19 September Saturday

യൂറോപ ലീഗ്‌ സെമി ലൈനപ്പായി ; യുണൈറ്റഡ്‌–സെവിയ ഇന്റർ–-ഷക്താർ

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020


ലണ്ടൻ
യൂറോപ ലീഗ്‌ ഫുട്‌ബോൾ സെമി ലൈനപ്പായി. മാഞ്ചസ്റ്റർ യുണൈറ്റഡ്‌ സെവിയയെയും, ഇന്റർ മിലാൻ‌ ഷക്താർ ഡൊണെസ്‌തകിനെയും നേരിടും. 16നും 17നുമാണ്‌ സെമി. 21ന്‌ ഫൈനൽ. ക്വാർട്ടറിൽ വുൾവറാംപ്‌ടൺ വാണ്ടറേഴ്‌സിനെ ഒരു ഗോളിന്‌ മടക്കിയാണ്‌ സെവിയ അവസാന നാലിൽ ഇടംപിടിച്ചത്‌. ഷക്താറാകട്ടെ എഫ്‌സി ബേസലിനെ 4–-1ന്‌ തകർത്തു.

ക്വാർട്ടറിലെ വമ്പൻ പോരായിരുന്നു വൂൾവ്‌സ്‌–-സെവിയ മത്സരം. സ്വന്തംതട്ടകത്തിൽ തുടക്കം കിട്ടിയ ആനുകൂല്യം വൂൾവ്‌സിന്‌ മുതലാക്കാനായില്ല. 13–-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി റൗൾ ജിമ്മെൻസ്‌ പാഴാക്കിയത്‌ ഇംഗ്ലീഷുകാർക്ക്‌ തിരിച്ചടിയായി. ഇരുടീമുകളും പ്രതിരോധം കനപ്പിച്ച്‌ കളിച്ചതോടെ ഗോളകന്നു. കളി തീരാൻ രണ്ട്‌ മിനിറ്റ്‌ ബാക്കിനിൽക്കേയാണ്‌ ലൂക്കാസ്‌ ഒകാംപോസിന്റെ വിജയഗോൾ എത്തിയത്‌. എവെർ ബനേഗയുടെ ക്രോസിൽ തലവച്ച്‌ ഒകാംപോസ്‌ സെവിയക്ക്‌ ആഘോഷമൊരുക്കി. അഞ്ചുവട്ടം യൂറോപ ചാമ്പ്യൻമാരാണ്‌ സെവിയ. റയൽ മാഡ്രിഡ്‌ മുൻ പരിശീലകൻ യൂലൻ ലൊപടേഗിക്ക്‌ കീഴിൽ മികച്ച പ്രകടനമാണ്‌ ടീം നടത്തുന്നത്‌. സ്‌പാനിഷ്‌ ലീഗിൽ നാലാമതെത്തി. അവസാന 19 കളികളിൽ തോൽവി അറിയാതെയാണ്‌ മുന്നേറ്റം.

ജൂനിയർ മൊറേസ്‌, ടൈസൺ, അലൻ പാട്രിക്‌, ഡോഡോ എന്നിവരുടെ ഗോളിലാണ്‌ ഷക്താർ ബേസലിനെ വീഴ്‌ത്തിയത്‌. പരിക്കുസമയം റിക്കി വാൻ വോൾഫ്‌സ്വിൻകേലാണ്‌ ബേസലിന്‌ ആശ്വാസം നൽകിയത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top