ബാങ്കോക്ക്
മലയാളി ബാഡ്മിന്റൺ താരം എച്ച് എസ് പ്രണോയിയുടെ റാക്കറ്റിലൂടെ ഇന്ത്യക്ക് ചരിത്രഫൈനൽ. പുരുഷ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പായ തോമസ് കപ്പ് സെമിയിൽ ഡെൻമാർക്കിനെ അട്ടിമറിച്ചാണ് ആദ്യ ഫൈനൽ (3–-2).
അവസാന സിംഗിൾസ് മത്സരത്തിന് പ്രണോയ് ഇറങ്ങുമ്പോൾ ഇരുടീമുകളും രണ്ടുവീതം കളി ജയിച്ചുനിൽക്കുകയായിരുന്നു. നിർണായക കളിയിൽ റാസ്മസ് ഗെംകെയെ 13–-21, 21-–-9, 21-–-12ന് വീഴ്ത്തി. 73 മിനിറ്റ് നീണ്ട പോരാട്ടത്തിൽ ഒന്നാം ഗെയിം നഷ്ടമായശേഷമാണ് ഉശിരൻ തിരിച്ചുവരവ്. ഇതോടെ ഇന്ത്യ വെള്ളി മെഡൽ ഉറപ്പിച്ചു. ഞായറാഴ്ച ഫൈനലിൽ ചാമ്പ്യൻമാരായ ഇന്തോനേഷ്യയാണ് എതിരാളി. ക്വാർട്ടറിൽ മലേഷ്യക്കെതിരെയും പ്രണോയിയുടെ മിടുക്കിലാണ് ഇന്ത്യ മുന്നേറിയത്. 73 വർഷത്തെ ചരിത്രത്തിനിടയിൽ തോമസ് കപ്പിൽ ഇന്ത്യയുടെ ആദ്യ മെഡൽനേട്ടം കൂടിയാണിത്. 1952, 1955, 1979 പതിപ്പുകളിൽ സെമിയിൽ കടന്നിരുന്നു.
ലോകറാങ്കിങ്ങിൽ 13–-ാംസ്ഥാനത്താണ് റാസ്മസ്. പ്രണോയിയാകട്ടെ ഇരുപത്തിമൂന്നാമതും. ആദ്യ ഗെയിമിൽ അട്ടിമറിയുടെ സൂചനകളൊന്നുമുണ്ടായില്ല. എളുപ്പമായിരുന്നു ഡാനിഷുകാരന്. 21–-13ന് നേടി. എന്നാൽ രണ്ടാം ഗെയിമിൽ പ്രണോയ് വീറുകാട്ടി. 21–-9ന് ഗെയിം പിടിച്ച് ഒപ്പമെത്തി. തിരുവനന്തപുരം സ്വദേശിയായ പ്രണോയ് ആത്മവിശ്വാസം തുടർന്നപ്പോൾ റാസ്മസിന് പിടിവിട്ടു. മൂന്നാം ഗെയിമും കളിയും നേടി ഇന്ത്യയെ സ്വപ്നഫൈനലിലേക്ക് നയിച്ചു.
കിഡംബി ശ്രീകാന്ത് സിംഗിൾസും സ്വാതിക്സായിരാജ് രെങ്കിറെഡ്ഡി–-ചിരാഗ് ഷെട്ടി സഖ്യം ഡബിൾസും ജയിച്ചു. എന്നാൽ, സിംഗിൾസിൽ ലക്ഷ്യ സെന്നിനും ഡബിൾസിൽ കൃഷ്ണ പ്രസാദ് ഗറാഗ–-വിഷ്ണുവർധൻ പഞ്ചാല കൂട്ടുകെട്ടിനും അടിതെറ്റി.
സെമിയിൽ ജപ്പാനെ കീഴടക്കിയാണ് 14 തവണ ജേതാക്കളായ ഇന്തോനേഷ്യ കിരീടപ്പോരിന് ടിക്കറ്റെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..