29 January Saturday

സ്‌പാനിഷ്‌ സൂപ്പർ കപ്പ്‌ : ക്ലാസിക് വാൽവെർദെ ; റയൽ ഫൈനലിൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022



റിയാദ്‌
ഫെഡെറികോ വാൽവെർദെയുടെ തകർപ്പൻ ഗോളിൽ ബാഴ്സലോണയെ അധികസമയത്ത് കീഴടക്കി റയൽ മാഡ്രിഡ് സ്പാനിഷ് സൂപ്പർ കപ്പ് ഫെെനലിൽ. ആവേശകരമായ മത്സരത്തിൽ 3–2നാണ് റയലിന്റെ ജയം. അത്‌ലറ്റികോ മാഡ്രിഡ്–അത്-ലറ്റികോ ബിൽബാവോ മത്സരത്തിലെ വിജയികളെ ഫെെനലിൽ നേരിടും.

രണ്ടുതവണ പിന്നിലായശേഷം തിരിച്ചടിച്ച ബാഴ്സ മികച്ച പോരാട്ടവീര്യമാണ് പുറത്തെടുത്തത്. അവസാന നിമിഷംവരെ സാവിയുടെ സംഘം പൊരുതി. കരിം ബെൻസെമയും വിനീഷ്യസ് ജൂനിയറും ഒടുവിൽ വാൽവെർദെയും ചേർന്നുള്ള റയൽ ആക്രമണത്തെ ചെറുക്കാൻ പക്ഷേ, ബാഴ്സയ്ക്ക് കഴിഞ്ഞില്ല.

അരമണിക്കൂർ തികയുംമുമ്പേ വിനീഷ്യസിലൂടെ റയൽ മുന്നിലെത്തി. ആദ്യപകുതിക്കുമുമ്പ് ലൂക്ക് ഡി യോങ്ങിലൂടെ ബാഴ്സയുടെ മറുപടി. രണ്ടാംപകുതിയിൽ റയൽ വീണ്ടും തൊടുത്തു. ബെൻസെമ ലക്ഷ്യംകണ്ടു. നിശ്ചിതസമയം അവസാനിക്കാൻ ഒമ്പതു മിനിറ്റ് ശേഷിക്കെ അൻസു ഫാറ്റി ബാഴ്സയെ തിരികെ കൊണ്ടുവന്നതോടെ കളി മുറുകി. അവസാന നിമിഷം ബെൻസെമയുടെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചതോടെ കളി അധികസമയത്തേക്ക് നീങ്ങി. ഞായറാഴ്ച റിയാദിൽ വച്ചാണ് ഫെെനൽ. 12–ാംകിരീടമാണ് റയൽ ലക്ഷ്യമിടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top