25 July Sunday

ഒടുവിൽ കളിക്കാരിലേക്കും

വെബ് ഡെസ്‌ക്‌Updated: Friday Mar 13, 2020


മെൽബൺ
ഒടുവിൽ വൈറസ്‌ കളിക്കാരിലേക്കും ടീമുകളിലേക്കും പടരുന്നു. കാണികളെ ഒഴിവാക്കി അടച്ചിട്ട സ്‌റ്റേഡിയത്തിൽ നടത്തിയ കളികൾ ഇനി തുടരാൻ പറ്റാത്ത അവസ്ഥ. സ്‌പാനിഷ്‌ ലീഗ്‌ ഫുട്‌ബോൾ ലീഗ്‌ രണ്ടാഴ്‌ചത്തേക്ക്‌ നിർത്തി. അമേരിക്കൻ പ്രൊഫഷണൽ ബാസ്‌കറ്റ്‌ബോൾ ലീഗായ എൻബിഎയും അവസാനിപ്പിച്ചു. ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരങ്ങൾ എന്നു തുടങ്ങാൻ പറ്റുമെന്നറിയില്ല. യൂറോപ്യൻ ലീഗുകളെല്ലാം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നേക്കും. ചാമ്പ്യൻസ്‌ ലീഗും യൂറോപ ലീഗും പ്രതിസന്ധിയിലായി. 

ജർമൻ ഫുട്‌ബോൾ താരമായ ടിമോ ഹുബേഴ്‌സാണ്‌ രോഗം വന്ന ആദ്യ കളിക്കാരൻ. ഹാനോവർ 96 ക്ലബ്ബിന്റെ  പ്രതിരോധക്കാരനാണ്‌. തൊട്ടുപിന്നാലെ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസ്‌ താരത്തിന്‌ രോഗമുള്ളതായി ക്ലബ് അറിയിച്ചു. ഇറ്റലി ദേശീയ ടീമിലുള്ള ഡാനിയേൽ റുഗാനിക്കാണ്‌ വൈറസ്‌ ബാധയേറ്റത്‌. എല്ലാ ഇറ്റാലിയൻ ക്ലബ്ബുകളും കളിക്കാർക്ക്‌ സുരക്ഷാ മുന്നറിയിപ്പ്‌ നൽകി. 

ഓസ്‌ട്രേലിയൻ ഗ്രാൻപ്രി കാറോട്ട മത്സരം നീട്ടിവച്ചു.  പ്രമുഖ ടീമായ മക്‌ലാരൻ പിൻമാറിയിരുന്നു. ടീമിലെ ഒരംഗത്തിന്‌ പരിശോധനയിൽ അസുഖമുണ്ടെന്ന്‌ തെളിഞ്ഞു. ഇന്ത്യയിൽ ക്രിക്കറ്റ്‌ മത്സരങ്ങൾ നിർത്താൻ ബിസിസിഐയിൽ കടുത്ത സമ്മർദമുണ്ട്‌. എന്നാൽ സാമ്പത്തിക താൽപ്പര്യങ്ങൾ കളി നിർത്താൻ തടസ്സമായി നിൽക്കുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട്‌ ഏകദിന മത്സരങ്ങൾ ബാക്കിയുണ്ട്‌. 15ന്‌ ലഖ്‌നൗവിലും 18ന്‌ കൊൽക്കത്തയിലുമാണ്‌ കളി. ടിക്കറ്റുകൾ വിറ്റുപോയിട്ടില്ല. 29ന്‌ തുടങ്ങുന്ന ഐപിഎൽ സംഘാടനത്തിന്‌ തയ്യാറല്ലെന്ന്‌ ചില സംസ്ഥാനങ്ങൾ അറിയിച്ചുകഴിഞ്ഞു. വിദേശ കളിക്കാരുടെ വരവിന്‌ വിസയും പ്രശ്‌നമാകും. നാളെ ചേരുന്ന യോഗത്തിൽ ഐപിഎൽ മാറ്റാനാണ്‌ സാധ്യത. 

ഐ ലീഗിൽ മോഹൻ ബഗാൻ ജേതാക്കളായ സ്ഥിതിക്ക്‌ ബാക്കി മത്സരങ്ങൾ ഉപേക്ഷിച്ചേക്കും. അല്ലെങ്കിൽ അടച്ചിട്ട സ്‌റ്റേഡിയത്തിലാകും കളി. 24 കളികൾ ബാക്കിയുണ്ട്‌. അതിൽ മോഹൻബഗാനും ഈസ്‌റ്റ്‌ബംഗാളും തമ്മിൽ കൊൽക്കത്ത സാൾട്ട്‌ലേക് സ്‌റ്റേഡിയത്തിൽ നടക്കുന്ന കളി ആരാധകർ നിറയുന്നതാണ്‌. ഐഎസ്‌എൽ ഫൈനൽ അടച്ചിട്ട സ്‌റ്റേഡിയത്തിലാക്കി.

യുവന്റസ്‌ താരത്തിന്‌ കോവിഡ്‌‐19; റൊണാൾഡോ വീട്ടിൽ
ഇറ്റലിയിൽ ഫുട്‌ബോൾ കളിക്കാരനും കോവിഡ്‌–-19. യുവന്റസ്‌ പ്രതിരോധക്കാരൻ ഡാനിയേൽ റുഗാനിക്കാണ്‌ വൈറസ്‌ ബാധ സ്ഥിരീകരിച്ചത്‌. ഇതോടെ യുവന്റസ്‌ കളിക്കാർ നിരീക്ഷണത്തിലായി. ഇന്റർ മിലാനെതിരായ മത്സരത്തിൽ പകരക്കാരുടെ നിരയിലായിരുന്നു റുഗാനി. കളത്തിൽ ഇറങ്ങിയില്ല. ഇത്‌ രോഗം പരക്കുന്നതിന്റെ വ്യാപ്‌തി കുറയ്‌ക്കും. യുവന്റസുകാർക്ക്‌ പുറമേ ഇരുപത്തിയഞ്ചുകാരനുമായി ഇടപഴകിയ ഇന്റർ കളിക്കാരും നിരീക്ഷണത്തിലാകും.


 

സൂപ്പർതാരം ക്രിസ്റ്റ്യനോ റൊണാൾഡോ പോർച്ചുഗലിലാണ്‌. അസുഖബാധിതയായ അമ്മയെ കാണാൻ പോയ മുന്നേറ്റക്കാരൻ തിരിച്ചുവന്നിട്ടില്ല. ഇന്ററിനെതിരായ വിജയാഘോഷത്തിൽ റുഗാനിക്കൊപ്പം റൊണാൾഡോ ഉണ്ടായിരുന്നു. വീട്ടിലുള്ള റൊണാൾഡോ ജാഗ്രതയിലാണ്‌. ഇറ്റലിയിൽ ഏപ്രിൽ മൂന്നുവരെ ഫുട്‌ബോൾ മത്സരങ്ങൾ റദ്ദാക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top