23 January Thursday
ലോകകപ്പ്‌ ഫൈനൽ നാളെ: ഇംഗ്ലണ്ട്‌ x ന്യൂസിലൻഡ്‌

ആരുടെ പന്ത്‌ ആരുടെ ബാറ്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 13, 2019ലോർഡ‌്സ‌്
ഇനി ഒരു നാൾ. ലോർഡ‌്സിൽ രണ്ട‌് ടീമുകൾ ലോകകപ്പിലെ കന്നിക്കിരീടം തേടിയിറങ്ങുന്നു. ഇംഗ്ലണ്ടും ന്യൂസിലൻഡും. ആദ്യം കുതിച്ചും പിന്നെ തളർന്നുമാണ‌് ഇരു ടീമുകളും സെമിവരെ മുന്നേറിയത‌്. സെമിയിൽ വമ്പൻമാരായ ഇന്ത്യയെയും ഓസ‌്ട്രേലിയയെയും യഥാക്രമം കിവീസും ഇംഗ്ലണ്ടും വീഴ‌്ത്തി.
ഇരു ടീമുകളുടെയും ശക്തി ദൗർബല്യങ്ങളിലേക്ക‌്.

മുൻനിര
ആദ്യ കളിയിൽ 137 റൺ കൂട്ടിച്ചേർത്തശേഷം കിവികളുടെ ഓപ്പണിങ‌് സഖ്യം മങ്ങി. തുടർന്ന‌് 35 റണ്ണാണ‌് അവരുടെ ഏറ്റവും വലിയ ഓപ്പണിങ‌് കൂട്ടുകെട്ട‌്. മൂന്ന‌് തവണ ഓപ്പണർമാർ ആദ്യ ഓവറിൽ പുറത്തായി. ഇതിൽ രണ്ട‌് തവണ ആദ്യ പന്തിൽ. കോളിൻ മൺറോയെ ഒഴിവാക്കി. 2015 ലോകകപ്പിൽ 547 റണ്ണടിച്ച മാർടിൻ ഗുപ‌്റ്റിലിന‌് ഈ ലോകകപ്പിൽ 167 റൺ മാത്രം.

ഇംഗ്ലണ്ടിന‌് ലോകകപ്പിലെ ഏറ്റവും മികച്ച ഓപ്പണിങ‌്നിര. ജാസൺ റോയ‌്–-ജോണി ബെയർസ‌്റ്റോ സഖ്യം ലോകകപ്പിൽ തുടർച്ചയായി നാല‌് തവണ 100 റൺ കൂട്ടുകെട്ടുണ്ടാക്കി.

വിലയിരുത്തൽ: ഇംഗ്ലണ്ടിന‌് വലിയ മുൻതൂക്കം.

മധ്യനിര
കെയ‌്ൻ വില്യംസൺ കിവീസ‌് മധ്യനിരയെ നയിക്കുന്നു. റോസ‌് ടെയ‌്‌ലർ ഭേദപ്പെട്ട‌് കളിച്ചു. അഞ്ചാം നമ്പറിൽ ആ മികവില്ല. ടോം ലാതത്തിന്റെ ബാറ്റിങ‌് ശരാശരി ലോകകപ്പിൽ 15.42.
വില്യംസന്റെ പ്രതിഭയ‌്ക്കൊത്ത കളിക്കാർ ഇംഗ്ലീഷ‌് മധ്യനിരയിലില്ല. എന്നാൽ, ജോ റൂട്ട‌്, ഇയോവിൻ മോർഗൻ, ബെൻ സ‌്റ്റോക‌്‌സ‌്, ജോസ‌് ബട‌്‌ലർ എന്നിവരുൾപ്പെട്ട ഇംഗ്ലീഷ‌് മധ്യനിര ഏത‌് ടീമിനെയും ഭയപ്പെടുത്തും. ഏത‌് റൺമലയും കീഴടക്കും.

വിലയിരുത്തൽ: ഇംഗ്ലണ്ടിന‌് മുൻതൂക്കം.

വാലറ്റം
ഏഴാം നമ്പറിൽ മൊയീൻ അലിയെ പരീക്ഷിച്ച‌് ഇംഗ്ലണ്ട‌് അവസാനിപ്പിച്ചു. നിലവിൽ പേസർ ക്രിസ‌് വോ‌ക‌്സാണ‌് ഏഴാം നമ്പറിൽ. സിക‌്സർ പറത്താനുള്ള കഴിവില്ല വാലറ്റത്തിന‌്.

