09 August Sunday

സൂപ്പർ ഇംഗ്ലണ്ട്‌ ; സൂപ്പർ ഓവറിൽ ഇംഗ്ലണ്ട്‌ ലോകകപ്പുയർത്തി

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019

ന്യൂസിലൻഡിന്റെ വിക്കറ്റ്‌ വീഴ്‌ച ആഘോഷിക്കുന്ന ഇംഗ്ലണ്ട്‌ താരങ്ങൾ

ലോർഡ‌്സ‌്
ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിൽ ആദ്യമായി സൂപ്പർ ഓവറിൽ ഒരു ചാമ്പ്യൻ. ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പോരിൽ, സൂപ്പർ ഓവറിൽ ഇംഗ്ലണ്ട്‌ ലോകകപ്പുയർത്തി. ന്യൂസിലൻഡ്‌ നിർഭാഗ്യത്തിൽ കണ്ണീരണിഞ്ഞു. നിശ്‌ചിത അമ്പതോവറിൽ ന്യൂസിലൻഡ്‌ എട്ട്‌ വിക്കറ്റ്‌ നഷ്ടത്തിൽ 241 റണ്ണെടുത്തപ്പോൾ ഇംഗ്ലണ്ടിന്റെ പോരാട്ടവും 241ൽ അവസാനിക്കുകയായിരുന്നു. മത്സരം സൂപ്പർ ഓവറിലേക്ക്‌.

സൂപ്പർ ഓവറിൽ ഇംഗ്ലണ്ട്‌ വിക്കറ്റ്‌ നഷ്ടമില്ലാതെ 15 റണ്ണെടുത്തു. ന്യൂസിലൻഡ്‌ ഒന്നിന്‌ 15ഉം. മത്സരത്തിൽ കൂടുതൽ ബൗണ്ടറികൾ നേടിയ ഇംഗ്ലണ്ട്‌ ചാമ്പ്യൻമാരായി. ഇംഗ്ലണ്ട്‌ 24ഉം ന്യൂസിലൻഡ്‌ 16ഉം ബൗണ്ടറികളാണ്‌ നേടിയത്‌.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ ബെൻ സ്‌റ്റോക്‌സിന്റെയും (3 പന്തിൽ 8) ജോസ്‌ ബട്‌‌ലറുടെയും (‌3 പന്തിൽ 7) മികവിൽ 15 റണ്ണെടുത്തു. ട്രെന്റ്‌ ബോൾട്ടാണ്‌ പന്തെറിഞ്ഞത്‌. സൂപ്പർ ഓവറിൽ ഇംഗ്ലണ്ടിന്‌ അവസാന പന്തിൽ ജയിക്കാൻ രണ്ട്‌ റണ്ണായിരുന്നു. ജോഫ്ര ആർച്ചെറിന്റെ പന്തിൽ രണ്ട്‌ റണ്ണിനോടിയ മാർടിൻ ഗുപ്‌റ്റിൽ റണ്ണൗട്ടായതോടെ കിരീടം ഇംഗ്ലണ്ടിനായി.

98 പന്തിൽ 84 റണ്ണുമായി പുറത്താകാതെനിന്ന ബെൻ സ്‌റ്റോക്‌സാണ്‌ മത്സരത്തെ ആവേശകരമായ അന്ത്യത്തിലേക്ക്‌ നയിച്ചത്‌. രണ്ടോവറിൽ നാല്‌ വിക്കറ്റ്‌ ശേഷിക്കെ 24 റണ്ണായിരുന്നു ഇംഗ്ലണ്ടിന്‌ ആവശ്യം. അവസാന ഒാവറിൽ അത്‌് രണ്ട്‌ വിക്കറ്റ്‌  ശേഷിക്കെ 15 ആയി. ട്രെന്റ്‌ ബോൾട്ടിന്റെ ആദ്യ രണ്ട്‌ പന്തിൽ റണ്ണില്ല. അടുത്ത പന്ത്‌ സിക്‌സർ. നാലാം പന്തിൽ സ്‌റ്റോക്‌സ്‌ ആഞ്ഞടിച്ചു. മാർടിൻ ഗുപ്‌റ്റിൽ തടുത്തു. രണ്ട്‌ റണ്ണിനായി സ്‌റ്റോക്‌സിന്റെ ശ്രമം. ഇതിനിടെ ഗുപ്‌റ്റിലിെന്റെ ഏറ്‌ സ്‌റ്റോക്‌സിന്റെ ബാറ്റിൽ കൊണ്ട്‌ തെറിച്ചു. പന്ത്‌ ബൗണ്ടറി വര കടന്നു. ഓടിയ രണ്ടും റണ്ണും ചേർന്ന്‌ ആറ്‌ റൺ. ഇതോടെ രണ്ട്‌ പന്തിൽ മൂന്നായി ലക്ഷ്യം. പക്ഷേ, അടുത്ത പന്തിൽ ആദിൽ റഷീദ്‌ റണ്ണൗട്ട്‌. ഒരു റൺ പൂർത്തിയാക്കി. അവസാന പന്തിൽ  ഇംഗ്ലണ്ടിന്‌ ജയിക്കാൻ രണ്ട്‌ റൺ. പക്ഷേ, രണ്ട്‌ റൺ പൂർത്തിയാക്കുന്നതിനിടയിൽ മാർക്‌ വുഡിനെ ബോൾട്ട്‌ റണ്ണൗട്ടാക്കി. കളി സൂപ്പർ ഓവറിൽ എത്തി.

