24 February Monday

അവസാന ഓവറിൽ എൻഗിഡി

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020


ഈസ്‌റ്റ്‌ ലണ്ടൻ
ആറു പന്തിൽ ഇംഗ്ലണ്ടിന്‌ ജയിക്കാൻ ഏഴു റൺ. നാലു വിക്കറ്റ്‌ ബാക്കി. ദക്ഷിണാഫ്രിക്കൻ ബൗളർ ലുങ്കി എൻഗിഡി. ഇംഗ്ലീഷ്‌ ബാറ്റ്‌സ്‌മാൻമാർ ടോം കറനും മോയിൻ അലിയും. ആദ്യപന്തിൽ കറൻ രണ്ട്‌ റണ്ണെടുത്തു. അടുത്ത പന്തിൽ കറൻ പുറത്ത്‌. മൂന്നാം പന്തിൽ അലിക്ക്‌ റണ്ണെടുക്കാനായില്ല. അടുത്ത പന്തിൽ രണ്ട്‌ റൺ.ഇംഗ്ലണ്ടിന്‌ ജയിക്കാൻ രണ്ടു പന്തിൽ മൂന്നു റൺ. അലി ബൗൾഡ്‌. അവസാന പന്തിൽ രണ്ടാം റണ്ണിന്‌ ഓടിയ ആദിൽ റഷീദ്‌ റണ്ണൗട്ട്‌ ആയതോടെ ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി–-20യിൽ ദക്ഷിണാഫ്രിക്കയ്‌ക്ക്‌ ഒരു റണ്ണിന്റെ  നാടകീയ ജയം.

സ്‌കോർ: ദക്ഷിണാഫ്രിക്ക 8–-177, ഇംഗ്ലണ്ട്‌ 9–-176.

മൂന്നു വിക്കറ്റെടുത്ത എൻഗിഡിയാണ്‌ കളിയിലെ താരം. ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്കൻ നിരയിൽ ഓപ്പണർമാരായ ടെംബ ബവുമയും(43) ക്വിന്റൺ ഡീ കോക്കും (31) ഉയർന്ന സ്‌കോറുകാരായി. വിജയത്തിലേക്ക്‌ അനായാസം ബാറ്റേന്തിയ ഇംഗ്ലീഷുകാർക്ക്‌ 52 റണ്ണെടുത്ത ക്യാപ്‌റ്റൻ ഇയോവിൻ മോർഗന്റെ വിക്കറ്റ്‌ നഷ്‌ടപ്പെട്ടതാണ്‌ വിനയായത്‌. ഓപ്പണർ ജാസൻ റോയ്‌ 38 പന്തിൽ 70 റണ്ണടിച്ചു. അവസാന അഞ്ചു വിക്കറ്റുകൾ 24 റണ്ണെടുക്കുന്നതിനിടെ വീണു. മൂന്നുമത്സര പരമ്പരയിൽ രണ്ടാമത്തേത്‌ ഇന്നു നടക്കും.


പ്രധാന വാർത്തകൾ
 Top