24 February Monday

ഒരുങ്ങാൻ ഇന്ത്യ ; സന്നാഹമത്സരത്തിൽ ന്യൂസിലൻഡ്‌ ഇലവനോട്‌

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020

ഇന്ത്യൻ ടീം ന്യൂസിലൻഡിൽ വിനോദയാത്രയിൽ

ഹാമിൽട്ടൺ
ഇന്ത്യ വീണ്ടും ടെസ്റ്റ്‌ ക്രിക്കറ്റിലേക്ക്‌. 21നാണ്‌ ന്യൂസിലൻഡുമായുള്ള രണ്ടുമത്സര പരമ്പരയ്‌ക്ക്‌ തുടക്കം. പരമ്പരയ്‌ക്കു മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ വിരാട്‌ കോഹ്‌ലിയും കൂട്ടരും ഇന്ന്‌ ന്യൂസിലൻഡ്‌ ഇലവനെ നേരിടും. പുലർച്ചെ 3.-30നാണ്‌ ത്രിദിന ടെസ്റ്റ്‌ മത്സരം. ട്വന്റി–-20യിലെ സമ്പൂർണ ജയത്തിനുശേഷം ഏകദിനത്തിൽ പൂർണ തോൽവി ഏറ്റുവാങ്ങിയാണ്‌ ഇന്ത്യ ടെസ്റ്റിനെത്തുന്നത്‌. ഓപ്പണർ രോഹിത്‌ ശർമയുടെ അഭാവവും പേസർ ഇശാന്ത്‌ ശർമയുടെ പരിക്കും ടീമിനെ അലട്ടുന്നു.

ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിൽ ഒന്നാമൻമാരാണ്‌ ഇന്ത്യ. കളിച്ച ഏഴിലും ജയിച്ച്‌ 360 പോയിന്റുമായി കുതിക്കുകയാണ്‌. ഇന്നിങ്‌സിനോ ഇരുന്നൂറ്‌ റണ്ണിന്‌ അധികമോ ആണ്‌ ഈ കളികളെല്ലാം ജയിച്ചത്‌. വെസ്റ്റിൻഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്‌ എന്നിവർ ഇന്ത്യക്കു മുന്നിൽ വഴിമാറി. ന്യൂസിലൻഡിൽ കാര്യങ്ങൾ എളുപ്പമല്ല. തലവേദന ഓപ്പണിങ്ങിൽ തുടങ്ങുന്നു. രോഹിത്‌ പരിക്കുകാരണം പുറത്താണ്‌. മായങ്ക്‌ അഗർവാളിന്‌ കൂട്ടായി ശുഭ്‌മാൻ ഗില്ലോ പൃഥ്വി ഷായോ എത്തും. ഇന്ന്‌ ഇരുവരും ഓപ്പണർമാരായി എത്തും. അഗർവാൾ പുറത്തിരിക്കാനാണ്‌ സാധ്യത. ഏകദിനത്തിൽ അവസരം കിട്ടിയ കർണാടകക്കാരന്‌ തെളിയാനായിട്ടില്ല. മായങ്കിന്റെ ഫോമിലും ആശങ്കയുണ്ട്‌. കോഹ്‌ലിക്കും ഏകദിനത്തിൽ മികവ്‌ കാട്ടാനായിരുന്നില്ല. വൈസ്‌ ക്യാപ്‌റ്റൻ അജിൻക്യ രഹാനെ, ചേതേശ്വർ പൂജാര എന്നിവർ മിന്നുന്നുണ്ട്‌. വിക്കറ്റ്‌ കീപ്പർ സ്ഥാനം വൃദ്ധിമാൻ സാഹയ്‌ക്ക്‌ തന്നെയാകും. രവീന്ദ്ര ജഡേജയും ആർ അശ്വിനുമാണ്‌ അവസരം കാത്തിരിക്കുന്ന മറ്റു താരങ്ങൾ.

പരിക്കേറ്റ ഇശാന്ത്‌ ന്യൂസിലൻഡിലേക്ക്‌ വിമാനം കയറിയിട്ടില്ല. ശാരീരികക്ഷമത തെളിയിച്ചാലേ പേസർക്ക്‌ കളിക്കാനാകൂ. സെപ്‌തംബറിനു ശേഷമാണ്‌ ബുമ്ര ടെസ്റ്റിനിറങ്ങുന്നത്‌. മുഹമ്മദ്‌ ഷമി, ഉമേഷ്‌ യാദവ്‌, നവ്‌ദീപ്‌ സെയ്‌നി എന്നിവരാണ്‌ മറ്റു പേസർമാർ.

ഡാരിൽ മിച്ചെൽ നയിക്കുന്ന ന്യൂസിലൻഡ്‌ ഇലവൻ ശക്തരാണ്. ജെയിംസ്‌ നീഷം, ഇഷ്‌ സോധി, ടിം സീഫെർട്ട്‌ എന്നിവരടങ്ങിയ സീനിയർ കളിക്കാർ അവരുടെ നിരയിലുണ്ട്‌.



ഇശാന്തിന്റെ കാര്യത്തിൽ തീരുമാനം നാളെ

ഇശാന്ത്‌ ശർമയ്‌ക്ക്‌ നാളെ കായികക്ഷമതാ പരീക്ഷ. പരിക്കു കാരണം വിശ്രമത്തിലുള്ള ഇന്ത്യൻ പേസർക്ക്‌ ശാരീരികക്ഷമത തെളിയിച്ചാൽ ന്യൂസിലൻഡിലേക്ക്‌ പറക്കാം. ടെസ്റ്റ്‌ പരമ്പരയ്‌ക്കുള്ള പതിനാറംഗ ടീമിൽ ഇശാന്ത്‌ ഉൾപ്പെട്ടിട്ടുണ്ട്‌. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ്‌ അക്കാദമിയിലാണ്‌ കായികക്ഷമതാ പരീക്ഷ. വിദർഭയ്‌ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിലാണ്‌ ഡൽഹി താരത്തിന്‌ വലംകാലിന്‌ പരിക്കേറ്റത്‌.


പ്രധാന വാർത്തകൾ
 Top