20 September Sunday
ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ

നെയ്‌മറുടെ പിഎസ്‌ജി ; വിജയഗോൾ ചൂപൊമോടിങ് നേടി

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020

പിഎസ്‌ജിയുടെ ജയം ആഘോഷിക്കുന്ന എംബാപ്പെയും നെയ്‌മറും


ലിസ്‌ബൺ
നെപ്പോളിയൻ ബോണപ്പാർട്ടിന്റെ നാട്ടുകാർക്ക്‌ കീഴടങ്ങാൻ മനസ്സില്ലായിരുന്നു. ജൂലിയസ്‌ സീസറിന്റെ പിൻഗാമികളുടെ വീര്യത്തിന്‌ മുന്നിൽ തലകുനിക്കാതെ പിഎസ്‌ജി മുന്നോട്ട്‌. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ 25 വർഷത്തിനിടെ ആദ്യമായി സെമിയിൽ. കളിയുടെ മഹാസമയവും പിന്നിൽനിന്നശേഷം അന്ത്യനിമിഷത്തിലെ രണ്ട്‌ ഗോളിൽ അറ്റ്‌ലാന്റയെ വീഴ്‌ത്തി‌ (2–-1)‌. കളിയിൽ 90 മിനിറ്റും അറ്റ്‌ലാന്റയായിരുന്നു മുന്നിൽ. പരിക്ക്‌ സമയത്ത്‌ 149 സെക്കൻഡിൽ രണ്ട്‌ ഗോളടിച്ച്‌ പിഎസ്‌ജി അവിശ്വസനീയ വിജയമൊരുക്കി. മാർക്വീനോസിലൂടെ ഒപ്പമെത്തിയ ഫ്രഞ്ചുകാർക്ക്‌ എറിക്‌ മാക്‌സിം ചൂപൊമോടിങ്‌ ആഘോഷ രാവൊരുക്കി.

രണ്ടുവട്ടം ഗോളിലേക്കുള്ള ഉന്നം പതറിയെങ്കിലും കളിയിലെമ്പാടും പിഎസ്‌ജിയുടെ ജീവനായത്‌ നെയ്‌മറാണ്‌. പകരക്കാരനായെത്തിയ കിലിയൻ എംബാപ്പെ വിജയത്തേര്‌ തെളിച്ചു.ചാമ്പ്യൻസ്‌ ലീഗിൽ കന്നിക്കാരെന്ന ഭാവം ഒട്ടുമില്ലായിരുന്നു അറ്റ്‌ലാന്റയ്‌ക്ക്‌. സംഘടിതമായി ചെറുക്കുകയും തൊടുക്കുകയും ചെയ്യുക എന്നതായിരുന്നു തന്ത്രം. നെയ്‌മറിലായിരുന്നു പിഎസ്‌ജിയുടെ കേന്ദ്രീകരണം. മധ്യനിരയിലിറങ്ങിയും പന്തെടുത്ത്‌ ബ്രസീലുകാരൻ നയം വ്യക്തമാക്കി. ‌എന്നാൽ ഗോൾമുഖത്ത്‌ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരത്തിന്‌ പതറി. തുടക്കത്തിലേ ഒപ്പമെത്താനുള്ള അവസരം പാഴാക്കി. ഗോളിമാത്രം മുന്നിൽനിൽക്കേ നെയ്‌മർ പന്ത്‌ പുറത്തടിച്ചു. അപ്പുറം അറ്റ്‌ലാന്റ ക്യാപ്‌റ്റൻ അലെയാന്ദ്രോ ഗോമെസിന്റെ ശ്രമം കെയ്‌ലർ നവാസ്‌ തടുത്തു. ഏഞ്ചൽ ഡി മരിയയും മാർകോ വെരാറ്റിയും ഇല്ലാത്ത പിഎസ്‌ജി മധ്യനിരയ്‌ക്ക്‌ പിടിവിട്ടു. മുന്നേറ്റത്തിൽ നെയ്‌മർ ഒറ്റയാനായി. മൗറോ ഇക്കാർഡിയാകട്ടെ കാഴ്‌ചക്കാരനും. അറ്റ്‌ലാന്റ മധ്യത്തിൽ കളി പിടിച്ചു. ഗോമെസും ദുവാൻ സപാറ്റയും മുന്നേറി. പിഎസ്‌ജി ഭയന്നു. കീഴടങ്ങി. സപാറ്റ നൽകിയ പന്ത്‌ മരിയോ പെസലിച്ച്‌ തൊടുത്തു. നവാസിന്‌ എത്തിപ്പിടിക്കാനായില്ല. അറ്റ്‌ലാന്റയുടെ വിരട്ടലിൽ പകച്ചുപോയി പിഎസ്‌ജി. ഒപ്പമെത്താനുള്ള അവരുടെ സർവവഴികളും ഇറ്റലിക്കാർ അടച്ചുകൊണ്ടിരുന്നു.

ഇടവേളയിൽ പരിശീലകൻ തോമസ്‌ ടുഷൽ എംബാപ്പെയെ വിളിച്ചു. നെയ്‌മറിന്‌ കൂട്ടാകുക എന്നതായിരുന്നു ഉപദേശം. പരിക്കുള്ള കാലുമായി എംബാപ്പെ കളത്തിൽ. ഇരുപത്തിയൊന്നുകാരന്റെ വരവിൽ പിഎസ്‌ജി ജ്വലിച്ചു. ഇടതുഭാഗത്ത്‌ പന്തുകൾ അതിവേഗം പറന്നു. അപ്പുറം നെയ്‌മറും. ഇരുവരും അറ്റ്‌ലാന്റ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടേയിരുന്നു. ചാമ്പ്യൻസ്‌ ലീഗ്‌ മോഹമിട്ട്‌ പൊന്നുംവില നൽകുന്ന താരങ്ങൾ നിരാശരാക്കിയില്ല.

90–-ാം മിനിറ്റിൽ നെയ്‌മർ ഒരുക്കിയ അവസരം മാർക്വീനോസ്‌ വലകയറ്റി. അറ്റ്‌ലാന്റ കോട്ട തകർന്നു. വഴികൾ തുറന്നു. നെയ്‌മറും എംബാപ്പെയും ആഞ്ഞടിച്ചു. സമനിലഗോളിന്‌ 1‌49 സെക്കൻഡുകൾ കഴിഞ്ഞ്‌, നിശ്ചിതസമയം തീരാൻ രണ്ട്‌ മിനിറ്റ്‌ ബാക്കിനിൽക്കേ ചൂപൊമോടിങ് അറ്റ്‌ലാന്റയെ നിശബ്ദരാക്കി. നെയ്‌മറിൽനിന്ന്‌ തുടങ്ങിയ മുന്നേറ്റം. എംബാപ്പെയിലേക്ക്‌, ഗോൾവലയ്‌ക്കുമുന്നിൽ കിട്ടിയ പന്ത്‌ ചൂപൊമോടിങ് കൃത്യമായി അവസാനിപ്പിച്ചു. പിഎസ്‌ജി 2 അറ്റ്‌ലാന്റ 1.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top