20 March Wednesday

കെട്ടിപ്പുണർന്നു ജയവും ക്രൊയേഷ്യയും

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018

മോസ്കോ
വല്ലാതെ ക്ഷീണിച്ചിരുന്നു ക്രൊയേഷ്യയുടെ കളിക്കാർ. കാലുകൾ കുഴഞ്ഞു. ശ്വാസത്തിന് കിതച്ചു. പേശികൾ തളർന്നു. എന്നിട്ടും അവർ വിശ്രമിച്ചില്ല. അവസാന ദിവസത്തെ അവസാന മിനിറ്റിലെ അവസാന നിമിഷത്തിലെന്നപോലെ അവർ പൊരുതി. ആത്മവിശ്വാസത്തിൽ കുറുക്കിയെടുത്ത നിശ്ചയദാർഢ്യത്തിന്റെ മൃതസഞ്ജീവനിയിൽ മനസ്സ് പറയുന്നിടത്തേക്കുതന്നെ അവർ ശരീരം കൊണ്ടുപോയി. വിജയം ക്രൊയേഷ്യക്ക് ആരോ നീട്ടിയ സൗമനസ്യമായിരുന്നില്ല, അടർക്കളത്തിലെ തളരാത്ത പോരാളിക്ക് കാലം പതിച്ചുനൽകിയ വീരമുദ്രയായിരുന്നു.

ആ വീരമുദ്രയിൽ പ്രതിബിംബിച്ചത് ഇംഗ്ലണ്ടിന്റെ ചിതറിത്തെറിച്ച സ്വപ്നങ്ങൾ. 52 വർഷത്തിനുശേഷം ലോകകപ്പ് ഫൈനലിലേക്ക് ചുവടുവച്ച ഇംഗ്ലണ്ട് എന്ന സൂര്യൻ മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിൽ ക്രൊയേഷ്യ ഒഴുക്കിയ വിയർപ്പിന്റെ തിരമാലകളിൽ അസ്തമിച്ചു. 1966ലെ സെമി പോരാട്ടത്തിൽനിന്ന് അപ്പോൾ 45 മിനിറ്റ് മാത്രം അകലെയായിരുന്നു ഇംഗ്ലണ്ട്. അന്ന് ചാമ്പ്യൻമാരായ ഇംഗ്ലണ്ട് പിന്നെ സെമി കാണാൻപോലും 24 വർഷം കാത്തിരുന്നു. 1990ൽ ജർമനിയോട് ഷൂട്ടൗട്ടിൽ തോറ്റു.

ആരും കിരീടസാധ്യതകൾ പ്രവചിച്ചില്ലെങ്കിലും ഇംഗ്ലണ്ട് പതുക്കെ ചുവടുവച്ചത് അങ്ങോട്ടുതന്നെയായിരുന്നു. കിരീടവുമായി മടങ്ങുമെന്ന പ്രതീക്ഷ ഇംഗ്ലണ്ടിൽ പല്ലവിയായി പാടി. ചോരതുടിക്കുന്ന ഇംഗ്ലണ്ടിന്റെ യൗവനം കിരീടത്തിന്റെ അഴകുമായി ലണ്ടനിലേക്കു വരുന്നത് കൈയെത്തിപ്പിടിക്കാവുന്ന യാഥാർഥ്യമാണെന്ന് അവർ ഉറപ്പിച്ചു.

സെമിയിൽ തുടങ്ങിയതും അതുപോലെതന്നെ. അഞ്ചാം മിനിറ്റിൽ ക്രൊയേഷ്യയുടെ ഗോൾവല ഇംഗ്ലീഷുകാർ റെയ്ഡ് ചെയ്തു.  വീണ്ടും ഒരു സെറ്റ്പീസ് ഗോൾ. 20 വാര അകലെനിന്ന് ക്രൊയേഷ്യൻ പ്രതിരോധഭിത്തിക്കു മീതെ കീറെൻ ട്രിപ്പിയർ തൊടുത്തു. ക്രൊയേഷ്യ തലകുനിച്ചു. ആ ഗോളിലും ക്രൊയേഷ്യ ഉണർന്നില്ല. അവരുടെ പാസുകൾ ലക്ഷ്യത്തിലേക്കെത്തിയില്ല. അവരുടെ മുന്നേറ്റങ്ങൾ ഇംഗ്ലീഷ് കാവൽനിരയെ കീറിമുറിച്ചില്ല. ഇംഗ്ലണ്ടിന്റെ കാലുകൾ സെമി ഭരിച്ചു. ഫൈനലിന്റെ ഉമ്മറപ്പടിയിലേക്ക് ക്ഷണപത്രം കിട്ടി എന്നുതന്നെ ഇംഗ്ലീഷുകാർ ഉറപ്പിച്ചു.

