24 January Friday

സൂപ്പർ റയൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020


ജിദ്ദ
സിനദിൻ സിദാൻ പതിവുതെറ്റിച്ചില്ല. പരിശീലകനായുള്ള ഒമ്പതാം ഫൈനലിലും റയൽ മാഡ്രിഡിന്‌ കിരീടം സമ്മാനിച്ചു. സ്‌പാനിഷ്‌ സൂപ്പർ കപ്പിൽ ഷൂട്ടൗട്ടുവരെ നീണ്ട പോരിൽ അത്‌ലറ്റികോ മാഡ്രിഡിനെ വീഴ്‌ത്തിയാണ്‌ റയലിന്റെ കിരീടധാരണം (4–-1). പതിനൊന്നാം വട്ടമാണ്‌ സൂപ്പർ കപ്പ്‌ സാന്റിയാഗോ ബെർണബ്യൂവിൽ എത്തുന്നത്‌. 2017നുശേഷം ആദ്യത്തേത്‌.

ബാഴ്‌സലോണയെ വീഴ്‌ത്തി എത്തിയ അത്‌ലറ്റികോ നിശ്ചിതസമയം റയലിനെ തളച്ചു. ലൂക്കാ ജോവിച്ചായിരുന്നു റയലിന്റെ മുൻനിര നയിച്ചത്‌. സെർബിയക്കാരന്‌ തെളിയാനായില്ല. മറുഭാഗത്താകട്ടെ ബാഴ്‌സയെ വിറപ്പിച്ച അത്‌ലറ്റികോ മുൻനിരയെ റയൽ പിടിച്ചുനിർത്തി. കളിയുടെ 79–-ാം മിനിറ്റിലാണ്‌ അവർ റയൽവല ലക്ഷ്യമാക്കി ആദ്യമായൊരു പന്ത്‌ തൊടുക്കുന്നത്‌. ജോയോ ഫെലിക്‌സും അൽവാരോ മൊറാട്ടയും റയൽ മതിലിൽത്തട്ടി വീണു. 

അധികസമയത്ത്‌ ഫെഡറികോ വാൽവെർദെ റയലിന്റെ രക്ഷകനായി. മൈതാനമധ്യത്തിൽനിന്നു കിട്ടിയ പന്തുമായി മൊറാട്ട കുതിച്ചു. മുന്നിൽ റയൽ ഗോൾകീപ്പർ തിബൗ കുർട്ടോ മാത്രം. ലക്ഷ്യത്തിലേക്ക്‌ പന്തടിക്കാൻ സ്‌പാനിഷുകാരൻ ശ്രമിക്കവേ പിന്നിൽനിന്ന്‌ വാൽവെർദെയുടെ കാലുകളെത്തി. ബോക്‌സിനു മുന്നിൽ മൊറാട്ട വീണു. റയൽ ആശ്വസിച്ചു. ചുവപ്പ്‌കാർഡ്‌ കിട്ടി വാൽവെർദെ മടങ്ങി. പിന്നീടുള്ള അഞ്ച്‌ മിനിറ്റ്‌ റയൽ പത്തുപേരുമായി കളി ഷൂട്ടൗട്ടിലേക്ക്‌ നീട്ടി.
ഷൂട്ടൗട്ടിൽ ആധികാരികമായിരുന്നു റയലിന്റെ പ്രകടനം.

ഡാനി കർവഹാൽ, റോഡ്രി, ലൂക്കാ മോഡ്രിച്ച്‌, സെർജിയോ റാമോസ്‌ എന്നിവർക്ക്‌ ഉന്നം പിഴച്ചില്ല.  അത്‌ലറ്റികോയ്‌ക്കായി ആദ്യ കിക്കെടുത്ത സോൾ നിഗേസിന്റെ അടി പോസ്റ്റിൽത്തട്ടി മടങ്ങി. തോമസ്‌ പാർടിയുടെ ശ്രമം കുർട്ടോ തടഞ്ഞു. കീറൺ ട്രിപ്പിയർക്കു മാത്രമേ ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചുള്ളു. റയലിന്റെ നാലാം കിക്ക്‌ റാമോസ്‌ വലയിലാക്കിയതോടെ അത്‌ലറ്റികോ തീർന്നു.

കഴിഞ്ഞ സീസണിൽ പരുങ്ങിയ റയൽ സിദാന്റെ മടങ്ങിവരവിൽ ഊർജം വീണ്ടെടുക്കുകയാണ്‌. സ്‌പാനിഷ്‌ ലീഗിൽ രണ്ടാമതാണവർ. പോയിന്റിൽ ബാഴ്‌സയ്‌ക്ക്‌ ഒപ്പവും.


പ്രധാന വാർത്തകൾ
 Top