19 March Tuesday

പൂജാര എന്ന പാഠം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 12, 2018


അഡ‌്‌ലെയ‌്ഡ‌്
‌അഡ‌്‌ലെയ‌്ഡിലെ മിന്നുന്ന പ്രകടനത്തിനുശേഷം ചേതേശ്വർ പൂജാരയിലേക്കാണ‌് കണ്ണുകൾ. ഓസ‌്ട്രേലിയൻ മണ്ണിലെ ഇന്ത്യയുടെ പരമ്പരസ്വപ‌്നത്തിന‌് പൂജാര നിറംപകരുന്നു. ക്ഷമയും സാങ്കേതികത്തികവും കൊണ്ട‌് അഡ‌്‌ലെയ‌്ഡിലെ ബാറ്റിങ‌് ദുഷ‌്കരമായ പിച്ചിൽ പൂജാര നടത്തിയ അസാമാന്യ പ്രകടനം ഇന്ത്യൻ ടീമി‌ന‌്‌ ഉത്തേജകമായി. ബൗളർമാർക്കെതിരെ ആധിപത്യം നേടുകയും ആക്രമണാത്മകമായി കളിക്കുകയും ചെയ്യുന്ന ക്യാപ‌്റ്റൻ വിരാട‌് കോഹ‌്‌ലിപോലും പരാജയപ്പെട്ടിടത്താണ‌് വിവേകത്തോടെയുള്ള ബാറ്റിങ‌്‌രീതികൊണ്ട‌് പൂജാര തെളിഞ്ഞത‌്. അഴകും ആക്രമണവുമല്ല, ക്ഷമയും ജാഗ്രതയുമാണ‌് പൂജാരയുടെ ബാറ്റിങ‌്‌രീതി.

നല്ല തുടക്കമായിരുന്നില്ല ചേതേശ്വർ പൂജാരയ‌്ക്ക‌് ഈ വർഷം. ജനുവരിയിൽ ദക്ഷിണാഫ്രിക്കയുമായുള്ള ടെസ‌്റ്റ‌് പരമ്പരയിൽ ആകെ ഒരു അരസെഞ്ചുറി മാത്രമായിരുന്നു. മധ്യനിരയിൽ രാഹുൽ ദ്രാവിഡിന്റെ പകരക്കാരനെന്ന‌് പേരെടുത്ത പൂജാരയ‌്ക്ക‌് പെട്ടെന്നുതന്നെ ടീമിലെ സ്ഥാനംപോലും ഭീഷണിയായി. ഇന്ത്യൻ സംഘത്തിലെ ഏറ്റവും സാങ്കേതികത്തികവുള്ള ബാറ്റ‌്സ‌്മാനെന്ന പേരുള്ളപ്പോൾത്തന്നെയാണ‌് ഒന്നിനുപിറകെ ഒന്നായി പൂജാര  ബൗൾഡായി മടങ്ങിയത‌്. സാങ്കേതികവ‌് ചോദ്യംചെയ്യപ്പെട്ടു. 2018ലെ ഇംഗ്ലണ്ട‌് പര്യടനത്തിലെ ആദ്യ മത്സരത്തിൽ പൂജാരയ‌്ക്ക‌് സ്ഥാനം നഷ്ടമായി. പരമ്പരയിലെ രണ്ടാം മത്സരത്തിൽ അവസരം കിട്ടിയെങ്കിലും പരാജയപ്പെട്ടു.  എന്നാൽ, സതാംപ‌്ടണിലെ മൂന്നാം ടെസ‌്റ്റിൽ ഇന്ത്യ ജയിച്ചപ്പോൾ വിരാട‌് കോ‌ഹ‌്‌ലിക്കൊപ്പം നിർണായക പ്രകടനവുമായി പൂജാര തിരിച്ചെത്തി. പൂജാരയ‌്ക്കും ഇന്ത്യൻ ടീമിനും ഒരുപോലെ ആശ്വാസമായി ഈ പ്രകടനം.

