24 February Monday

മൻപ്രീത്‌ സിങ്‌ ലോക ഹോക്കി താരം

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020


ലൗസാനെ (സ്വിറ്റ്‌സർലൻഡ്‌)
രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ മികച്ച താരമായി മൻപ്രീത്‌സിങ്‌. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്‌. 2019ലെ മികച്ച കളിക്കാരനുള്ള പുരസ്‌കാരമാണ്‌ ഇന്ത്യൻ ക്യാപ്‌റ്റൻ സ്വന്തമാക്കിയത്‌. 35.2 ശതമാനം വോട്ടുകൾ നേടി പഞ്ചാബുകാരൻ. മുൻവർഷങ്ങളിൽ പുരസ്‌കാരം നേടിയ ബൽജിയത്തിന്റെ ആർതർ വാൻ ഡൊറെനെ പിന്തള്ളിയാണ്‌ മൻപ്രീതിന്റെ നേട്ടം. ആർതർ 19.7 ശതമാനം വോട്ടുകൾ നേടി. ദേശീയ അസോസിയേഷനുകൾ, മാധ്യമ പ്രതിനിധികൾ, കളിക്കാർ, ആരാധകർ എന്നിവരാണ്‌ വോട്ടെടുപ്പിൽ പങ്കാളികളായത്‌.

2011ൽ 19–-ാം വയസ്സിലാണ്‌ മൻപ്രീത്‌ ഇന്ത്യക്കായി അരങ്ങേറിയത്‌. രണ്ട്‌ ഒളിമ്പിക്‌സുൾപ്പെടെ 263 മത്സരങ്ങളിൽ ഇന്ത്യക്കായി കളിച്ചു. 2017 മുതൽ ക്യാപ്‌റ്റനുമായി ഈ മധ്യനിരക്കാരൻ. കഴിഞ്ഞവർഷം മികച്ച പ്രകടനമായിരുന്നു മൻപ്രീതിന്റേത്‌. ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയെ യോഗ്യരാക്കുന്നതിൽ  നിർണായകമായി. ജൂണിൽ ഭുവനേശ്വറിൽ നടന്ന ലോക ഹോക്കി സീരീസിൽ ഇന്ത്യയെ ചാമ്പ്യൻമാരുമാക്കി.

ഭാവി വാഗ്‌ദാനങ്ങൾക്കുള്ള പുരസ്‌കാരവും ഇന്ത്യ നേടി. പുരുഷവിഭാഗത്തിൽ വിവേക്‌ സാഗറും വനിതകളിൽ ലാൽറെംസിയാമിയുമാണ്‌ ലോക ഹോക്കിയിലെ ഭാവി താരങ്ങൾ.  


പ്രധാന വാർത്തകൾ
 Top