17 January Friday

സിക്‌സറുകൾക്ക്‌ മറുപടി സിക്‌സറുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2019

മുംബൈ
സിക്‌സറുകൾക്ക്‌ മറുപടി സിക്‌സറുകളാണ്‌. വാംഖഡെയിൽ ആ മറുപടി ഇന്ത്യ വെസ്‌റ്റിൻഡീസിന്‌ നൽകി. 16 എണ്ണം. 67 റൺ ജയത്തോടെ മൂന്ന്‌ മത്സര പരമ്പര 2–-1ന്‌  സ്വന്തമാക്കുകയും ചെയ്‌തു.

മുംബൈയിലെ മൂന്നാം ട്വന്റി–-20യിൽ ടോസ്‌ നഷ്ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ അടിച്ചുകൂട്ടിയത്‌ 3–-240. ലോകേഷ്‌ രാഹുൽ (56 പന്തിൽ 91), രോഹിത്‌ ശർമ (34 പന്തിൽ 71), ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി (29 പന്തിൽ 70*) എന്നിവർ ചേർന്ന്‌ വിൻഡീസ്‌ ബൗളർമാരെ തല്ലിച്ചതച്ചു. കോഹ്‌ലി ഏഴ്‌ സിക്‌സർ പായിച്ചു. രോഹിത്‌–-5, രാഹുൽ –-4. വിൻഡീസ് ബാറ്റ്‌സ്‌മാൻമാർക്ക്‌ മാത്രമല്ല സിക്‌സറിൽ ഹരം. കോഹ്‌ലിക്കും കൂട്ടർക്കും അതുണ്ടായി. 2016 ട്വന്റി–-20 ലോകകപ്പ്‌ സെമി തോൽവിയുടെ നീറ്റലും വാംഖഡെയിൽ ഈ ജയത്തോടെ മാഞ്ഞു. വിൻഡീസ്‌ നിരയിൽ ക്യാപ്‌റ്റൻ കീറൺ പൊള്ളാർഡ്‌ മറുപടി സിക്‌സറുകൾ പറത്തി–- ആറെണ്ണം. 39 പന്തിൽ 68 റണ്ണായിരുന്നു പൊള്ളാർഡിന്റെ സമ്പാദ്യം. പക്ഷേ, പോരാട്ടത്തിന്‌ ഇന്ത്യയുടെ റൺമല കീഴടക്കാനായില്ല. വിൻഡീസ്‌ -173ൽ അവസാനിച്ചു. സ്‌കോർ: ഇന്ത്യ 3–-240; വെസ്‌റ്റിൻഡീസ്‌ 8–-173.
സ്വന്തം കാണികൾക്ക്‌ മുന്നിൽ രോഹിതാണ്‌ തുടങ്ങിയത്‌. മൂന്നാം ഓവറിൽ ഷെൽഡൺ കോട്രെലിനെ ശിക്ഷിച്ചത്‌ 16 റണ്ണിന്‌. ആക്രമണം രാഹുലും കൂടി ഏറ്റെടുത്തു.

റണ്ണൊഴുകി. അഞ്ചാം ഓവറിൽ 50 കടന്നു. ആറോവറിൽ 0–-72. പത്തോവറിൽ 0–-116.  ഇതിനിടെ 23 പന്തിൽ രോഹിത്‌ അരസെഞ്ചുറി പൂർത്തിയാക്കി. രാഹുൽ 29 പന്തിലും.  12–-ാമത്തെ ഓവറിൽ കെസ്രിക്ക്‌ വില്യംസാണ്‌ ഈ സഖ്യത്തെ വേർപിരിച്ചത്‌. രോഹിതിനെ ഹെയ്‌ഡൻ വാൽഷ്‌ ജൂനിയറിന്റെ കൈകളിലെത്തിച്ചു. അപ്പോഴേക്കും ആദ്യ വിക്കറ്റിൽ 135 റൺ പിറന്നിരുന്നു. മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടിയ ഋഷഭ്‌ പന്തിന്‌ രണ്ട്‌ പന്തിന്റെ ആയുസ്‌ മാത്രം. റണ്ണെടുക്കുംമുമ്പ്‌ പന്ത്‌ കൂടാരത്തിൽ തിരിച്ചെത്തി.

രാഹുൽ–-കോഹ്‌ലി സഖ്യം പിന്നെ വാംഖഡെ ഭരിച്ചു. തലങ്ങും വിലങ്ങും സിക്‌സറുകൾ പാഞ്ഞു. വിൻഡീസ്‌ ക്യാപ്‌റ്റൻ കീറൺ പൊള്ളാർഡിന്‌ മറുമരുന്നൊന്നുമുണ്ടായില്ല. രാഹുൽ സെഞ്ചുറിക്ക്‌ ഒമ്പത്‌ റണ്ണകലെ വീണെങ്കിലും കോഹ്‌ലി സിക്‌സർ പായിച്ചാണ്‌ ഇന്ത്യൻ ഇന്നിങ്‌സ്‌ അവസാനിപ്പിച്ചത്‌. 21 പന്തിലായിരുന്നു കോഹ്‌ലിയുടെ അരസെഞ്ചുറി.

മറുപടിക്കെത്തിയ വിൻഡീസിന്‌ പിടിച്ചുനിൽക്കാനായില്ല. പേസർമാരും ഫീൽഡർമാരും മിന്നിയപ്പോൾ വിൻഡീസ്‌ 3–-17 എന്ന നിലയിലായി. എവിൻ ലൂയിസിന്‌ പരിക്കേറ്റതും വിൻഡീസിനെ ബാധിച്ചു. ഷിംറോൺ ഹെറ്റ്‌മെയറും (24 പന്തിൽ 41) ക്യാപ്‌റ്റൻ പൊള്ളാർഡും ചേർന്നാണ് വിൻഡീസിന്റെ തോൽവിഭാരം കുറച്ചത്‌.  ഇന്ത്യക്കുവേണ്ടി പേസർമാരായ ഭുവനേശ്വർ കുമാറും മുഹമ്മദ്‌ ഷമിയും ദീപക്‌ ചഹാറും രണ്ടുവീതം വിക്കറ്റെടുത്തു. സ്‌പിന്നർ കുൽദീപ്‌ യാദവും രണ്ട്‌ വിക്കറ്റ്‌ നേടി.
മൂന്ന്‌ മത്സര ഏകദിന പരമ്പരയ്‌ക്ക്‌ ഞായറാഴ്‌ച തുടക്കമാകും.


പ്രധാന വാർത്തകൾ
 Top