22 February Friday

ഇടർച്ച ഇംഗ്ലണ്ടിന് തുടർച്ച?

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018

ക്രൊയേഷ്യക്കെതിരായ സെമിക്കിടെ മൈതാനത്ത്‌ വീണുകിടക്കുന്ന ഇംഗ്ലണ്ട്‌ ക്യാപ്‌റ്റൻ ഹാരി കെയ്‌ൻ


മോസ്‌കോ
ഇംഗ്ലണ്ടിന് ഇതൊരു തുടക്കമാണ്. തോൽവിയിലും ഇംഗ്ലീഷ് മാധ്യമങ്ങൾ ഗാരെത് സൗത്ഗേറ്റിന്റെ സംഘത്തെ പഴിക്കുന്നില്ല. പോരായ്മകളുണ്ട്. ആ പോരായ്മകൾ ക്രൊയേഷ്യക്കെതിരായ കളിയിൽ മുഴച്ചുനിന്നു. ക്രൊയേഷ്യൻ വീരഗാഥയിൽ ഇംഗ്ലണ്ടിന്റെ ചെറുമിന്നലാട്ടങ്ങൾക്ക് പ്രസക്തിയുണ്ടായില്ല. എങ്കിലും 28 വർഷത്തെ ഇടവേളയ്ക്കുശേഷം അടയാളപ്പെടുത്തിയാണ് ഇംഗ്ലീഷ് ടീം തിരിച്ചുപോകുന്നത്.

1996ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ജർമനിക്കെതിരെ പെനൽറ്റി പാഴാക്കിയ കളിക്കാരനായിരുന്നു സൗത്ഗേറ്റ്. ആ സൗത്ഗേറ്റ് 22 വർഷത്തിനുശേഷം ഇംഗ്ലീഷ് ടീമിന്റെ പരിശീലകനായി. ലോകകപ്പിൽ ആദ്യമായി ഇംഗ്ലണ്ട് ഷൂട്ടൗട്ട് ഭാഗ്യപരീക്ഷണത്തിൽ വിജയിക്കുന്നത് സൗത്ഗേറ്റിന് കീഴിലാണ്. പ്രീക്വാർട്ടറിൽ കൊളംബിയയെ വീഴ്ത്തിയ പെനൽറ്റി ഷൂട്ടൗട്ട്, ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിന്റെ ഭാഗമാണ്.

സൗത്ഗേറ്റിന്റെ ധൈര്യവും ആശയങ്ങളുമാണ് ഇന്നത്തെ ഇംഗ്ലീഷ് ടീം. ജോർദാൻ പിക്ഫോർഡിനെയും കീറൺ ട്രിപ്പിയറിനെയും ടീമിൽ ഉൾപ്പെടുത്തുമ്പോൾ മുഖംചുളിച്ചവർ ഏറെ. ഹാരി കെയ്നിന് നായകപദവി നൽകി. ഒരുപറ്റം യുവാക്കൾ. 1990ൽ അവസാനമായി ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ കളിച്ചപ്പോൾ ജനിച്ചിട്ടുപോലുമില്ല ഈ സംഘത്തിൽ പലരും.

ലോകകപ്പ് തുടങ്ങുമ്പോൾ സൗത്ഗേറ്റ് പറഞ്ഞു 'ഈ ലോകകപ്പിലെ അനുഭവസമ്പത്തില്ലാത്ത സംഘമാണ് ഇത്' എന്ന്. വെയ്ൻ റൂണിയും ഫ്രാങ്ക് ലംപാർഡും സ്റ്റീവൻ ജെറാർഡും ജോ ഹാർട്ടും തുടങ്ങിയ വൻനിര 2014ലെ ലോകകപ്പിൽ രണ്ടാം റൗണ്ട് കാണാതെയാണ് മടങ്ങിയത്. യൂറോ കപ്പിൽ ഐസ്ലൻഡിനോട് തോറ്റുപുറത്തായി. ഇക്കുറി 16 പേർ ആദ്യമായി ലോകകപ്പിനെത്തി. പ്രതീക്ഷയ്ക്കപ്പുറം മുന്നേറി.

1966നുശേഷം കിരീടസ്വപ്നവുമായി ഒരുപാടുതവണ ഇംഗ്ലണ്ട് എത്തി. ഡേവിഡ് ബെക്കാമും ജെറാർഡും ലംപാർഡും മൈക്കേൽ ഓവനുമൊക്കെ ഉൾപ്പെട്ട സുവർണനിര വെറും കൈയോടെ മടങ്ങി. 1990നുശേഷം സെമി കാണാൻകഴിഞ്ഞില്ല. അവിടെനിന്നാണ് സൗത്ഗേറ്റ് ഒരുപറ്റം യുവാക്കളെ സെമിയിലേക്കു നയിച്ചത്.

