23 March Saturday

സലാ കരകയറ്റി

വെബ് ഡെസ്‌ക്‌Updated: Thursday Dec 13, 2018

നാപോളിക്കെതിരെ വിജയഗോൾനേടിയ മുഹമ്മദ്‌ സലായെ പരിശീലകൻ യുർഗൻ ക്ലോപ്പ്‌ പുണരുന്നു


ലണ്ടൻ
ചാമ്പ്യൻസ‌്  ലീഗിൽ പുറത്തേക്കുള്ള വഴിയിലായിരുന്ന ലിവർപൂൾ മുഹമ്മദ‌് സലായുടെ മിന്നുന്ന ഗോളിൽ അവസാന പതിനാറിൽ ഇടംപിടിച്ചു. നാപോളിയെയാണ‌് നിലവിലെ റണ്ണറപ്പായ ലിവർപൂൾ ഏകഗോളിന‌്‌ കീഴടക്കി യൂറോപ്പിലെ തട്ടകത്തിൽ സ്ഥാനമുറപ്പിച്ചത‌്.‌ മറ്റൊരു ഇംഗ്ലീഷ‌് ക്ലബ‌് ടോട്ടനം ഹോട‌്സ‌്പറും  അവസാന റൗണ്ടിലെ  കനത്ത സമ്മർദത്തെ അതിജീവിച്ച‌് പ്രീക്വാർട്ടറിലെത്തി. ബാഴ‌്സലോണയെ 1–-1ന‌് തളച്ച‌് ടോട്ടനം കയറിയപ്പോൾ ഇന്റർ മിലാൻ പുറത്തേക്കായി. ബാഴ‌്സലോണ നേരത്തെതന്നെ ഗ്രൂപ്പിൽ ഒന്നാമതായി അടുത്ത റൗണ്ട‌് ഉറപ്പാക്കിയിരുന്നു. ബൊറൂസിയ ഡോർട്ട‌്മുണ്ട‌്,  പിഎസ‌്ജി, പോർട്ടോ എന്നീ ക്ലബ്ബുകളും ഗ്രൂപ്പിൽ ഒന്നാംസ്ഥാനക്കാരായി പ്രീ ക്വാർട്ടറിലെത്തി.

പ്രാഥമികറൗണ്ടിലെ അവസാനറൗണ്ടിൽ ശ്രദ്ധേയമായ മത്സരമായിരുന്നു ലിവർപൂളിന്റേത‌്. നാപോളിക്കെതിരെ ജയിച്ചില്ലെങ്കിൽ സ്വന്തം മൈതാനംതന്നെ ലിവർപൂളിന‌് മടക്കയാത്രയുടെ വേദിയാകുമായിരുന്നു. അതുകൊണ്ട‌് കനത്ത സമ്മർദത്തിലായിരുന്നു യുർഗൻ ക്ലോപ്പും കളിക്കാരും. ആക്രമണംതന്നെ ലിവർപൂൾ ആയുധമാക്കി. തുടക്കംമുതൽ ലിവർപൂൾ പാഞ്ഞുകയറി. കഴിഞ്ഞതവണ ചാമ്പ്യൻസ‌് ലീഗിന്റെ ഫൈനൽവരെ ലിവർപൂളിനെ എത്തിച്ച ദയാരഹിതമായ ആക്രമണം  അവർ പുറത്തെടുത്തു. നാപോളി പ്രതിരോധവും ഗോളി ഡേവിഡ ഓസ‌്പിനയും നിരന്തരം പരീക്ഷിക്കപ്പെട്ടു. സാദിയോ മാനെയുടെയും സലായുടെയും മിന്നുന്ന രണ്ട‌് ഷോട്ടുകൾ ഓസ‌്‌പിന തടുത്തിട്ടപ്പോൾ ലിവർപൂളിന്റെ പ്രതീക്ഷകൾക്ക‌് അടിയേറ്റു. ക്ലോപ്പ‌് അസ്വസ്ഥനായി.

