18 November Monday

സ്‌മിത്തിനും കാക്കാനായില്ല

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019

ഇംഗ്ലണ്ടിന്റെ അഞ്ച്‌ വിക്കറ്റുകൾ നേടിയ ഓസ്‌ട്രേലിയയുടെ മിച്ചെൽ മാർഷിന്റെ ആഹ്ലാദം


ഓവൽ
ഇംഗ്ലണ്ടിനെതിരെ തുടർച്ചയായ പത്താം അർധസെഞ്ചുറി നേടിയെങ്കിലും സ്റ്റീവ്‌ സ്‌മിത്തിന്‌ ഓസ്‌ട്രേലിയയെ ഉയർത്താനായില്ല. അവസാന ആഷസ്‌ ക്രിക്കറ്റ്‌ ടെസ്റ്റിൽ  ഒടുവിൽ വിവരം കിട്ടുമ്പോൾ ഓസീസ്‌ ഒന്നാം ഇന്നിങ്‌സിൽ എട്ട്‌ വിക്കറ്റ്‌ നഷ്ടത്തിൽ 205 റണ്ണെടുത്തു. സ്‌മിത്ത്‌ 80 റണ്ണെടുത്ത്‌ മടങ്ങി. ഓസീസ്‌ ഇപ്പോൾ 89 റൺ പിറകിലാണ്‌. നാല്‌ വിക്കറ്റ്‌ നേടിയ ജോഫ്ര ആർച്ചെറാണ്‌ ഓസീസ്‌ ബാറ്റിങ്‌ നിരയെ തുരത്തിയത്‌. നേരത്തേ ഇംഗ്ലണ്ട്‌ ഒന്നാം ഇന്നിങ്‌സിൽ 294ന്‌ പുറത്തായിരുന്നു. അഞ്ച്‌ വിക്കറ്റുകൾ പിഴുത മിച്ചെൽ മാർഷാണ്‌ ഇംഗ്ലണ്ടിനെ ഒതുക്കിയത്‌.

ഒന്നാം ഇന്നിങ്‌സ്‌ ലീഡ്‌ സ്വപ്നം കണ്ട്‌ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയെ ആർച്ചെർ വിരട്ടി. ഓപ്പണർമാരായ ഡേവിഡ്‌ വാർണറിനും (5) മാർകസ്‌ ഹാരിസിനും (3) പിടിച്ചുനിൽക്കാനായില്ല. മൂന്നാം വിക്കറ്റിൽ സ്‌മിത്തുമൊത്ത്‌ 69 റൺ കൂട്ടിച്ചേർത്ത മാർണസ്‌ ലബുഷെയ്‌നെ (48) വിക്കറ്റിനു മുന്നിൽ കുരുക്കി ആർച്ചെർ ഇംഗ്ലണ്ടിനെ കളിയിലേക്ക്‌ തിരിച്ചുകൊണ്ടുവന്നു. മാത്യു വെയ്‌ഡ്‌ (19), മാർഷ്‌ (17), ടിം പെയ്‌ൻ (1) എന്നിവരും വേഗം മടങ്ങി. 145 പന്ത്‌ നേരിട്ട സ്‌മിത്ത്‌ ഒമ്പത്‌ ബൗണ്ടറിയും ഒരു സിക്‌സും നേടി. ഇംഗ്ലണ്ടിനായി സാം കറൻ മൂന്ന്‌ വിക്കറ്റും നേടി.

രണ്ടാംദിനം എട്ടിന്‌ 271 എന്ന നിലയിൽ ബാറ്റിങ്‌ ആരംഭിച്ച ഇംഗ്ലണ്ടിന്‌ പിടിച്ചനിൽക്കാനായില്ല. 23 റണ്ണുകൾ ചേർക്കുന്നതിനിടെ അവർ കൂടാരംകയറി. ജോസ്‌ ബട്‌ലർ 70 റണ്ണെടുത്തു. ബട്‌ലറും വാലറ്റക്കാരൻ ജാക്ക്‌ ലീഷും (21) മടങ്ങിയതോടെ 300 കടക്കാതെ ഇംഗ്ലണ്ട്‌ അവസാനിപ്പിച്ചു. 46 റൺ വഴങ്ങിയാണ്‌ മാർഷ്‌ അഞ്ച്‌ വിക്കറ്റുകൾ നേടിയത്‌.


പ്രധാന വാർത്തകൾ
 Top