24 January Friday
കേരളത്തിന്‌ 21 റൺ ജയം

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജലജ്‌ ജാലം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020

രഞ്ജി ട്രോഫിയിൽ പഞ്ചാബിന്റെ അവസാന വിക്കറ്റ്‌ വീഴ്‌ത്തിയപ്പോൾ കേരള താരങ്ങളുടെ ആഘോഷം


തിരുവനന്തപുരം
രഞ്‌ജി ട്രോഫി ക്രിക്കറ്റിൽ ജലജ്‌ സക്‌സേനയുടെ മായാജാലം വീണ്ടും. പഞ്ചാബ്‌ ബാറ്റിങ്‌നിരയെ കറക്കിവീഴ്‌ത്തിയ ജലജ്‌ രഞ്‌ജിയിൽ കേരളത്തിന്‌ ആവേശകരമായ ജയമൊരുക്കി. 21 റണ്ണിനാണ്‌ ജയം. ഈ സീസണിലെ ആദ്യ ജയം. 146 റൺ ലക്ഷ്യമാണ്‌ അവസാനദിനം കേരളം പഞ്ചാബിന്‌ മുന്നിൽവച്ചത്‌. സ്‌പിന്നർമാരെ അകമഴിഞ്ഞ്‌ തുണച്ച സെന്റ്‌ സേവ്യേഴ്‌സ്‌ പിച്ചിൽ ജലജാണ്‌ കേരളത്തിനായി ആദ്യ ഓവർ എറിഞ്ഞത്‌. രണ്ടാം പന്തിൽത്തന്നെ രോഹൻ മർവഹയെ വിക്കറ്റ്‌ കീപ്പർ മുഹമ്മദ്‌ അസ്‌ഹറുദീന്റെ കൈകളിലെത്തിച്ച്‌ ജലജ്‌ തുടങ്ങി.  മായങ്ക്‌ മാർക്കണ്ഡേയെ മടക്കി പഞ്ചാബിനെ അവസാനിപ്പിച്ചതും ഈ ഓൾറൗണ്ടർ തന്നെ.

124 റണ്ണിനാണ്‌ പഞ്ചാബ്‌ കൂടാരം കയറിയത്‌. ജലജ്‌ 51 റൺ വഴങ്ങി ഏഴ്‌ വിക്കറ്റെടുത്തു.  ഒന്നാം ഇന്നിങ്‌സിൽ 91ഉം രണ്ടാം ഇന്നിങ്‌സിൽ 28ഉം റണ്ണടിച്ച സൽമാൻ നിസാറാണ്‌ മാൻ ഓഫ്‌ ദി മാച്ച്‌. സ്‌കോർ: കേരളം 227, 136; പഞ്ചാബ്‌ 218, 124.

പഞ്ചാബിനെതിരെ ഏഴ്‌ വിക്കറ്റെടുത്ത  ജലജ്‌ സക്‌സേനയുടെ ആഹ്ലാദം

പഞ്ചാബിനെതിരെ ഏഴ്‌ വിക്കറ്റെടുത്ത ജലജ്‌ സക്‌സേനയുടെ ആഹ്ലാദം


 

നാൽപ്പത്‌ റണ്ണെടുക്കുന്നതിനിടെ അഞ്ച്‌ വിക്കറ്റാണ്‌ പഞ്ചാബിന്‌ നഷ്ടമായത്‌. ജലജിനൊപ്പം രണ്ട്‌ വിക്കറ്റുമായി സിജോമോൻ ജോസഫും പഞ്ചാബ്‌ നിരയിൽ നാശം വിതച്ചു. ആദ്യ ഇന്നിങ്‌സിൽ തിളങ്ങിയ ക്യാപ്‌റ്റൻ മൻദീപ്‌ സിങ്ങിനെ 10 റണ്ണിനാണ്‌ ജലജ്‌ മടക്കിയത്‌. കളിയിൽ ഇത്‌ നിർണായകമായി.

ഒമ്പതാം വിക്കറ്റിൽ മായങ്ക്‌ മാർക്കണ്ഡേയും സിദ്ധാർഥ്‌ കൗളും പിടിച്ചുനിന്നപ്പോൾ കേരളം അൽപ്പമൊന്ന്‌ പതറി. 8–-89 എന്ന നിലയിൽനിന്ന്‌ പഞ്ചാബ്‌ പതുക്കെ കരകയറുകയായിരുന്നു. കൗൾ വേഗത്തിൽ റണ്ണടിച്ചു.  ചായക്ക്‌ പിരിയുമ്പോൾ 8–-121 എന്ന നിലയിലെത്തി. രണ്ട്‌ വിക്കറ്റ്‌ ശേഷിക്കെ ജയത്തിന്‌ 25 റൺ അകലെ.
ചായക്കുശേഷമുള്ള ആദ്യ ഓവർ ക്യാപ്‌റ്റൻ സച്ചിൻ ബേബി എം ഡി നിധീഷിന്‌ നൽകി. ആദ്യഘട്ടത്തിൽ മൂന്നോവർ എറിഞ്ഞ നിധീഷിന്‌ പിന്നെ അവസരം കിട്ടിയിരുന്നില്ല.