ഇരുപത്തിനാലുകാരനായ ക്യാപ്റ്റൻ ഹാരി കെയ്ൻ ആറ് ഗോളുമായി ടോപ് സ്കോറർമാരുടെ പട്ടികയിൽ മുന്നിൽ. ട്രിപ്പിയർ ഈ ലോകകപ്പിന്റെ കണ്ടെത്തലാണ്. ക്രൊയേഷ്യക്കെതിരെ ട്രിപ്പിയർ തൊടുത്ത ഫ്രീകിക്ക് ഗോൾമതി ആ പ്രതിഭയെ മനസ്സിലാക്കാൻ. പിക്ഫോർഡ് ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ കീപ്പറാണ്. ഹാരി മഗ്വെയറും വരവറിയിച്ചു. അലെക്സാണ്ടർ ആർണോൾഡും ടീമിൽ ഉൾപ്പെടാത്ത ഫിൽ േഫാഡെനും പ്രതീക്ഷകളാണ്. ഈ ലോകകപ്പ് ഇംഗ്ലണ്ടിന് തുടക്കമാണ്. 2020 യൂറോ കപ്പിലേക്കുള്ള വഴിതുറക്കൽ.

ഇംഗ്ലണ്ടിന്റെ സ്ഥിരംപ്രശ്നങ്ങളിൽനിന്ന് കരകയറ്റാൻ സൗത്ഗേറ്റിനും കഴിഞ്ഞിട്ടില്ല എന്നത് യാഥാർഥ്യമാണ്. ഒരു ഗോൾ വീണുകഴിഞ്ഞാൽ പരിഭ്രാന്തരാകും ടീം. ആശയങ്ങളറ്റുപോകും. ക്രൊയേഷ്യക്കെതിരെ ആദ്യ മിനിറ്റുകൾ മനോഹരമായാണ് അവർ പന്ത് തട്ടിയത്. സമ്പൂർണ നിയന്ത്രണം. രണ്ടാംപകുതിയിൽ ക്രൊയേഷ്യയുടെ തിരിച്ചുവരവിൽ തളർന്നുപോയി. പന്ത് നിയന്ത്രണം നഷ്ടമാകുമ്പോൾ ഇംഗ്ലീഷ്നിര ഒന്നടങ്കം മരവിക്കും. ക്രൊയേഷ്യയുമായുള്ള സെമിയിൽ സംഭവിച്ചത് അതാണ്. തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ഷൂട്ടൗട്ട്വരെ കളിച്ച ക്രൊയേഷ്യയുടെ തളർച്ച മുതലാക്കാനായില്ല. രണ്ടാംപകുതിയിൽ ഇംഗ്ലണ്ടിന്റെ പ്രതിരോധ വരയിൽനിന്ന് ലൂക്കാ മോഡ്രിച്ച് പന്തെടുക്കുകയും ഒഴിഞ്ഞ ഇടങ്ങളിലേക്ക് പായിക്കുകയും ചെയ്തു.

ഇംഗ്ലണ്ടിനൊരു മോഡ്രിച്ചുണ്ടായില്ല. കരുത്തരായ എതിരാളികൾക്കെതിരെ കളിക്കുമ്പോൾ എങ്ങനെ നിയന്ത്രണം നേടാമെന്ന് ഇംഗ്ലീഷുകാർ പഠിച്ചില്ല.
പരിചയസമ്പന്നനായ ജോർദാൻ ഹെൻഡേഴ്സനാണ് ഈ ലോകകപ്പിൽ ഇംഗ്ലണ്ടിനെ ചലനാത്മകമാക്കിയത്. പക്ഷേ, ഒരേസമയത്ത് രണ്ട് ജോലി ചെയ്യേണ്ട അവസ്ഥയായിരുന്നു ഈ മധ്യനിരക്കാരന്. പലപ്പോഴും എതിർമുന്നേറ്റങ്ങളുടെ മുനയൊടിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ കളി മെനയാനുള്ള സമയം ഹെൻഡേഴ്സണ് കിട്ടാറില്ല. ഹെൻഡേഴ്സണെ സഹായിക്കാൻ ആളുണ്ടായില്ല. ആസൂത്രകനെയാണ് ഇനി ഇംഗ്ലണ്ടിന് ആവശ്യം. യുവതാരം ഫിൽ േഫാദെൻ ആ കുറവ് നികത്തുമെന്നാണ് പ്രതീക്ഷ. 2020ലെ യൂറോ കപ്പ് ഇംഗ്ലണ്ടിന് തെളിയാനുള്ള വേദിയാണ്.
 

പ്രധാന വാർത്തകൾ
 Top