കോളിൻ ഡി ഗ്രാൻഡ‌്ഹോം ഈ ലോകകപ്പിൽ കിവികളെ പല മത്സരങ്ങളിലും രക്ഷിച്ചു. എട്ടാം നമ്പറിൽ മിച്ചെൽ സാന്റ‌്നെറും മിടുക്കൻ.

വിലയിരുത്തൽ: ന്യൂസിലൻഡിന‌് മുൻതൂക്കം.

പുതിയ പന്തിൽ
വോക‌്സും ജോഫ്ര ആർച്ചെറും ഉൾപ്പെട്ട ബൗളിങ‌് നിര ഈ ലോകകപ്പിലെ ഏറ്റവും മികച്ച സഖ്യമാണ‌്.
ട്രെന്റ‌് ബോൾട്ട‌്–-മാറ്റ‌് ഹെൻറി സഖ്യം കിവികൾക്കും നല്ല തുടക്കം നൽകുന്നു. സെമിയിൽ ഇന്ത്യക്കെതിരെ ഇവരുടെ പ്രകടനം നിർണായകമായി. എന്നാൽ, ഹെൻറിക്ക‌് സാഹചര്യം അനുകൂലമായാൽ മാത്രമേ തിളങ്ങാനാകൂ. ബാറ്റിങ‌് വിക്കറ്റുകളിൽ മങ്ങും.

വിലയിരുത്തൽ: ഇംഗ്ലണ്ടിന‌് മുൻതൂക്കം.

മധ്യ ഓവറുകളിലെ ബൗളിങ‌്
പേസർ ലോക്കി ഫെർഗൂസൻ ഈ ലോകകപ്പിലെ ഏറ്റവും മികച്ച മധ്യ ഓവർ ബൗളറാണ‌്. സാന്റ‌്നെറും ചേർന്നാൽ കിവികൾ മധ്യ ഓവറുകൾ വരുതിയിലാക്കും.
ലിയാം പ്ലങ്കറ്റും മാർക്‌ വുഡും ആ മികവിൽ എത്തില്ല.

വിലയിരുത്തൽ: ന്യൂസിലൻഡിന‌് മുൻതൂക്കം.

അന്ത്യ ഓവറുകളിലെ ബൗളിങ‌്
അവസാന ഓവറുകളിൽ മിടുക്കോടെ യോർക്കറുകൾ എറിയാൻ വുഡിനും ആർച്ചെർക്കും കഴിയും. വേഗം കുറച്ചും കൂട്ടിയും വോ‌ക‌്സും തിളങ്ങും.
കിവികൾക്ക‌് ഈ മികവില്ല. ജിമ്മി നീഷമിനെയാണ‌് അവർ കൂടുതൽ പരീക്ഷിക്കുക. മുൻനിര ബൗളർ ഹെൻറി കൂടുതൽ റൺവഴങ്ങും. വെസ‌്റ്റിൻഡീസിന്റെ കാർലോസ‌് ബ്രത‌്‌വയ‌്റ്റ‌് ഹെൻറിയുടെ ഒരോവറിൽ അടിച്ചെടുത്തത‌് 25 റൺ.

വിലയിരുത്തൽ: ഇംഗ്ലണ്ടിന‌് മുൻതൂക്കം.

ഫീൽഡിങ‌്
സെമിയിൽ ഇന്ത്യയുടെ അവസാന പ്രതീക്ഷയായ മഹേന്ദ്രസിങ‌് ധോണിയെ റണ്ണൗട്ടാക്കിയ മാർടിൻ ഗുപ‌്റ്റിലിന്റെ ചടുലതയാണ‌് കിവികളുടെ ഫീൽഡിങ്ങിന്റെ നേർചിത്രം. സെമിയിൽ ദിനേശ‌് കാർത്തിക്കിനെ പുറത്താക്കിയ നീഷമിന്റെ ക്യാച്ചും മനോഹരം. കളിയുടെ ഗതിതന്നെ മാറ്റി ഈ രണ്ട‌് പ്രകടനവും.
സ‌്റ്റോക‌്സാ‌ണ‌് ഇംഗ്ലീഷുകാരുടെ ഉജ്വല ഫീൽഡർ. വിക്കറ്റിന‌് പിന്നിൽ ലാതത്തെക്കാൾ മിന്നുന്നത‌് ബട‌്‌ലറാണ‌്.

വിലയിരുത്തൽ: സമാസമം.


പ്രധാന വാർത്തകൾ
 Top