തന്റെ നാലാം ഓവറിൽ നിധീഷ്‌ കേരളത്തിന്‌ കാത്തിരുന്ന നിമിഷം സമ്മാനിച്ചു. കൗളിനെ (22) അസ്‌ഹറുദീന്റെ കൈകളിലെത്തിച്ചു. പഞ്ചാബ്‌ 9–-122. ജയിക്കാൻ പഞ്ചാബിന്‌ 24 റൺ. മാർക്കണ്ഡേ ക്രീസിൽ.

ജലജ്‌ വീണ്ടുമെത്തി. ആദ്യ പന്ത്‌ മാർക്കണ്ഡേയുടെ ബാറ്റിൽത്തട്ടി സച്ചിൻ ബേബിയുടെ കൈകളിലേക്ക്‌. പലപ്പോഴും തെന്നിനീങ്ങിയ ജയത്തെ കേരളം ഒടുവിൽ കൈപ്പിടിയിൽ ഒതുക്കി.

കേരളത്തിന്റെ രണ്ടാം ഇന്നിങ്‌സ്‌ 136നാണ്‌ അവസാനിച്ചത്‌. 6–-89 എന്ന നിലയിൽ നാലാംദിനം തുടങ്ങിയ കേരളത്തിന്‌ 28 റണ്ണുമായി പുറത്താകാതെനിന്ന സൽമാൻ നിസാറാണ്‌ പൊരുതാനാകുന്ന സ്‌കോറൊരുക്കിയത്‌. അസ്‌ഹറുദീൻ 27 റണ്ണെടുത്തു. വാലറ്റത്ത്‌ ആരും സൽമാന്‌ പിന്തുണ നൽകിയില്ല. ഒന്നാം ഇന്നിങ്‌സിൽ 91 റണ്ണുമായി പുറത്താകാതെനിന്ന സൽമാനാണ്‌ കേരളത്തെ 200 കടത്തിയത്‌.കേരളത്തിന്‌ ജയത്തോടെ അഞ്ച്‌ കളിയിൽ ഒമ്പത്‌ പോയിന്റായി. 19ന്‌ രാജസ്ഥാനുമായിട്ടാണ്‌ അടുത്ത മത്സരം.

ജലജ്‌ സക്‌സേന
കാണുന്നുണ്ടോ ആരെങ്കിലും
2016 മുതൽ കേരളത്തിന്‌ കളിക്കുന്നുണ്ട്‌ ജലജ്‌ സക്‌സേന. മധ്യപ്രദേശാണ്‌ സ്വദേശം. 11 വർഷം മധ്യപ്രദേശിനായി കളിച്ചു. ഒന്നാം ക്ലാസ്‌ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾ റൗണ്ടറായിട്ടും മുപ്പത്തിമൂന്നുകാരന്‌ ഒരിക്കൽപ്പോലും ഇന്ത്യൻ ടീമിൽ ഇടംകിട്ടിയില്ല. ഒപ്പം കളിച്ചവർ ഇന്ത്യൻ ടീമിലെത്തിയിട്ടും ജലജ്‌ മാത്രം പുറത്തിരുന്നു.  2013ൽ ഇന്ത്യൻ എ ടീമിന്റെ ഭാഗമായിരുന്ന ജലജ്‌ ഓസ്‌ട്രേലിയക്കെതിരെ അഞ്ച്‌ വിക്കറ്റ്‌ വീഴ്‌ത്തിയിരുന്നു. പക്ഷേ, സീനിയർ ടീമിലേക്ക്‌ വഴിതുറന്നില്ല.

119 ഒന്നാം ക്ലാസ്‌ മത്സരങ്ങളിൽ 6256 റണ്ണും 326 വിക്കറ്റും സ്വന്തമാക്കി. 2017–-18 രഞ്‌ജി സീസണിൽ 44 വിക്കറ്റ്‌ നേടി. 2018–-19ൽ ഏഴ്‌ കളിയിൽ 479 റണ്ണാണ്‌ സ്വന്തമാക്കിയത്‌. ഈ സീസണിൽ അഞ്ച്‌ കളിയിൽ 27 വിക്കറ്റ്‌.


പ്രധാന വാർത്തകൾ
 Top