04 June Thursday

കളി ഓസീസിനോട്‌ ; ഇന്ത്യക്ക്‌ ഇന്ന്‌ ആദ്യ ഏകദിനം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020

വിരാട്‌ കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം പരിശീലനത്തിൽമുംബൈ
ലോകകപ്പ്‌ ക്രിക്കറ്റ്‌ സെമി തോൽവിയിലെ നിരാശയ്‌ക്കുശേഷം ഓസ്‌ട്രേലിയ ആദ്യമായി ഏകദിന കളത്തിൽ. ടീമിൽ വലിയ മാറ്റങ്ങളൊന്നുമില്ലെങ്കിലും ഭാവം മാറിയിട്ടുണ്ട്‌. ഇന്ന്‌ മുംബൈ വാംഖ്‌ഡെ സ്‌റ്റേഡിയത്തിൽ ഇന്ത്യക്കെതിരെ ഇറങ്ങുമ്പോൾ വമ്പൻ താരനിരയുടെ അരങ്ങൊരുക്കും ഓസീസ്‌. മുംബൈയിൽ പകൽ ഒന്നരയ്‌ക്കാണ്‌ കളി. മൂന്നു മത്സരങ്ങളാണ്‌ പരമ്പരയിൽ.

വെസ്‌റ്റിൻഡീസിനെതിരായ ഏകദിനപരമ്പര സ്വന്തമാക്കിയാണ്‌ ഇന്ത്യൻ സംഘത്തിന്റെ ഒരുക്കം. ശേഷം നടന്ന ട്വന്റി–-20 മത്സരങ്ങളിലും മികച്ച പ്രകടനം നടത്തി.  ഓസീസിനെപ്പോലെ ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച താരങ്ങളുണ്ട്‌ ഇന്ത്യക്കും. അവസാനമായി ഏകദിന പരമ്പര കളിച്ചപ്പോൾ ഓസീസിനായിരുന്നു ജയം. ആഷ്‌ടൺ ടേണറും പീറ്റർ ഹാൻഡ്‌സ്‌കോമ്പും ചേർന്ന്‌ റണ്ണടിച്ചുകൂട്ടുകയായിരുന്നു. ഇരുവരും ഇപ്പോഴും ഓസീസ്‌ ക്യാമ്പിലുണ്ട്‌. ഒപ്പം ഡേവിഡ്‌ വാർണർ, സ്‌റ്റീവ്‌ സ്‌മിത്ത്‌ എന്നീ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാൻമാരും ഇറങ്ങുന്നു. വിലക്ക്‌ മാറിയശേഷം ആദ്യമായാണ്‌ ഇരുവരും ഇന്ത്യയിൽ ഏകദിനം കളിക്കുന്നത്‌. കഴിഞ്ഞ ഐപിഎലിൽ മികച്ച പ്രകടനം വാർണറും സ്‌മിത്തും പുറത്തെടുത്തിരുന്നു.

ടെസ്‌റ്റ്‌ ക്രിക്കറ്റിലെ പുത്തൻ താരോദയം മാർണസ്‌ ലബുഷെയ്‌നിന്റെ ഏകദിന അരങ്ങേറ്റംകൂടിയാകും. സ്‌പിന്നിനെയും പേസിനെയും ഒരുപോലെ നേരിടാൻ മിടുക്കനാണ്‌ ലബുഷെയ്‌ൻ. ക്യാപ്‌റ്റൻ ആരോൺ ഫിഞ്ചും കൂടിയാകുമ്പോൾ ബാറ്റിങ്‌ നിര സമ്പൂർണം. പാറ്റ്‌ കമ്മിൻസ്‌–-മിച്ചെൽ സ്‌റ്റാർക്‌–-ജോഷ്‌ ഹാസെൽവുഡ്‌ പേസ്‌ ത്രയം ഏത്‌ ബാറ്റിങ്‌ നിരയ്‌ക്കും ഭീഷണിയാണ്‌. സ്‌പിന്നറായി ആദം സാമ്പയും. 

വിശ്രമം കഴിഞ്ഞ്‌ രോഹിത്‌ ശർമ എത്തുന്നതോടെ ഇന്ത്യൻ ബാറ്റിങ്‌ നിര പൂർണമാകും. രോഹിത്‌, ലോകേഷ്‌ രാഹുൽ,  ശിഖർ ധവാൻ എന്നിവരെ ഒരുമിച്ച്‌ കളിപ്പിക്കുമെന്ന്‌ ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി വ്യക്തമാക്കിയിരുന്നു. രാഹുൽ മൂന്നാംനമ്പറിൽ ഇറങ്ങിയേക്കും. ഋഷഭ്‌ പന്തിനുപകരം രാഹുലിനെ വിക്കറ്റ്‌ കീപ്പറാക്കാനും സാധ്യതയുണ്ട്‌. ബൗളർമാരിൽ ജസ്‌പ്രീത്‌ ബുമ്രയുടെ തിരിച്ചുവരവ്‌ കരുത്തുപകർന്നിട്ടുണ്ട്‌. ബാറ്റിലും തിളങ്ങുന്ന ശർദുൾ താക്കൂർ സ്ഥാനം നിലനിർത്തും. മൂന്നാംപേസറായി നവ്‌ദീപ്‌ സെയ്‌നിയോ മുഹമ്മദ്‌ ഷമിയോ ഇറങ്ങും.

ബാറ്റിങ്ങിനെ തുണയ്‌ക്കുന്ന പിച്ചാണ്‌ വാംഖഡെയിൽ. ടോസ്‌ നേടുന്ന ടീം ആദ്യം ബൗളിങ്‌ തെരഞ്ഞെടുത്തേക്കും. രാത്രിയിലെ മഞ്ഞുവീഴ്‌ച കണക്കിലെടുത്താകും തീരുമാനം. തിങ്കളാഴ്‌ച അപ്രതീക്ഷിതമായി മഴയും പെയ്‌തിരുന്നു.


പ്രധാന വാർത്തകൾ
 Top