ഇംഗ്ലണ്ടിന്റെ തുടക്കം നന്നായില്ല. നാല‌് മത്സരങ്ങളിൽ തുടർച്ചയായി 100 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ജാസൺ റോയ‌്–-ജോണി ബെയർസ‌്റ്റോ സഖ്യത്തിൽ ഇംഗ്ലണ്ട‌് വിശ്വസിച്ചു.

മാഞ്ചസ‌്റ്ററിൽ ഇന്ത്യൻ ബാറ്റിങ്‌ നിരയെ കൊത്തിയെടുത്ത കിവി പേസർമാർ ലോർഡ‌്സിലും ഉഗ്രഭാവം പൂണ്ടു. അമ്പയറുടെ കാരുണ്യത്തിൽ ആയുസ‌് നീട്ടിക്കിട്ടിയ റോയിയെ ട്രെന്റ‌് ബോൾട്ടും മാറ്റ‌് ഹെൻറിയും ലക്ഷ്യംവച്ചു. ഒടുവിൽ ഹെൻറിയുടെ കെണിയിൽ റോയ‌് (20 പന്തിൽ 17) വീണു. വിശ്വസ‌്തനായ ജോ റൂട്ട‌് റണ്ണെടുക്കാനാകാതെ പരുങ്ങി. റൂട്ടിനെ (30 പന്തിൽ 7) കോളിൻ ഡി ഗ്രാൻഡ‌്ഹോമിന്റെ വേഗം കുറഞ്ഞ പന്ത‌് ചതിച്ചു. ബെയർസ‌്റ്റോയെ (55 പന്തിൽ 36) ലോക്കി ഫെർഗൂസൻ ബൗൾഡാക്കി. സ‌്കോർ 86ൽവച്ച‌് ക്യാപ‌്റ്റൻ ഇയോവിൻ മോർഗനും (22 പന്തിൽ 9) കൂടാരം കണ്ടു. ജിമ്മി നീഷത്തിന്റെ കുത്തി ഉയർന്ന പന്ത‌് അടിച്ചകറ്റാൻ ശ്രമിച്ച മോർഗനെ ഫെർഗൂസൻ മനോഹരമായ ക്യാച്ചിലൂടെ മടക്കി.

അഞ്ചാം വിക്കറ്റിൽ ബെൻ സ്‌റ്റോക്‌സും  ജോസ്‌ ബട്‌‌ലറും ഒന്നിച്ചതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ പൂത്തു. ബട്‌‌ലർ (60 പന്തിൽ 59) പുറത്തായതോടെ ന്യൂസിലൻഡ്‌ കളിയിലേക്ക്‌ തിരിച്ചുവന്നു. എന്നാൽ സ്‌റ്റോക്‌സ്‌ ഒരറ്റത്ത്‌ ഉറച്ചതോടെ കിവികളുടെ ചെറുത്തുനിൽപ്പ്‌ അവസാനിച്ചു.

ലോർഡ‌്സിൽ നാണയ ഭാഗ്യം കെയ‌്ൻ വില്യംസണ‌് കിട്ടി. ബാറ്റിങ‌് തന്നെ തെരഞ്ഞെടുത്തു. ഇംഗ്ലീഷ‌് പേസർമാർ തുടക്കം ആസ്വദിച്ചു. കിവി ഓപ്പണിങ‌് സഖ്യമായ മാർടിൻ ഗുപ‌്റ്റിലും ഹെൻറി നിക്കോൾസും താളം കണ്ടെത്താൻ വിഷമിച്ചു. ക്യാപ്‌റ്റൻ കെയ‌്ൻ വില്യംസണും നിക്കോൾസും ചേർന്ന‌് കിവീസിനെ തിരികെകൊണ്ടുവന്നു. ഈ സഖ്യം അപകടകരമായി മുന്നേറുന്നതിനിടെ  ഇംഗ്ലീഷ‌് ക്യാപ‌്റ്റൻ മോർഗൻ, ലിയാം പ്ലങ്കറ്റിനെ പന്തേൽപ്പിച്ചു. 53 പന്തിൽ 30 റണ്ണെടുത്ത വില്യംസണെ മടക്കി പ്ലങ്കറ്റ‌് ക്യാപ‌്റ്റന്റെ വിശ്വാസം കാത്തു. നാലോവറിനുള്ളിൽ നിക്കോൾസിനെയും (77 പന്തിൽ 55) പ്ലങ്കറ്റ‌് കൂടാരത്തിലേക്ക‌് പറഞ്ഞയച്ചു.
വാലറ്റത്തെ കൂട്ടുപിടിച്ച‌് ടോം ലാതം നടത്തിയ ചെറുത്തുനിൽപ്പാണ‌് കിവീസിനെ 200 കടത്തിയത‌്.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top