കളിക്ക‌് അരമണിക്കൂർ എത്തിയപ്പോൾ സലായുടെ മാന്ത്രികക്കാലുകൾ ഗർജിച്ചു. ഓസ‌്പിന അഭേദ്യമായി കാത്ത വലയിലേക്ക‌് സലാ ലക്ഷ്യംതെറ്റാതെ അമ്പ‌് തൊടുത്തു. വേഗം, കരുത്ത‌്, മെയ‌്‌വഴക്കം എന്നിവകൊണ്ട‌് നാപോളി പ്രതിരോധം ഉലച്ച സലാ നിഴൽപോലെ പിന്തുടർന്ന കലിദൗ കൗലിബലിയെന്ന വലിയ മനുഷ്യനെയും മറികടന്നാണ‌് ലിവർപൂളിന്റെ നിർണായക ഗോൾ തൊടുത്തത‌്. ഈ ഗോളിന്റെ ഉറപ്പിൽ പ്രീക്വാർട്ടർ ഉറപ്പിച്ച ലിവർപൂളിന‌് അവസാന മിനിറ്റ‌് അഗ്നിപരീക്ഷയായി. പരിക്ക‌ുസമയത്തിന്റെ ആദ്യമിനിറ്റിൽ ലിവർപൂളിന്റെ ആൻഫീൽഡ‌് മൈതാനിയിൽ ആരാധകർ ശ്വാസമടക്കി. ലിവർപൂൾ പ്രതിരോധത്തെ മറികടന്ന‌് നാപോളിയുടെ അർക്കാഡിയൂസ‌് മിലിക‌്‌ ഗോൾപോസ‌്റ്റിന‌് എട്ടുവാര മുന്നിലെത്തി.

ലിവർപൂളിന്റെ നെഞ്ചിടിച്ചപ്പോൾ ഗോളി അലിസൺ അവസരത്തിനൊത്തുയർന്നു. മിലിക്കിന്റെ ഗോളിലേക്കുള്ള വഴി അലിസൺ തടുത്തു. അടക്കാനായില്ല ക്ലോപ്പിനും ആരാധകർക്കും ആഹ്ലാദം. റോമയിൽനിന്ന‌് 607 കോടി രൂപയ‌്ക്ക‌് ക്ലോപ്പ‌് അലിസണെ ലിവർപൂളിന്റെ വലയ‌്ക്ക‌ുമുന്നിൽ കൊണ്ടുവന്നത‌് വെറുതെയായില്ലെന്ന‌് ആ നിമിഷം തെളിയിച്ചു.
അസാധ്യമെന്ന‌ു കരുതിയ ലക്ഷ്യത്തിലേക്കാണ‌് ടോട്ടനവും എത്തിയത‌്. ടോട്ടനം ബാഴ‌്സലോണയെ നേരിടാൻ ഇറങ്ങുമ്പോൾ ഗ്രൂപ്പിൽ ഇന്റർ മിലാനും അതേ പോയിന്റായിരുന്നു. ഇരുവരും തമ്മിലുള്ള കളിയിൽ എതിർത്തട്ടക ഗോളിന്റെ ആനുകൂല്യം മാത്രമാണ‌് ടോട്ടനത്തിനുണ്ടായിരുന്നത‌്.‌ കളിയുടെ തുടക്കത്തിൽത്തന്നെ ബാഴ‌്സലോണ ഡെംബെലെയിലൂടെ ടോട്ടനത്തിന്റെ വലയിൽ പന്തെത്തിച്ചു. കളി തീരാൻ അഞ്ചു മിനിറ്റ‌് ശേഷിക്കെ ലുകാസ‌് മൗറ ടോട്ടനത്തിന്റെ സമനില നേടി. മിലാനിൽ ഇന്റർ പിഎസ‌്‌വി ഐന്തൊവനോട‌്‌ 1–-1ൽ പിരിയുകയും ചെയ‌്തതോടെ ടോട്ടനം അടുത്ത റൗണ്ടിലേക്ക‌് ‌കയറി.

മറ്റ‌ു മത്സരത്തിൽ പിഎസ‌്ജി റെഡ‌് ‌സ‌്റ്റാർ ബൽഗ്രേഡിനെ 4–-1ന‌് തോൽപ്പിച്ചു. ബൊറൂസിയ ഡോർട്ട‌്മുണ്ട‌് മൊണാകോയെ മടക്കമില്ലാത്ത രണ്ട‌ു ഗോളിന‌് കീഴടക്കി. അത‌്‌ലറ്റികോ മാഡ്രിഡും ബ്രുഗേയും ഗോളടിക്കാതെ പിരിഞ്ഞു.
 


പ്രധാന വാർത്തകൾ
 Top