17 June Monday

ടോം ജോസഫിന്റെ വോളി അക്കാദമി വരുന്നു

ജിജോ ജോർജ‌്Updated: Thursday Jun 13, 2019



മലപ്പുറം
വോളിബോൾ കോർട്ടിൽ ഇടിമുഴക്കംതീർത്ത മുൻ ഇന്ത്യൻ നായകൻ ടോം ജോസഫിന്റെ നേതൃത്വത്തിൽ വോളി അക്കാദമികൾ വരുന്നു. രാജ്യാന്തര വോളിബോൾ ഫെഡറേഷന്റെ ലെവൽ വൺ പരിശീലകനായതോടെയാണ‌് ടോം പരിശീലക കുപ്പായം അണിയുന്നത‌്. അടുത്ത സീസണിൽ അവധിക്കാല പരിശീലന ക്യാമ്പോടെയാകും അക്കാദമികൾക്ക‌് തുടക്കംകുറിക്കുകയെന്ന‌് ടോം പറഞ്ഞു. ജന്മനാടായ തൊട്ടിൽപ്പാലത്തും നിലവിൽ താമസിക്കുന്ന എറണാകുളത്തും അക്കാദമികൾ സ്ഥാപിക്കും.

ടോമും സഹോദരനും ദേശീയതാരവുമായ റോയി ജോസഫും  കളിച്ചുതുടങ്ങിയ തൊട്ടിൽപ്പാലത്തെ ചാത്തൻകോട്ട‌് നട സ‌്കൂളിൽ ആദ്യം അക്കാദമി തുടങ്ങാനാണ‌് ആലോചന. മൂന്നുവർഷം മുമ്പ‌ുതന്നെ ഇത്തരം ചില ചർച്ചകൾ ഉണ്ടായെങ്കിലും നടന്നില്ല. എന്നാൽ, പരിശീലക സർട്ടിഫിക്കറ്റ‌്  ലഭിച്ചതോടെയാണ‌് പരിശീലനരംഗത്ത‌് സജീവമാകാൻ തീരുമാനിച്ചത‌്. മലയോര മേഖലയിൽനിന്നും കൂടുതൽ കുട്ടികളെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ‌് ആദ്യ അക്കാദമി ജന്മനാട്ടിൽ തുടങ്ങാൻ പദ്ധതി തയ്യാറാക്കുന്നത‌്. സംസ്ഥാനതലത്തിൽ സെലക‌്ഷൻ നടത്തിയാവും അക്കാദമിയിലേക്ക‌് കുട്ടികളെ കണ്ടെത്തുക.

ബിപിസിഎൽ ടീമിനായി ഇപ്പോഴും കളിക്കുന്ന ടോം പരിശീലകനായും കളിക്കളത്തിൽ തുടരാനാണ‌് ആഗ്രഹിക്കുന്നത‌്. ചെന്നൈയിൽനിന്നും ക്യാമ്പിലാണ‌്  മേയിൽ ലെവൽ വൺ പരിശീലക സർട്ടിഫിക്കറ്റ‌് ലഭിച്ചത‌്. അതുകഴിഞ്ഞ‌് തിരിച്ച് കൊച്ചിയിലെത്തിയശേഷം ഏതാനും ദിവസം എറണാകുളം കടവന്ത്ര ഇൻഡോർ സ‌്റ്റേഡിയത്തിലെ അവധിക്കാല ക്യാമ്പിലെത്തി പരിശീലനം നൽകി.

തൊട്ടിൽപ്പാലം വോളി അക്കാദമിയിലൂടെ 1994ൽ കളിച്ചുതുടങ്ങിയ ടോം കഴിഞ്ഞ 25 വർഷമായി വോളിബോൾ കോർട്ടിൽ നിറഞ്ഞുനിൽക്കുകയാണ‌്. 2014ൽ അർജുന അവാർഡ‌് നൽകി ടോമിനെ രാജ്യം ആദരിച്ചു. 39–-ാം വയസ്സിൽ എത്തിനിൽക്കുമ്പോഴും കളി നിർത്താൻ മനസ്സുവരാത്ത ഈ പ്രതിഭ ഇനി കൂടുതൽ തിളങ്ങുക പരിശീലക കുപ്പായത്തിലാകും.


പ്രധാന വാർത്തകൾ
 Top