26 April Friday

ആ തുടർക്കഥയിൽ മാറ്റമില്ല

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

അഞ്ചാം ടെസ്‌റ്റിൽ ഇന്ത്യ പരാജയപ്പെട്ടശേഷം ജോ റൂട്ടും വിരാട്‌ കോഹ്‌ലിയും


ഒാവൽ
വീണ്ടും വിദേശമണ്ണിൽ ടെസ്റ്റ് പരമ്പര നഷ്ടമായി ഇന്ത്യ മടങ്ങുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാംറാങ്കുകാരായ ഇന്ത്യ സ്വന്തം മണ്ണിൽ മാത്രമാണ് കേമന്മാരെന്ന വിമർശം ഈ പരമ്പരയും ശരിവയ്ക്കുന്നു. ഇംഗ്ലീഷ് പിച്ചുകളിൽ  ഇന്ത്യൻ ബാറ്റിങ്് പട തകർന്ന കാഴ്ച അതിദയനീയമായി. ഇംഗ്ലീഷുകാർ അനായാസം പരമ്പര സ്വന്തമാക്കി.

കഴിവിൽ ഇരുടീമും തുല്യരായിരുന്നു. എന്നാൽ, സമചിത്തതയോടെ കളത്തിൽ കാര്യങ്ങൾ നടപ്പാക്കുന്നതിൽ ഏറെ മുന്നിലായിരുന്നു ഇംഗ്ലീഷുകാർ.
മഹേന്ദ്ര സിങ് ധോണിയുടെ പിൻവാങ്ങലിനുശേഷം നടന്ന പരമ്പരയ്ക്ക് ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ യാത്രയായത്. ലോകത്തെ ഏറ്റവുംമികച്ച ബാറ്റ്സ്മാന്റെ നായകത്വത്തിൽ ഇംഗ്ലണ്ടിൽ കാലുകുത്തിയ ടീമിൽ ബാറ്റിങ്് തന്നെയായിരുന്നു കരുത്ത്. പക്ഷെ ശിഖർ ധവാൻ, മുരളി വിജയ്, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ എന്നിവരുടെ  ബാറ്റ് താണുപോയി.

പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിൽ തുടങ്ങി ഇന്ത്യയുടെ അനാസ്ഥ.  മുതിർന്ന താരങ്ങളും യുവതാരങ്ങളും ഒരുപോലെ അണിനിരന്ന  ടീമിനെ വിപരീത സാഹചര്യങ്ങളിൽ ആത്മവിശ്വാസത്തോടെ കളിക്കാനാകുന്ന മാനസികാവസ്ഥയിലേക്ക് ഉയർത്താൻ പരിശീലകനോ ടീം അധികൃതർക്കോ സാധിച്ചില്ല.  ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റ് കഴിയേണ്ടി വന്നു ടീമിന് പരിസരബോധമുണ്ടാകാൻ. അപ്പോഴേക്കും വൈകി. ഇന്ത്യയുടെ ഈ അലംഭാവം മുതലെടുത്ത ഇംഗ്ലണ്ട് മാനസികാധിപത്യം നേടി.

നാലു കളിയിൽനിന്ന് 162 റണ്ണാണ് ധവാന്റെ സംഭാവന. സീം ബൗളിങ്ങിനെതിരെ ധവാൻ കഷ്ടപ്പെട്ടു. സ്ലിപ്പിൽ ക്യാച്ച് നൽകി മടങ്ങാൻ വല്ലാത്ത തിടുക്കമായിരുന്നു ഈ ഇടംകൈയന്. നാലു വർഷംമുമ്പ് ഇംഗ്ലീഷ്മണ്ണിൽ ബാറ്റുകൊണ്ട് പ്രതിരോധം തീർത്ത മികവിന്റെ നിഴലായിരുന്നു രഹാനെ. ഇത്തവണ അഞ്ചുകളിയിൽ നേടിയത് 257 റൺ മാത്രം. രണ്ടു കളിയിൽനിന്ന് 26 റണ്ണെടുത്ത മുരളി വിജയ്യുടെ സേവനം അതോടെ അവസാനിപ്പിച്ചു. സെഞ്ച്വറികളുമായി പുജാരയും രാഹുലും മുഖം രക്ഷിച്ചെങ്കിലും പ്രതീക്ഷയ്ക്ക് ഏറെ താഴെയായിരുന്നു പ്രകടനം.

ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സമാനെന്ന ബഹുമതി തനിക്കു തന്നെയാണ് ചേരുകയെന്നു തെളിയിച്ച ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഇംഗ്ലണ്ടിൽ മികവുകാട്ടിയ ഏക ബാറ്റ്സ്മാൻ. അഞ്ചു കളിയിൽ നിന്നായി 59.30 ശരാശരിയിൽ 593 റൺ അടിച്ചുകൂട്ടി. പലപ്പോഴും കൂടെ പൊരുതാൻ അണികളില്ലാതെ അടർക്കളത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു നായകൻ.

നായകത്വം ബാറ്റിങ്ങിനെ തെല്ലും ബാധിക്കുന്നില്ലെന്ന് തെളിയിച്ചെങ്കിലും കോഹ്ലിയെന്ന നായകന്  പരിമിതികളുണ്ടായി. കോഹ്ലിക്ക് ടീമിനെ കാര്യക്ഷമമായി നിയന്ത്രിക്കാൻ സാധിക്കുന്നില്ല. കളിയിലെ വിവിധ സാഹചര്യങ്ങൾക്കനുസരിച്ച് ഫലവത്തായ ആശയങ്ങൾക്ക് രൂപംനൽകാനോ നടപ്പാക്കാനോ സാധിക്കുന്നില്ല. മുതിർന്ന താരങ്ങളുമായി കൂടിയാലോചിച്ച് തീരുമാനങ്ങളെടുക്കുകയും അതുവഴി ഒരു കൂട്ടായ്മ രൂപപ്പെടുത്തുകയും ചെയ്തില്ല. പൊതുവെ ആക്രമണോത്സുകനായ കോഹ്ലിയുടെ നായകത്വം പ്രതിരോധാത്മകമായിരുന്നു.

പരിശീലകനായ രവിശാസ്ത്രിയുടെ ദൗർബല്യങ്ങൾ ടീമിന്റെ പ്രകടനത്തിൽ മുഴച്ചുനിന്നു. വർഷങ്ങൾ കൗണ്ടി ക്രിക്കറ്റ് കളിച്ചിട്ടുള്ള മുൻനായകന് പരിചയസമ്പത്തിന്റെ പാഠങ്ങൾ കളിക്കാരിലേക്കു പകരാൻ സാധിച്ചില്ല. ബാറ്റ്സ്മാന്മാരുടെ പിഴവുകൾ തിരുത്തിക്കൊടുക്കുന്നതിലും പരാജയപ്പെട്ടു. ടീമിന്റെ ദയനീയപ്രകടനം പരിശീലകന്റെ കസേര തെറിപ്പിക്കുമെന്ന് സൂചനയുണ്ട്.

പേസ് ബൗളർമാരുടെ സ്ഥിരതയാർന്ന പ്രകടനമാണ് ഈ പരമ്പരയിൽ ഇന്ത്യക്ക് ആശ്വാസം. പേസർമാരായ മുഹമ്മദ് ഷമി, ഇഷാന്ത് ശർമ, ജസ്പ്രീത് ബുംമ്ര എന്നിവർ നന്നായി പന്തെറിഞ്ഞു. ഉയരത്തിന്റെ ആനുകൂല്യം മുതലെടുത്ത് ഇഷാന്ത് ഇടംകൈയന്മാരെ വിറപ്പിച്ചു. നിയന്ത്രണത്തോടെ പന്തെറിയുന്നതിൽ ഷമി ഒരുപടി മുന്നിലായിരുന്നു. വേഗവും വ്യത്യസ്തമായ ആക്ഷനുമായിരുന്നു ബുംമ്രയുടെ ആയുധങ്ങൾ. ഹാർദിക് പാണ്ഡ്യ ഓൾറൗണ്ടറെന്ന നിലയിൽ പരാജയമായി. കപിലിനോടുള്ള താരതമ്യത്തിന് താരം ഏറെ മുന്നോട്ടു പോകണം.

ആർ അശ്വിന് കളിയിൽ സ്വാധീനം ചെലുത്താനായില്ല. പിന്നീട് രവീന്ദ്ര ജഡേജയ്ക്ക് വഴിമാറേണ്ടി വന്നു അശ്വിന്. ഫീൽഡിങ്ങിൽ ഏറെക്കാലത്തിനുശേഷമാണ് നിലവാരക്കുറവ് ദൃശ്യമാകുന്നത്. സ്ലിപ്പിൽ നിരവധി ക്യാച്ചുകൾ കൈവിട്ടു.


പ്രധാന വാർത്തകൾ
 Top