13 August Thursday
ദേശീയ സ്‌കൂൾ മീറ്റ്‌

മഞ്ഞിൽ വിരിഞ്ഞു ; ആൻസി സോജന്‌ സ്വർണം

ആർ രഞ‌്ജിത‌്Updated: Friday Dec 13, 2019


സംഗ്രൂർ (പഞ്ചാബ‌്)
മഞ്ഞുപെയ‌്ത ട്രാക്കിൽ ആൻസി വിരിഞ്ഞു. കേരളം കാത്തിരുന്ന സ്വർണം. പെൺകുട്ടികളുടെ 100 മീറ്ററിൽ പൊന്നണിഞ്ഞ‌് ദേശീയ സ‌്കൂൾ മീറ്റിലെ വേഗക്കാരിയായി. സീനിയർ വിഭാഗത്തിൽ രണ്ടാംദിനം കേരളത്തിന‌് രണ്ട‌് വെങ്കലംകൂടി ലഭിച്ചു. ഓവറോൾ കിരീടത്തിനായുള്ള പോരിൽ ഇപ്പോഴും 38 പോയിന്റ‌്  പിറകിലാണ‌്. മൂന്നുദിവസവും 27 ഇനങ്ങളും ബാക്കി.
സീനിയറിലെ 40 അടക്കം 164 പോയിന്റുമായി ഹരിയാന മുന്നിലാണ‌്. മഹരാ‌‌ഷ‌്ട്രയ്‌ക്ക‌് 162 പോയിന്റുണ്ട‌്. കേരളത്തിന‌് സീനിയറിൽ കിട്ടിയ 29 അടക്കം 126 പോയിന്റായി.

തണുത്ത കാറ്റും മഴയും വാർഹീറോസ‌് സ‌്റ്റേഡിയത്തെ മരവിപ്പിച്ച ദിവസം കേരളത്തെ സന്തോഷിപ്പിച്ചത‌് നാട്ടിക ഫിഷറീസ‌് സ‌്കൂളിലെ ആൻസി സോജൻ 12.10 സെക്കൻഡിൽ കുറിച്ച സ്വർണമായിരുന്നു. ആൻസിയുടെ തുടക്കം മികച്ചതായിരുന്നില്ല. യുസൈൻ ബോൾട്ടിനെ ആരാധിക്കുന്ന പ്ലസ‌്ടുക്കാരിക്ക‌് വെടിയൊച്ചയ്‌ക്കൊപ്പം കുതിക്കാനായില്ല. അവസാന 50 മീറ്ററിൽ ആൻസി ബോൾട്ടിനെ ഓർത്തിരിക്കണം. ആ ഊർജം നൽകിയ കുതിപ്പിൽ എതിരാളികൾ നിഷ‌്പ്രഭരായി.

കണ്ണനെന്ന ഓട്ടോക്കാരന്റെ ശിക്ഷണത്തിൽ, സോജനെന്ന അച്ഛന്റെ കരുതലിൽ ആൻസി കേരളത്തിന‌് ആദ്യ വ്യക്തിഗത സ്വർണം സമ്മാനിച്ചു. അഞ്ചാമത്തെ ദേശീയ സ‌്കൂൾ മീറ്റാണിത‌്. അതിൽ എട്ടു സ്വർണവും രണ്ട‌് വെള്ളിയും ഒരു വെങ്കലവും. കഴിഞ്ഞവർഷം ഗുജറാത്തിലെ നദിയാദിൽ നൂറിലും ഇരുനൂറിലും വെള്ളി. സംസ്ഥാന സ‌്കൂൾ മീറ്റിൽ മൂന്ന‌് റെക്കോഡിട്ട‌് വ്യക്തിഗത ചാമ്പ്യനായിരുന്നു. സംസ്ഥാന മീറ്റിൽ 12.05 സെക്കൻഡിനായിരുന്നു 100 മീറ്റർ ഫിനിഷ‌്. ഇനി 200 മീറ്ററിലും ലോങ്ജമ്പിലും റിലേയിലും ആൻസിയുടെ പ്രകടനം കാണാം.


 

ആൺകുട്ടികളുടെ 100 മീറ്ററിൽ കർണാടകത്തിന്റെ ശശികാന്ത‌് വി അങ്കാദ‌് 10.79 സെക്കൻഡിൽ വേഗക്കാരനായി. കേരളത്തിന്റെ ആർ കെ സൂര്യജിത്തിന‌് എട്ടാം സ്ഥാനം.
പെൺകുട്ടികളുടെ 400 മീറ്ററിൽ മേഴ‌്സി കുട്ടൻ അക്കാദമിയിലെ ഗൗരി നന്ദന 57.60 സെക്കൻഡിൽ വെങ്കലം നേടി. തേവര എസ‌്എച്ച‌് സ‌്കൂളിൽ പ്ലസ‌്‌വൺ ഹ്യുമാനിറ്റീസ‌് വിദ്യാർഥിയായ ഗൗരി അഞ്ചുവർഷമായി മേഴ‌്സി കുട്ടനു കീഴിൽ പരിശീലിക്കുന്നു. നാലാമത്തെ ദേശീയ സ‌്കൂൾ മീറ്റാണിത‌്. എ എസ‌് സാന്ദ്ര നാലാമതായി.

സാഫ‌് ഗെയിംസിൽ വെള്ളിനേടിയ കർണാടകത്തിന്റെ പ്രിയ എച്ച‌് മോഹനനാണ‌് സ്വർണം (55.42). ബംഗളൂരു മൗണ്ട‌് കാർമൽ കോളേജിൽ പ്ലസ‌്‌വൺ വിദ്യാർഥിയാണ‌്. ട്രിപ്പിൾ ജമ്പിൽ അനു മാത്യു 12.40 മീറ്റർ ചാടി വെങ്കലം നേടി. തേവര എസ‌്എച്ച‌് സ‌്കൂളിൽ പഠിച്ച‌് മേഴ‌്സി കുട്ടൻ അക്കാദമിയിലാണ‌് പരിശീലനം. അലീന ടി സജി നാലാമതായി. തമിഴ‌്നാടിന്റെ പി ബബിഷ 12.58 മീറ്റർ ചാടി പുതിയ റെക്കോഡിട്ടു. തിരുനെൽവേലി ബാലകൃഷ‌്ണ മെട്രിക‌് ഹയർ സെക്കൻഡറി സ‌്കൂളിൽ പ്ലസ‌്ടുക്കാരിയാണ‌്. ഇന്നലെ മൂന്നെണ്ണമടക്കം അഞ്ച‌് റെക്കോഡായി. ഇന്ന‌് ഏഴ‌് ഇനങ്ങളിൽ ഫൈനൽ നടക്കും. അഞ്ച‌് ഇനങ്ങളിൽ കേരളം ഇറങ്ങും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top