30 May Saturday

മാനം തെളിയുമോ?

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

ഇന്ത്യൻ ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി പരിശീലനത്തിനിടെ

നോട്ടിങ‌്ഹാം
ശിഖർ ധവാന്റെ അപ്രതീക്ഷിത പരിക്കിൽ തളർന്ന ഇന്ത്യക്ക‌് ഇന്ന‌് ന്യൂസിലൻഡിന്റെ വെല്ലുവിളി. നോട്ടിങ‌്ഹാമിലാണ‌് കളി. രണ്ട‌ു ദിവസമായി മഴ തകർത്തുപെയ്യുന്ന നോട്ടിങ‌്ഹാമിൽ ഇന്നും സ്ഥിതി വ്യത്യസ‌്തമായിരിക്കില്ലെന്ന‌ാണ‌് സൂചനകൾ. ഉച്ചവരെ മഴയുണ്ടാകുമെന്ന‌ാണ‌് കാലാവസ്ഥാ വിലയിരുത്തൽ. ഇന്ത്യൻ ടീമിന‌് ബുധനാഴ‌്ച ഉച്ചയ‌്ക്ക‌് മാത്രമാണ‌് പരിശീലനത്തിന‌് ഇറങ്ങാൻ കഴിഞ്ഞത‌്.

ആദ്യ രണ്ട‌് കളി ജയിച്ചുനിൽക്കുന്ന ഇന്ത്യക്ക‌് കിവികളെയും കീഴടക്കിയാൽ ഒന്നാംപടിയിലെത്താം. ആദ്യ മൂന്ന‌ു കളിയും ജയിച്ചാണ‌് ന്യൂസിലൻഡ‌് എത്തുന്നത‌്. വലിയ എതിരാളികളായിരുന്നില്ല ന്യൂസിലൻഡിന‌്. ശ്രീലങ്ക, ബംഗ്ലാദേശ‌്, അഫ‌്ഗാനിസ്ഥാൻ ടീമുകളുമായാണ‌് കളിച്ചത‌്.

ധവാന്റെ പരിക്ക‌് ഇന്ത്യൻ ടീമിന‌് ക്ഷീണമുണ്ടാക്കിയിട്ടുണ്ട‌്. ഇതുവരെയുള്ള പദ്ധതികൾ മാറ്റേണ്ടിവരും. ഓപ്പണിങ‌് സഖ്യം മാറും. നാലാം നമ്പറിലേക്ക‌് മറ്റൊരാളെ പരീക്ഷിക്കേണ്ടിവരും. ലോകകപ്പിന്റെ ആദ്യഘട്ടംതന്നെ ക്യാപ‌്റ്റൻ വിരാട‌് കോഹ‌്‌ലിക്കും പരിശീലകൻ രവിശാസ‌്ത്രിക്കും പരീക്ഷണ സമയമാണ‌്. ദക്ഷിണാഫ്രിക്ക, ഓസീസ‌് ടീമുകളെ ഒന്നാന്തരം പ്രകടനംകൊണ്ടാണ‌് ഇന്ത്യ വീഴ‌്ത്തിയത‌്. ഇരു മത്സരങ്ങളിലും ഓപ്പണിങ‌് ജോടിയുടെ പ്രകടനം നിർണായകമായിരുന്നു. ആദ്യ കളിയിൽ രോഹിത‌് ശർമയും രണ്ടാമത്തെ മത്സരത്തിൽ ധവാനും മിന്നി. ഇന്ന‌് ഓപ്പണിങ‌് സഖ്യം മാറുമ്പോൾ തുടക്കത്തെ ബാധിക്കുമോയെന്ന ആശങ്കയുണ്ട‌്.

രോഹിതിനൊപ്പം ലോകേഷ‌് രാഹുൽ ഇന്നിങ‌്സ‌് ആരംഭിക്കും. നാലാം നമ്പറായിരുന്നു രാഹുലിന്റെ സ്ഥാനം. ഈ സ്ഥാനത്തേക്ക‌് ദിനേശ‌് കാർത്തിക‌്, വിജയ‌് ശങ്കർ എന്നിവരിലൊരാൾ പരിഗണിക്കപ്പെടും. ഓൾ റൗണ്ടറെന്ന മികവ‌് വിജയ‌് ശങ്കറിന‌് ഗുണം ചെയ‌്തേക്കും. പരിചയസമ്പത്താണ‌് പരിഗണിക്കുന്നതെങ്കിൽ കാർത്തിക‌് കളിക്കും. മറ്റൊരു ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും പരിഗണനാ പട്ടികയിലുണ്ട‌്. വിജയ‌് ശങ്കറും കാർത്തിക്കും ഒരുമിച്ച‌് ഇടംനേടിയാൽ കേദാർ ജാദവിന‌് സ്ഥാനം നഷ്ടമാകും. സാഹചര്യം നോക്കിയായിരിക്കും തീരുമാനം.

ബൗളിങ‌് നിരയിലും മാറ്റത്തിന‌് സാധ്യതയുണ്ട‌്. പേസർ മുഹമ്മദ‌് ഷമി ഇറങ്ങിയേക്കും. സ‌്പിന്നർമാരിലൊരാൾ പുറത്തിരിക്കും. സന്നാഹ മത്സരത്തിൽ ഇന്ത്യൻ ബാറ്റിങ‌് നിരയെ ന്യൂസിലൻഡ‌് ബൗളർമാർ നിലംപരിശാക്കിയിരുന്നു. വലംകൈയൻ ബാറ്റ‌്സ‌്മാൻമാർക്കെതിരെ മികച്ച റെക്കേ‌ാഡുള്ള പേസർ ട്രെന്റ‌് ബോൾട്ടിനെയാണ‌് രോഹിതിനും രാഹുലിനും നേരിടാനുള്ളത‌്. ബോൾട്ടിന‌് കഴിഞ്ഞ മത്സരങ്ങളിൽ സ്വിങ‌് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ലോക്കി ഫെർഗൂസൻ, ജിമ്മി നീഷം എന്നിവരും വെല്ലുവിളി ഉയർത്തും. ബാറ്റ‌്സ‌്മാൻമാരിൽ ക്യാപ‌്റ്റൻ കെയ‌്ൻ വില്യംസണും റോസ‌് ടെയ‌്‌ലറുമാണ‌് പ്രധാനികൾ.

ടീം: ഇന്ത്യ–- രോഹിത‌് ശർമ, ലോകേഷ‌് രാഹുൽ, വിരാട‌് കോഹ‌്‌ലി, ദിനേശ‌് കാർത്തിക‌്/വിജയ‌് ശങ്കർ, മഹേന്ദ്രസിങ‌് ധോണി, കേദാർ ജാദവ‌്, ഹാർദിക‌് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, കുൽദീപ‌് യാദവ‌്/മുഹമ്മദ‌് ഷമി, യുശ‌്‌വേന്ദ്ര ചഹാൽ, ജസ‌്പ്രീത‌് ബുമ്ര. ന്യൂസിലൻഡ‌്–- മാർട്ടിൻ ഗുപ്‌റ്റിൽ, കോളിൻ മൺറോ, കെയ‌്ൻ വില്യംസൺ, റോസ‌് ടെയ‌്‌ലർ, ടോം ലാതം, ജിമ്മി നീഷം, കോളിൻ ഡി ഗ്രാൻഡ‌്ഹോം, മിച്ചെൽ സ‌ാന്റ‌്നെർ, മാറ്റ‌് ഹെൻറി, ട്രെന്റ‌് ബോൾട്ട‌്, ലോക്കി ഫെർഗൂസൻ.


പ്രധാന വാർത്തകൾ
 Top