17 June Monday

‘ഓപ്പറേഷൻ ഒളിമ്പിയ’ നവീകരിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019


മലപ്പുറം
കേരളത്തിലെ കായികതാരങ്ങളെ ഒളിമ്പിക‌്സ‌് മെഡൽ എന്ന  ലക്ഷ്യത്തിലെത്തിക്കാൻ തുടക്കംകുറിച്ച ‘ഓപ്പറേഷൻ ഒളിമ്പിയ’പദ്ധതി നവീകരിക്കാൻ സംസ്ഥാന സ‌്പോർട‌്സ‌് കൗൺസിൽ. പദ്ധതിയുടെ ഭാഗമായി പരിശീലനം തുടങ്ങിയ എട്ട‌് കായിക ഇനങ്ങളിലെ താരങ്ങളുടെ നിലവാരം പരിശോധിക്കും. ഇതിനായി വിദഗ‌്ധരുൾപ്പെട്ട പ്രത്യേകസമിതിയെ നിയോഗിക്കുമെന്ന‌് സ‌്പോർട‌്സ‌് കൗൺസിൽ സംസ്ഥാന പ്രസിഡന്റ‌്  മേഴ‌്സി കുട്ടൻ പറഞ്ഞു. ഏഷ്യൻതലത്തിലെങ്കിലും മെഡൽ കിട്ടാൻ സാധ്യതയുള്ളവ നിലനിർത്തി ബാക്കി ഇനങ്ങൾ ഒഴിവാക്കാനാണ‌് ആലോചന. ഇതുമായി ബന്ധപ്പെട്ട‌് നിയോഗിക്കുന്ന വിദഗ‌്ധസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടി. 

ചെറുപ്രായത്തിൽ മികച്ച താരങ്ങളെ കണ്ടെത്തി വിദേശ പരിശീലനമുൾപ്പെടെ ലഭ്യമാക്കി രാജ്യാന്തര മത്സരങ്ങൾക്ക‌് സജ്ജമാക്കുകയാണ് ഓപ്പറേഷൻ ഒളിമ്പിയയിലൂടെ ലക്ഷ്യമിടുന്നത‌്. അത‌്‌ലറ്റിക‌്സ‌്, ബോക‌്സിങ‌്, സൈക്ലിങ‌്, നീന്തൽ, ഷൂട്ടിങ‌്, ഗുസ‌്തി, ബാഡ‌്മിന്റൺ, കനോയിങ‌് കയാക്കിങ‌്, ഫെൻസിങ‌്, തുഴച്ചിൽ, അമ്പെയ‌്ത്ത‌് എന്നിവയാണ‌് ഓപ്പറേഷൻ ഒളിമ്പിയയിൽ നടപ്പാക്കാൻ തീരുമാനിച്ചിരുന്നത‌്. ബോക‌്സിങ‌്, സൈക്ലിങ‌്, നീന്തൽ, ഗുസ‌്തി, കനോയിങ‌് കയാക്കിങ‌്, ബാഡ‌്മിന്റൺ, ഫെൻസിങ‌്, തുഴച്ചിൽ എന്നിവയിലാണ‌് പരിശീലനം ആരംഭിച്ചത‌്. ഈ ഇനങ്ങളിൽ പരിശീലനം നടത്തുന്ന താരങ്ങളുടെ നിലവാരമാണ‌് പരിശോധിക്കുക.

ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ‌്കരിച്ച ‘കായിക ക്ഷമതാമിഷൻ’  ഈ അധ്യയനവർഷം നടപ്പാക്കുമെന്ന‌് മേഴ‌്സി കുട്ടൻ പറഞ്ഞു. ഇതിനായി സംസ്ഥാന സ‌്പോർട‌്സ‌് കൗൺസിൽ വിശദമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട‌്. തദ്ദേശഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെ സ‌്കൂളുകൾവഴിയാണ‌് ആരോഗ്യക്ഷമത പദ്ധതി നടപ്പാക്കുക. കായികരംഗം ശക്തിപ്പെടുത്താനുള്ള നൂതന പദ്ധതികൾ ഉടൻ ആവിഷ‌്കരിച്ച‌് നടപ്പാക്കാനാണ‌്  പുതിയ ഭരണസമിതിയുടെ ആദ്യ സ‌്റ്റാൻഡിങ‌് കൗൺസിൽ യോഗം തീരുമാനിച്ചത‌്. കൂടുതൽ കായികതാരങ്ങൾക്ക‌് ജോലി ലഭ്യമാക്കുന്നത‌് ഉൾപ്പെടെയുള്ള കാര്യങ്ങളും ആലോചനയിലുണ്ട‌്.


പ്രധാന വാർത്തകൾ
 Top