18 June Tuesday

സമ്പന്നരിൽ മുമ്പൻ മെസി

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019


വാഷിങ്‌ടൺ
കായികതാരങ്ങളിലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ട്‌ ഫോബ്‌സ്‌ മാസിക. അർജന്റീന ഫുട്‌ബോൾ ക്യാപ്‌റ്റൻ ലയണൽ മെസിയാണ്‌ ലോകത്തിലെ ഏറ്റവും സമ്പന്നനായ കളിക്കാരൻ. 880 കോടി രൂപയാണ്‌ മെസിക്ക്‌ പരസ്യം വഴിയും ബാഴ്‌സലോണയ്‌ക്കായി കളിച്ചതിനുമായി പ്രതിഫലം ലഭിച്ചത്‌. 2018 ജൂണിനും 2019 ജൂണിനും ഇടയിലുള്ള കണക്കാണ്‌ പുറത്തുവിട്ടിരിക്കുന്നത്‌.

എഴുന്നൂറ്റമ്പത്താറു കോടി സമ്പാദിച്ച പോർച്ചുഗീസിന്റെ യുവന്റസ്‌ മുന്നേറ്റക്കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്‌ രണ്ടാമത്‌. പരിക്കുമൂലം കളത്തിൽനിന്ന്‌ പിൻവലിയേണ്ടിവന്നതൊന്നും ബ്രസീൽ ഫുട്‌ബോളർ നെയ്‌മറിന്റെ വരുമാനത്തെ ബാധിച്ചിട്ടില്ല. വിവിധ ഇനങ്ങളിലായി 728 കോടിയോളമാണ്‌ പോയവർഷം നെയ്‌മറിന്‌ പ്രതിഫലമായി ലഭിച്ചിരിക്കുന്നത്‌. പട്ടികയിൽ മൂന്നാമനാണ്‌ ബ്രസീലുകാരൻ. ടെന്നീസ്‌ താരം റോജർ ഫെഡറർ അഞ്ചാമതും അമേരിക്കൻ പ്രൊഫഷണൽ ബാസ്‌കറ്റ്‌ബോൾ കളിക്കാരനായ ലെബ്രോൺ ജെയിംസ്‌ എട്ടാമതുമാണ്‌. കഴിഞ്ഞവർഷം പട്ടികയിൽ ഒന്നാമതായിരുന്ന ബോക്‌സർ ഫ്ലോയിഡ്‌ മെയ്‌വെതർ പട്ടികയിലില്ല.

പട്ടികയിൽ ആദ്യ നൂറിലുള്ള ഏക വനിത അമേരിക്കൻ ടെന്നീസ്‌ താരം സെറീന വില്യംസാണ്‌. ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലിയാണ്‌ പട്ടികയിൽ ഇടംനേടിയ ഏക ഇന്ത്യൻ കായികതാരം. നൂറാം സ്ഥാനത്തുള്ള കോഹ്‌ലിയുടെ വരുമാനം 173 കോടിയാണ്‌.


പ്രധാന വാർത്തകൾ
 Top