Deshabhimani

ചെസ് ലോകചാമ്പ്യനായി ഗുകേഷ് ; വിശ്വകിരീടം നേടുന്ന ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരൻ

വെബ് ഡെസ്ക്

Published on Dec 13, 2024, 12:00 AM | 0 min read

സിംഗപ്പുർ
വിജയത്തേരിൽ ഇതാ ഒരു പതിനെട്ടുകാരൻ. ചതുരംഗക്കളത്തിൽ ഇന്ത്യയുടെ അഭിമാനമായി ഗുകേഷ്‌. പുതിയ ലോക ചെസ്‌ ചാമ്പ്യൻ. വിശ്വകിരീടം നേടുന്ന ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനെന്ന ബഹുമതിയും സ്വന്തമാക്കി. പ്രായം 18 വർഷവും എട്ട്‌ മാസവും 14 ദിവസവും. നിലവിലെ ചാമ്പ്യൻ ചൈനയുടെ ഗ്രാൻഡ്‌മാസ്റ്റർ ഡിങ് ലിറെനെ അവസാനമത്സരത്തിൽ കീഴടക്കി. 14 ഗെയിമിൽ മൂന്ന്‌ ജയമടക്കം ഏഴര പോയിന്റ്‌ നേടി. ഡിങ്ങിന്‌ ആറര പോയിന്റ്‌.

അഞ്ചുതവണ ലോക ചാമ്പ്യനായ വിശ്വനാഥൻ ആനന്ദിനുശേഷം ലോക കിരീടം നേടുന്ന ഇന്ത്യക്കാരനാണ്‌.  ചെസ്സിൽ കുറച്ചുകാലമായി ഇന്ത്യൻ യുവനിര തുടരുന്ന ആധിപത്യത്തിന്റെ തുടർച്ചയായാണ്‌ ഈ നേട്ടം വിലയിരുത്തപ്പെടുന്നത്‌. ചാമ്പ്യൻഷിപ്പിലുടനീളം പ്രതിരോധക്കോട്ട കെട്ടിയ ഡിങ്ങിന്‌ നിർണായക കളിയിൽ പറ്റിയ പിഴവിൽനിന്നാണ്‌ ചെന്നൈ സ്വദേശി ദൊമ്മരാജു ഗുകേഷ്‌ വിജയം പിടിച്ചത്‌. 

ആദ്യ ഗെയിം ഡിങ് ജയിച്ചിരുന്നു. രണ്ടാംഗെയിം സമനില. മൂന്നാംഗെയിം ജയിച്ച്‌ ഗുകേഷ്‌ ഒപ്പം. തുടർന്ന്‌ ഏഴ്‌  സമനിലകൾ. പതിനൊന്നാം ഗെയിം ജയിച്ച്‌ ഗുകേഷ്‌ ലീഡ്‌ നേടി. എന്നാൽ, പന്ത്രണ്ടാംഗെയിമിൽ ഡിങ്ങിന്റെ പ്രതികാരം.  പതിമൂന്നാംഗെയിം സമനില. ക്ലാസിക്കൽ മത്സരക്രമത്തിലുള്ള ചാമ്പ്യൻഷിപ്പിലെ പതിനാലാം ഗെയിംകൂടി സമനിലയായാൽ വിജയിയെ നിശ്ചയിക്കാൻ ടൈബ്രേക്ക്‌ വേണ്ടിവരുമായിരുന്നു. എന്നാൽ, പതിനാലാം ഗെയിം 58 നീക്കത്തിൽ ജയിച്ച്‌ ഇന്ത്യൻ ഗ്രാൻഡ്‌മാസ്റ്റർ പരമോന്നതവിജയം കരസ്ഥമാക്കി.

ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചാമ്പ്യനെന്ന ബഹുമതി ഇതിഹാസ താരം ഗാരി കാസ്‌പറോവിന്റെ പേരിലായിരുന്നു. 1985ൽ അദ്ദേഹം ജേതാവാകുമ്പോൾ പ്രായം 22 വർഷവും ആറ്‌ മാസവും 27 ദിവസവും. ഈ റെക്കോഡാണ്‌ മറികടന്നത്‌. ലോക ചാമ്പ്യനെ നേരിടാനുള്ള കാൻഡിഡേറ്റ്‌സ്‌ ടൂർണമെന്റ്‌ ജയിച്ച പ്രായംകുറഞ്ഞ കളിക്കാരനും ഗുകേഷായിരുന്നു.



deshabhimani section

Related News

0 comments
Sort by

Home