18 October Friday

തോറ്റു ബ്രസീൽ, ജയിച്ചു അർജന്റീന

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019

അർജന്റീനയ്‌ക്കായി ഹാട്രിക്‌ നേടിയ മാർട്ടിനെസിനെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ


കാലിഫോർണിയ
ഒടുവിൽ ബ്രസീൽ തോറ്റു. ലോകകപ്പ്‌ ഫുട്‌ബോളിനുപിന്നാലെ 17 മത്സരങ്ങളിൽ അജയ്യരായി മുന്നേറിയ ബ്രസീലിനെ സൗഹൃദമത്സരത്തിൽ പെറു ഒരു ഗോളിന്‌ വീഴ്‌ത്തി. കോപ അമേരിക്ക ഫൈനലിൽ കാനറികളോടേറ്റ തോൽവിക്ക്‌ പ്രതികാരംകൂടിയായി പെറുവിന്‌. കളിയവസാനം ലൂയിസ്‌ അബ്രാമാണ്‌ പെറുവിന്റെ വിജയഗോൾ കുറിച്ചത്‌. മറ്റൊരു മത്സരത്തിൽ അർജന്റീന മെക്‌സിക്കോയെ നാല്‌ ഗോളിന്‌ തകർത്തു. ലൗതാരോ മാർട്ടിനെസിന്റെ ഹാട്രിക്കാണ്‌ അർജന്റീനയ്‌ക്ക്‌ വമ്പൻ ജയം സമ്മാനിച്ചത്‌.

പ്രതിരോധത്തിൽ നായകൻ ഡാനി ആൽവേസിനെയും തിയാഗോ സിൽവയെയും പുറത്തിരുത്തിയാണ്‌ പരിശീലകൻ ടിറ്റെ ബ്രസീലിനെ കളത്തിൽ അണിയിച്ചത്‌. കൊളംബിയക്കെതിരെ മിന്നിയ നെയ്‌മറിനെ ബെഞ്ചിലുമിരുത്തി. റോബർട്ടോ ഫിർമിനോയും റിച്ചാർലസിണും ഡേവിഡ്‌ നെറസിനുമായിരുന്നു മുന്നേറ്റത്തിൽ ചുമതല. മധ്യനിരയുടെ ചുക്കാൻ ഫിലിപെ കുടീന്യോക്കായിരുന്നു. പന്ത്‌ കാലിൽ വച്ചിട്ടും ലക്ഷ്യം കാണാൻ ബ്രസീലുകാർക്കായില്ല. പെറുവാകട്ടെ കാർലോസ്‌ സമ്പ്രാനോയുടെയും അബ്രാമിന്റെയും നേതൃത്വത്തിൽ പ്രതിരോധം കടുപ്പിച്ചതോടെ മഞ്ഞപ്പട വിയർത്തു.

രണ്ടാംപകുതിയിൽ നെയ്‌മർ കളത്തിലെത്തിയിട്ടും രക്ഷയുണ്ടായില്ല. അവസാന വിസിൽ മുഴങ്ങാൻ അഞ്ചു മിനിറ്റ്‌ ബാക്കിനിൽക്കെ യോഷിമർ യോട്ടുനിന്റെ ഫ്രീകിക്കിൽനിന്ന്‌ അബ്രാം ബ്രസീൽ ഗോൾവല കീഴടക്കി. ഒപ്പമെത്താനുള്ള ബ്രസീലിന്റെ ശ്രമങ്ങൾക്ക്‌ സമയം തിരിച്ചടിയായി. പെറു ആഘോഷിച്ചു. ബ്രസീലിനെതിരെ 47 മത്സരങ്ങൾ കളിച്ച പെറു അഞ്ചാംതവണയാണ്‌ മുൻ ലോക ചാമ്പ്യൻമാർക്കെതിരെ ജയം പിടിക്കുന്നത്‌.

ഒന്നാംപകുതിയിൽ നേടിയ നാല്‌ ഗോളിലാണ്‌ അർജന്റീന മെക്‌സിക്കോയെ നിലംപരിശാക്കിയത്‌. ഇന്റർ മിലാൻ മുന്നേറ്റക്കാരൻ മാർട്ടിനസാണ്‌ മെക്‌സിക്കോയെ തകർത്തത്‌. പെനൽറ്റിയിലൂടെ ലിയാൻഡ്രോ പരദെസാണ്‌ അർജന്റീനയുടെ മറ്റൊരു ഗോൾ നേടിയത്‌.


പ്രധാന വാർത്തകൾ
 Top