജുവിന്റെ  പരിചയക്കുറവ്‌ തിരിച്ചടിയായി. 

തോൽവിയിലും ഇരുപതുകാരിയുടെ നേട്ടം ചെറുതല്ല. ഈ വർഷമാണ്‌ ദേശീയ ക്യാമ്പിലെത്തിയത്‌. ഹരിയാന റോഹ്‌തക്‌ ജില്ലയിലെ റിതാൽ ഫോഗട്ട്‌ ഗ്രാമത്തിൽനിന്നാണ്‌ വരവ്‌. പതിനൊന്നാം വയസ്സിൽ അച്ഛൻ ക്യാൻസർമൂലം മരിച്ചു. ബിഎസ്‌എഫ്‌ ജവാനായിരുന്നു. നാല്‌ സഹോദരങ്ങൾക്കും അമ്മ ഇശ്വന്തി ദേവിക്കുമൊപ്പം ജീവിതം.

തുടക്കത്തിൽ കബഡി കളിക്കാരിയായിരുന്നു. പിന്നീടാണ്‌ ബോക്‌സിങ്ങിലേക്ക്‌ വന്നത്‌. ‘ ‘കബഡി ടീം ഇനമാണ്‌. അപ്പോൾ വിജയങ്ങൾ പങ്കിടേണ്ടിവരും. വിജയം എനിക്ക്‌ സ്വന്തമായി വേണം. അതാണ്‌ ബോക്‌സിങ് തെരഞ്ഞെടുത്തത്‌’’–- മഞ്‌ജുവിന്റെ വിശദീകരണം.  വിജേന്ദർ സിങ്ങും  മേരികോമുമാണ്‌ മാതൃക. ഇക്കുറി ഹരിയാന ടീമിൽ ഇടം കിട്ടാത്തതിനാൽ പഞ്ചാബിനെ പ്രതിനിധീകരിച്ചാണ്‌ ദേശീയ ചാമ്പ്യൻഷിപ്പിന്‌ ഇറങ്ങിയത്‌. ‘‘ഈ വിജയം അമ്മയ്‌ക്ക്‌ സമർപ്പിക്കുന്നു.  വെള്ളി മെഡൽ നേരത്തെയെത്തിയ പിറന്നാൾസമ്മാനമാണ്‌. ശനിയാഴ്‌ചയാണ്‌ 20 വയസ്സ്‌ തികയുന്നത്‌’’–-മഞ്‌ജു സന്തോഷം മറച്ചുവയ്‌ക്കുന്നില്ല.


പ്രധാന വാർത്തകൾ
 Top