19 March Tuesday
പാകിസ്ഥാനെ ഒന്നിനെതിരെ 3 ഗോളിനു തകർത്തു

സാഫ് കപ്പ്: ഇന്ത്യ ഫൈനലിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

ഇന്ത്യക്കായി ഇരട്ടഗോൾനേടിയ മൻവീർ സിങ്ങിനെ പരിശീലകൻ സ്‌റ്റീഫൻ കോൺസ്‌റ്റന്റൈൻ ചുംബിക്കുന്നു


ധാക്ക
പാകിസ്ഥാനെ ഒന്നിനെതിരെ മൂന്നു ഗോളിനു തകർത്ത് ഇന്ത്യ സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ. മുന്നേറ്റക്കാരൻ മൻവീർ സിങ്് ഇരട്ടഗോൾ നേടി. സുമിത് പസ്സിയുടെ വകയായിരുന്നു മൂന്നാംഗോൾ. ഹസൻ ബഷീർ എതിരാളികൾക്കായി ആശ്വാസ ഗോളടിച്ചു. രണ്ടാംപകുതിയിലായിരുന്നു ഗോളുകളെല്ലാം. ഫൈനലിൽ മാലദ്വീപാണ് എതിരാളികൾ. ഗ്രൂപ്പ്ഘട്ടത്തിൽ മാലദ്വീപിനെ എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യ തോൽപ്പിച്ചിരുന്നു. ശനിയാഴ്ച വൈകീട്ട് ആറരയ്ക്കാണ് ഫൈനൽ.

മഴയിൽ ചളിപ്പാടമായി മാറിയ ധാക്കയിലെ ബംഗബന്ധു സ്റ്റേഡിയത്തിൽ നടന്ന സെമിഫൈനലിന്റെ ആദ്യപകുതി വിരസമായിരുന്നു. കളിക്കാർ പന്തുതട്ടാൻ ഏറെ പ്രയാസപ്പെട്ടു. ഓട്ടത്തിനിടെ പലരും വഴുതിവീണു. പാസുകൾ നിരന്തരം പിഴച്ചു. തുടർച്ചയായി പെയ്ത മഴയും അലോസരപ്പെടുത്തി. രണ്ടാംപകുതിയിൽ കൂടുതൽ ആസൂത്രണത്തോടെ കളിച്ച നിലവിലെ ജേതാക്കൾ ഫൈനലിന് അർഹത നേടുകയായിരുന്നു. മൻവീർ സിങ്ങിന്റെ ഷൂട്ടിങ്് മികവും തുണയായി.

പാകിസ്ഥാൻ തുടക്കത്തിൽ ആവേശത്തിലായിരുന്നു. 4‐3‐3 ശൈലിയിൽ ഇറങ്ങിയ പാകിസ്ഥാൻ കരുത്തൻ എതിരാളിക്കെതിരെ ആക്രമിക്കാൻ ഉറച്ചാണ് വന്നത്. ആദ്യ 15 മിനിറ്റിൽ മൂന്നുതവണ ഇന്ത്യൻ ഗോൾമുഖത്തേക്ക് അവർ ചീറിയെത്തി.  അതിനുശേഷം ഇന്ത്യ കളിയിൽ ആധിപത്യം നേടി. പന്തു കൂടുതൽനേരം കൈവശംവച്ച് കളിക്കാൻ ഇന്ത്യക്കാർ ശ്രദ്ധിച്ചു. അതോടെ പാക് താരങ്ങളുടെ ആവേശം തണുത്തു.