വിശ്രമിച്ച് തിരിച്ചെത്തിയപ്പോൾ മറ്റൊരു ക്രൊയേഷ്യയെയാണ് കണ്ടത്. റഷ്യയിൽ വെല്ലുവിളികളെ മാത്രം നേരിട്ട ക്രൊയേഷ്യ അതിജീവനത്തിന്റെ ബൂട്ട് മുറുക്കി. ലൂക്കാ മോഡ്രിച്ച് മധ്യനിരയിൽ കടിഞ്ഞാണേന്തി. റാകിടിച്ച് ഇണക്കുകണ്ണിയായി. മുന്നേറ്റത്തിൽ റെബിച്ചിനും പെരിസിച്ചിനും പന്തെത്തി. അഗ്നിപരീക്ഷകൾ കടന്ന് സെമിയിലെത്തിയ ക്രൊയേഷ്യ ഉഗ്രരൂപംപൂണ്ടു. ഡെൻമാർക്കിനാട് പ്രീക്വാർട്ടറിൽ ഷൂട്ടൗട്ട്, റഷ്യയോട് ക്വാർട്ടറിൽ ഷൂട്ടൗട്ട്. പറന്നുവന്ന അസ്ത്രങ്ങൾക്കെതിരെ നടന്നാണ് ക്രൊയേഷ്യ സെമി കണ്ടത്. എന്നിട്ടും വറ്റിയില്ല ഊർജം എന്നുതന്നെ അവർ തെളിയിച്ചു. കൈൽ വാക്കറിന്റെ തൊട്ടുമുന്നിൽനിന്ന് കാൽ ഉയർത്തി പെരിസിച്ച് പന്തിനെ ഇംഗ്ലണ്ടിന്റെ വലയിലേക്ക് തിരിച്ചു.

വല മാത്രമല്ല, ഇംഗ്ലണ്ട് ആകെ കുലുങ്ങി. ഇംഗ്ലീഷ് നിരയിലേക്ക് ഭയം ശീതക്കാറ്റായി അടിച്ചുകയറി. ഇംഗ്ലണ്ടിന്റെ പരസ്പര ബന്ധങ്ങളറ്റു. ഹാരികെയ്ൻ ഓടിനടന്നെങ്കിലും മൂർച്ചയുള്ള മുള്ളാണി പറിഞ്ഞുപോയി. ഡെലെ ആല്ലി മധ്യനിരയിൽനിന്ന് പിന്നോട്ടിറങ്ങി. റഹീം സ്റ്റെർലിങ്ങിലേക്ക് പന്തെത്തിയില്ല. മധ്യനിരക്കാർക്ക് മുന്നേറ്റക്കാരെ പിന്തുണയ്ക്കാനായില്ല. അവർ പ്രതിരോധക്കാർക്കുവേണ്ടി പിൻവാങ്ങി. മധ്യനിരയിൽ നീക്കങ്ങളുടെ ഒരുക്കലുകൾ അകന്നു.

ക്രൊയേഷ്യ മാനസികമായ ആധിപത്യം നേടി. പരിചയത്തിൽ ക്രൊയേഷ്യൻ കളിക്കാർ  ഇംഗ്ലണ്ടിനേക്കാൾ സ്വൽപ്പം മുന്നിലാണ്. നാല് ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ചിട്ടുണ്ട് മോഡ്രിച്ച്.മാൻഡ്സുകിച്ച് മൂന്ന്. ലോവ്റെനും റാകിടിച്ചും ഓരോന്നും. ഇംഗ്ലീഷ്നിരയിൽ ജോർദൻ ഹെൻഡേഴ്സണ് മാത്രമാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽപരിചയം. അതാകട്ടെ മാസങ്ങൾക്കു മുമ്പും. പിരിമുറുക്കത്തിന്റെ മൂർധന്യത്തിലാണ് പരിചയസമ്പത്ത് തുണയായി എത്തുക.

മുഴുവൻസമയക്കളി 1‐1ൽ അവസാനിച്ചു. അധികസമയത്തേക്ക് മത്സരം നീണ്ടു. അപ്പോഴും ക്രൊയേഷ്യയുടെ കൈയിൽതന്നെയായിരുന്നു നിയന്ത്രണം. തുടർച്ചയായ മൂന്നാമത്തെ കളിയും അധികസമയത്തേക്ക് നീണ്ടപ്പോൾ ക്രൊയേഷ്യൻ കളിക്കാരുടെ മുഖത്ത് ക്ഷീണം പ്രതിഫലിച്ചു. പക്ഷെ അവർ അതിന് കീഴടങ്ങിയില്ല. ക്ഷീണിച്ച കാലുകൾകൊണ്ട് അവർ ഉന്നംനോക്കി. കുഴയുന്ന കൈകൊണ്ട് അവർ കടൽ നീന്തി. ഒടുവിൽ 109‐ാം മിനിറ്റ് എത്തി. ഇംഗ്ലീഷ് പ്രതിരോധത്തിലെ കമ്പികളിൽ ഒരുനിമിഷം വൈദ്യുതി നിലച്ചു. അത് മതിയായിരുന്നു മാൻഡ്സുകിച്ചിന്. വെടിയുണ്ടകളെ തടുത്തിടുന്ന ഗോളി പിക്ഫോർഡിനരികിലൂടെ ഒരു മിന്നൽ പാഞ്ഞു. ആ മിന്നൽ ഇംഗ്ലണ്ടിന്റെ നെഞ്ചിലേറ്റു. ക്രൊയേഷ്യക്ക് ഫൈനലിലേക്കും ചരിത്രത്തിലേക്കും വഴിതുറന്നു. ജർമനിക്കും ബ്രസീലിനും അർജന്റീനയ്ക്കും സ്പെയ്നിനും പ്രവേശനംകിട്ടാത്ത ഫൈനലിലേക്ക് ക്രൊയേഷ്യ. അവിടെ ഫ്രാൻസ് കാത്തിരിക്കുന്നു.

പ്രധാന വാർത്തകൾ
 Top