നാലാം ടെസ‌്റ്റിൽ ബൗളർമാരെ അനുകൂലിച്ച‌ എഡ‌്ജ‌്ബാസ‌്റ്റണിലായിരുന്നു പൂജാരയുടെ മികവ‌് തെളിഞ്ഞത‌്. ആദ്യ ഇന്നിങ‌്സിൽ 132 റണ്ണുമായി പുറത്താകാതെനിന്ന പൂജാരയ‌്ക്ക‌് പക്ഷേ, തോൽവി ഒഴിവാക്കാനായില്ല. പക്ഷേ, ഇംഗ്ലണ്ടിലെ പ്രകടനം പൂജാരയുടെ ആത്മവിശ്വാസത്തിന‌് ഉൗർജം നൽകി.

അഡ‌്‌ലെയ‌്ഡിൽ ടീം തകർന്നുനിൽക്കുന്ന സമയത്തായിരുന്നു പൂജാരയുടെ ഇടപെടൽ. മുൻനിരയിൽ ആരും പിന്തുണച്ചില്ല. വാലറ്റവുമായി ചേർന്ന‌് ചെറിയ കൂട്ടുകെട്ടുകളിലൂടെ പൂജാര സ‌്കോർ ഉയർത്തി. പേസർമാർക്ക‌് മുന്നിൽ മതിൽകെട്ടിനിന്നും സ‌്പിന്നർ നതാൻ ല്യോണിനെ ക്രീസ‌്‌വിട്ട‌് തടഞ്ഞുമാണ‌് പൂജാര പ്രതിരോധം തീർത്തത‌്. പൂജാരയുടെ പ്രതിരോധമന്ത്രം ഏറ്റുചൊല്ലാൻ മറ്റുള്ളവർക്ക‌് കഴിഞ്ഞില്ല. രണ്ടാം ഇന്നിങ‌്സിലും ഈ സൗരാഷ‌്ട്രക്കാരൻ തന്നെയായിരുന്നു ടോപ‌് സ‌്കോറർ. അജിൻക്യ രഹാനെയുമായി ചേർന്ന‌് ടെസ‌്റ്റിന്റെ ഗതിതന്നെ നിർണയിച്ച കൂട്ടുകെട്ടുണ്ടാക്കി. ഓസീസ‌് പേസർമാർ ഫുൾ ലെങ‌്ത‌് പന്തുകൾ എറിഞ്ഞ‌് പൂജാരയെ പ്രലോഭിച്ചിച്ചുകൊണ്ടിരുന്നു. കോഹ‌്‌ലിയും രഹാനെയും ആ പ്രലോഭനത്തിൽ മയങ്ങിവീണപ്പോൾ പൂജാര ആ പന്തുകളെ ഗൗനിക്കാതെ വിട്ടുകളഞ്ഞു. അങ്ങനെ വിട്ടുകളഞ്ഞ പന്തുകൾകൊണ്ടാണ‌് ഈ മുപ്പത്തൊന്നുകാരൻ തന്റെ സെഞ്ചുറിയിലേക്കും ടീമിന്റെ വിജയത്തിലേക്കും അടിത്തറയിട്ടത‌്. വിദേശമണ്ണിൽ വിശ്വസിക്കാൻ കൊള്ളാത്ത ബാറ്റ‌്സ‌്മാനെന്ന ദുഷ‌്പേരിൽനിന്ന‌് പൂജാര മാറുകയാണ‌്. വിദേശമണ്ണിലെ പരാജയങ്ങൾക്കുശേഷം സാങ്കേതികക്കുറവുകൾ പരിഹരിക്കാനുള്ള പരിശ്രമത്തിലായിരുന്നു ഈ മൂന്നാംനമ്പർ ബാറ്റ‌്സ‌്മാൻ. അതിനുള്ള ഫലം പൂജാരയ‌്ക്ക‌് കിട്ടിയിരിക്കുന്നു, ഇന്ത്യൻ ടീമിനും.


പ്രധാന വാർത്തകൾ
 Top