മലയാളി താരം ആഷിഖ് കരുണിയനായിരുന്നു ഇന്ത്യയുടെ മിക്ക ആക്രമണങ്ങൾക്കും തുടക്കമിട്ടത്. ആഷിഖിന്റെ കൃത്യമായ ക്രോസുകളിൽനിന്നായിരുന്നു രണ്ടു ഗോളുകൾ. ഇടതുവിങ്ങിലൂടെ ഓടിക്കയറി കരുണിയൻ നൽകിയ ക്രോസുകൾ പാക് ഗോൾമുഖത്ത് അപകടം വിതച്ചു കൊണ്ടിരുന്നു.
സലാം രഞ്ജൻ സിങ്ങും സാർഥക് ഗോലുയിയും കാത്ത ഇന്ത്യൻ പ്രതിരോധം ഭദ്രമായിരുന്നു. മധ്യനിരയിൽ വിനീത് റായിയും അനിരുദ്ധ് ഥാപ്പയും ഭേദപ്പെട്ടു കളിച്ചു. മുന്നേറ്റത്തിൽ ഫാറൂഖ് ചൗധരി മങ്ങിയത് ആക്രമണങ്ങളുടെ മൂർച്ച കുറച്ചു. പകരക്കാരനായി സുമിത് വന്നതോടെ കളി ചൂടുപിടിച്ചു.

രണ്ടാം പകുതിയിൽ ഇന്ത്യ മികച്ച മുന്നേറ്റങ്ങൾക്ക് തുടക്കമിട്ടു. മൂന്നു മിനിറ്റിനകം ഫലമുണ്ടായി. ഇടതുവിങ്ങിലൂടെ ചാട്ടുളി പോലെ ഓടിക്കയറി ആഷിഖ് നൽകിയ പാസ്സിൽനിന്നായിരുന്നു ആദ്യഗോൾ. പോസ്റ്റിനു നേരെ മുന്നിലേക്കു വന്ന പന്ത് ഒന്നു തൊട്ടുകൊടുക്കേണ്ട ജോലി മാത്രമായിരുന്നു മൻവീറിന്.

ലീഡെടുത്ത ആവേശത്തിൽ ഇന്ത്യ ഉണർന്നു കളിച്ചു. മധ്യനിരയിൽനിന്നു തുടങ്ങിയ മനോഹരമായ നീക്കത്തിനൊടുവിൽ രണ്ടാംഗോൾ പിറന്നു. മധ്യത്തിലൂടെ നീങ്ങിയ പകരക്കാരൻ ലാലിയൻസുവാല വലതുവിങ്ങിലേക്ക് പന്തു നൽകുമ്പോൾ മൻവീർ സിങ്ങിനുമുന്നിൽ ഗോളി മാത്രം. പന്ത് കാലിൽ കുരുക്കിയ മൻവീർ സമയമെടുത്ത് തൊടുത്തപ്പോൾ പാക് ഗോളിയുടെ തലയ്ക്കു മുകളിലൂടെ വലയിൽ. തിരിച്ചുവരവിനുള്ള പാക് ശ്രമത്തിന് കനത്തപ്രഹരമായി രണ്ടാംഗോൾ.

ഇടതുവിങ്ങിൽനിന്ന് ആഷിഖ് കരുണിയൻ നൽകിയ മനോഹരമായ ക്രോസിൽ നിന്നായിരുന്നു സുമിതിന്റെ ഹെഡ്ഡർ ഗോൾ. പോസ്റ്റിനു തൊട്ടുമുന്നിൽ നിന്ന സുമിതിന് തലയ്ക്ക് പാകത്തിനുവന്ന പന്ത് ഒന്നു തഴുകിയാൽ മതിയായിരുന്നു. അപ്രതീക്ഷിതമായിരുന്നു പാകിസ്ഥാന്റെ ഗോൾ. മൂന്നു ഗോൾ ലീഡിന്റെ അലസതയിലായിരുന്ന ഇന്ത്യൻ പ്രതിരോധക്കാരന്റെ അടിപിഴച്ചത് ഗോളിന് വഴിവച്ചു. ദിശമാറിയ പന്ത് ലഭിച്ചത് പാക് താരം ഹസൻ ബഷീറിന്റെ കാലിൽ. ബഷീർ നീട്ടിയടിച്ചപ്പോൾ ഗോളി വിശാൽ കൈതിന് തൊടാനായില്ല.


പ്രധാന വാർത്തകൾ
 Top